തുടക്കത്തിൽ കുടുംബത്തിൽ നിന്ന് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നു. സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്നതും സ്ഥിരതയുള്ളതുമായ ഒരു ജോലി ഉപേക്ഷിക്കുന്നതിനെ ബന്ധുക്കൾ എതിർത്തു. എന്നാൽ, പ്രായം 50 -നോട് അടുത്തുവെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് താൻ ഇപ്പോൾ ആവലാതിപ്പെടുന്നില്ലെന്നും അവർ പറയുന്നു.

മെഡിക്കൽ രംഗത്തെ രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയർ ഉപേക്ഷിച്ച് സ്റ്റീംഡ് ബൺ കട നടത്തിവരുന്ന ഒരു ഡോക്ടറുടെ വാർത്തയാണ് ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും, തൻ്റെ പുതിയ ജീവിതത്തിൽ താൻ ഏറെ സന്തോഷവതിയാണെന്നാണ് 48 -കാരിയായ ഡോങ് മിൻ പറയുന്നത്. വുഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് 1999 -ൽ ബിരുദം നേടിയ ഡോങ് മിൻ, ഷെൻഡെൽ നഗരത്തിൽ ഗൈനക്കോളജിസ്റ്റായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് വുഹാനിൽ തിരിച്ചെത്തി അമ്മയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ക്ലിനിക്ക് നടത്തിപ്പിൽ പങ്കാളിയായി. അമ്മയുടെ വിരമിക്കലിനു ശേഷം ക്ലിനിക്ക് പൂട്ടുകയും കുടുംബം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടർന്ന് ഒരു കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായും സ്ഥാപനത്തിൻ്റെ ലീഗൽ റെപ്രസെന്റേറ്റീവായും അവർ സേവനം അനുഷ്ഠിച്ചു.

ഒരു ഡോക്ടർ എന്ന നിലയിലുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് കരിയർ മാറ്റാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഡോങ് മിൻ പറയുന്നു. രോഗികളെ ചികിത്സിക്കുന്നതിനൊപ്പം സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള പരിശോധനകളും മറ്റ് ഭരണപരമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് വലിയ ഭാരമായിരുന്നു. കൂടാതെ, ആശുപത്രിയുടെ ലീഗൽ റെപ്രസെന്റേറ്റീവ് എന്ന നിലയിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തവും താൻ നോക്കേണ്ടി വന്നിരുന്നു.

2023 -ൽ സുഹൃത്തുക്കളുടെ ബിസിനസ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബൺ കട തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചത്. തുടക്കത്തിൽ മറ്റൊരു ബിസിനസ്സിൽ നിക്ഷേപം നടത്തിയെങ്കിലും, ഷെഫ് പെട്ടെന്ന് ജോലി ഉപേക്ഷിച്ചുപോയതിനെത്തുടർന്ന് ഡോങ് തന്നെ നേരിട്ട് ബൺ ഉണ്ടാക്കാൻ പഠിക്കുകയായിരുന്നു. ഈ ജോലി ആസ്വദിക്കാൻ തുടങ്ങിയതോടെ പൂർണ്ണമായും മെഡിക്കൽ രംഗം വിട്ട് ഈ മേഖലയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു.

തുടക്കത്തിൽ കുടുംബത്തിൽ നിന്ന് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നു. സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്നതും സ്ഥിരതയുള്ളതുമായ ഒരു ജോലി ഉപേക്ഷിക്കുന്നതിനെ ബന്ധുക്കൾ എതിർത്തു. എന്നാൽ, പ്രായം 50 -നോട് അടുത്തുവെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് താൻ ഇപ്പോൾ ആവലാതിപ്പെടുന്നില്ലെന്നും അവർ പറയുന്നു. "ജീവിതത്തിന് കൃത്യമായ ഉത്തരങ്ങളില്ല. ഒരു മാറ്റത്തിന് ഒരിക്കലും വൈകിയില്ല. എന്നെക്കൊണ്ട് അനങ്ങാൻ കഴിയാത്ത കാലം വരെ ഈ കട നടത്തണമെന്നാണ് എൻ്റെ ആഗ്രഹം" എന്നും ഡോങ് മിൻ പറയുന്നു.