
10 വര്‍ഷം മുന്‍പ് ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ തന്റെ കമ്പനിയുടെ ആദ്യത്തെ ജീവനക്കാരനായി നിയമിച്ചത് ടാക്സി ഡ്രൈവറെ. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, കോര്‍പ്പറേറ്റ് പരിചയമില്ലാത്ത, ഇംഗ്ലീഷ് അറിയാത്ത ഒരു ടാക്സി ഡ്രൈവറെയാണ് അദ്ദേഹം അന്നത്തെ സാഹചര്യത്തില്‍ കമ്പനിയിലേക്ക് എടുത്തത്. അഡോണ്‍മോ സഹസ്ഥാപകനും മൈക്രോസോഫ്റ്റ് മുന്‍ ജീവനക്കാരനുമായ ശ്രാവന്ത് ഗജുലയാണ് ലിങ്ക്ഡ്ഇന്നില്‍ ഈ അനുഭവം പങ്കുവെച്ചത്.
സാധാരണ റിക്രൂട്ടിംഗ് രീതികള്‍ വെച്ച് ആരും പരിഗണിക്കാനിടയില്ലാത്ത ഒരാളായിരുന്നു ആ ടാക്സി ഡ്രൈവർ. എന്നാൽ, അദ്ദേഹത്തിന്റെ ആഗ്രഹവും സത്യസന്ധതയുമാണ് തങ്ങളെ ആ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ശ്രാവന്ത് ഗജുല കുറിച്ചു. പിന്നീട് അദ്ദേഹത്തിന് സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ നല്‍കുകയും കമ്പനിയില്‍ പ്രധാനപ്പെട്ട ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. കൃത്യമായ സപ്പോർട്ട് നൽകി, അയാളിൽ വിശ്വാസമർപ്പിച്ചു. ഇതിന്റെ ഫലമായി പത്തു വര്‍ഷത്തിനിപ്പുറം അദ്ദേഹം കമ്പനിയുടെ പ്രൊക്യുര്‍മെന്റ് ഹെഡ് പദവിയിലേക്കുയർന്നു. ഇന്ത്യയൊട്ടാകെയുള്ള ചുമതല വഹിക്കുന്ന ആളായി അദ്ദേഹം മാറി.
യഥാര്‍ത്ഥ സംസ്കാരവും മൂല്യങ്ങളും എന്നത് മറ്റുള്ളവര്‍ തള്ളിക്കളയുന്നവരെ നിയമിക്കുക എന്നതാണ്, അവരതിന് തയ്യാറാകുന്നതിന് മുമ്പ് തന്നെ അവരിൽ നിക്ഷേപിക്കുക എന്നാണ് എന്നും പോസ്റ്റിൽ പറയുന്നു. ജീവനക്കാരില്‍ വിശ്വസിച്ചാല്‍ അവര്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തേക്ക് വളരുമെന്ന സന്ദേശത്തോടെയാണ് ശ്രാവന്ത് ഗജുല കുറിപ്പ് അവസാനിപ്പിച്ചത്. നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. കഴിവുകള്‍ പഠിച്ചെടുക്കാമെങ്കിലും സത്യസന്ധതയും അധ്വാനവും ആത്മാർത്ഥതയും പഠിപ്പിച്ചെടുക്കുക പ്രയാസമാണെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. അതുപോലെ, ഒരു യഥാര്‍ത്ഥ ലീഡർഷിപ്പ് എന്നത് കമ്പനികളെ മാത്രമല്ല ആളുകളെ കൂടിയാണ് വളര്‍ത്തുന്നത് എന്നും പലരും പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്.