
ജെൻ സി ജോലിക്ക് എത്തിത്തുടങ്ങിയതോടെ പല കമ്പനികളും ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ചില മാറ്റങ്ങളൊക്കെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അതിനോട് എങ്ങനെ പ്രതികരിക്കണം എന്നുപോലും പലർക്കും അറിയില്ല. എന്നാൽ, ഒരു തൊഴിലാളിയാണെങ്കിലും കൃത്യമായും തങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും ചോദിച്ചു വാങ്ങുന്ന കാര്യത്തിൽ ജെൻ സി പലപ്പോഴും സൂപ്പറാണ്. അതുപോലെ, ഇന്റർവ്യൂവിനിടയിൽ ഉച്ചകഴിഞ്ഞ് 30 മിനിറ്റ് ഉറങ്ങാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട ഒരു ജെൻ സി യുവാവിനെ കുറിച്ച് നോയിഡയിലെ ഒരു കമ്പനി സ്ഥാപകൻ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ ചർച്ചയാകുന്നത്. ഫൗണ്ടറായ നിതിൻ വർമ്മയാണ് ഈ വ്യത്യസ്തമായ അനുഭവം പങ്കുവെച്ചത്.
തമാശയായിട്ടോ ഭയന്നുകൊണ്ടോ അല്ല, ശമ്പളം ചോദിക്കുന്നത് പോലെയാണ് യുവാവ് ഈ ആവശ്യം ഉന്നയിച്ചതെന്ന് നിതിൻ വർമ്മ പറയുന്നു. തുടക്കത്തിൽ ഇന്റർവ്യൂ അവസാനിപ്പിക്കാൻ തോന്നിയെങ്കിലും, അദ്ദേഹം ചിരിച്ചുകൊണ്ട് വിഷയം മാറ്റുകയായിരുന്നു. എന്നാൽ, ഈ സംഭവം തന്നെ ചിന്തിപ്പിച്ചതായി അദ്ദേഹം പറയുന്നു. ഉച്ചയ്ക്കുള്ള ചെറിയ ഉറക്കം ഏകാഗ്രതയും ഊർജ്ജവും വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണെന്നും, പലരും മീറ്റിംഗുകളിൽ ഉറങ്ങിപ്പോകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സത്യസന്ധമായി ഇക്കാര്യം തുറന്നുപറയാൻ യുവാവ് കാണിച്ച ധൈര്യത്തെ അദ്ദേഹം അഭിനന്ദിച്ചു.
തുടർന്ന് നിതിൻ വർമ്മ യുവാവിനോട് പറഞ്ഞത് ഇതാണ്: 'നിങ്ങൾ എപ്പോഴാണ് ഉറങ്ങുന്നതെന്ന് എനിക്ക് പ്രശ്നമില്ല, ജോലി നടക്കുന്നുണ്ടോ എന്നാണ് ഞാൻ നോക്കുന്നത്. ജോലി ചെയ്ത് തീർക്കണം, അതിന് എത്ര സമയം ഇരുന്നുവെന്ന് ഞാൻ കണക്കുനോക്കില്ല'. മണിക്കൂറുകൾ ഡെസ്കിൽ ഇരിക്കുന്നതാണോ യഥാർത്ഥ കഠിനാധ്വാനമെന്ന് ജെൻ സി ചോദ്യം ചെയ്യുകയാണെന്നും, ജോലി ചെയ്തു തീർക്കുക എന്നതിലാണ് കാര്യമെന്നും അദ്ദേഹം കുറിച്ചു.
ആ യുവാവിന് ജോലി കൊടുത്തോ എന്ന ചോദ്യത്തിന്, തന്റെ മുൻധാരണകളെ മാറ്റിയെടുത്ത ആ യുവാവിന് ജോലി നൽകിയെന്നാണ് നിതിൻ വർമ്മ മറുപടി നൽകിയത്. ഉച്ചയുറക്കമല്ല, അത് ചോദിക്കാനുള്ള ആത്മവിശ്വാസവും ജോലി ചെയ്ത് കാണിക്കാനുള്ള കഴിവുമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഇതുപോലെ ഇന്റർവ്യൂവിനിടെ ശനിയാഴ്ച ജോലി ചെയ്യാനാവില്ല, കാരണം തനിക്ക് ഓഫീസിനു പുറത്തും ഒരു ജീവിതമുണ്ട് എന്ന് തുറന്നു പറഞ്ഞ യുവാവിനെ കുറിച്ച് അഭിഷേക് അഗർവാൾ എന്ന ഫൗണ്ടർ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. ഒടുവിൽ യുവാവിനെ ജോലിക്കെടുത്തുവെന്നും മികച്ച ജീവനക്കാരനായിരുന്നു ആ യുവാവ് എന്നും അഗർവാൾ കുറിച്ചിരുന്നു.