
മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഉണ്ടായേക്കാവുന്ന ഇന്ധന വിതരണ തടസ്സങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കൊണ്ട്, ഇന്ത്യയിൽ വീണ്ടും 'വർക്ക് ഫ്രം ഹോം' (WFH) സംവിധാനം നടപ്പിലാക്കണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നു. എക്സ്, വാട്സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ഐടി പ്രൊഫഷണലുകളും കോർപ്പറേറ്റ് ജീവനക്കാരുമാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ ഇസ്രയേലും യുഎസ്എയും ഇറാനെതിരെ തുടരുന്ന യുദ്ധം 13 -ാം ദിവസത്തിലേക്ക് കടന്നു.
ഇന്ത്യയുടെ അസംസ്കൃത എണ്ണയുടെ ഏകദേശം 55 ശതമാനവും വരുന്നത് മധ്യപൂർവ്വേഷ്യയിൽ നിന്നാണ്. യുഎസ്എ, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ ഉൾപ്പെട്ട സംഘർഷം ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുമോ എന്നതാണ് പ്രധാന ഭീതി. വിതരണത്തിൽ കുറവുണ്ടായാൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി താൽക്കാലികമായി റിമോട്ട് വർക്ക് അനുവദിക്കാൻ സർക്കാരും കമ്പനികളും തയ്യാറാകണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.
സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിപ്രായത്തിൽ, ഐടി, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷക്കണക്കിന് ജീവനക്കാരുടെ ദൈനംദിന യാത്രകൾ ഒഴിവാകുന്നതിലൂടെ രാജ്യത്തെ ഇന്ധന ആവശ്യം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. കൂടാതെ റോഡുകളിലെ തിരക്ക് കുറയുന്നത് അവശ്യ സേവനങ്ങൾക്കും ചരക്ക് നീക്കത്തിനും കൂടുതൽ സഹായകരമാകും, വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം കുറയുന്നത് നഗരങ്ങളിലെ വായുനിലവാരം മെച്ചപ്പെടുത്തും. മുൻപ് കോവിഡ് കാലത്ത് വിജയകരമായി നടപ്പിലാക്കിയ ഈ മാതൃക, നിലവിലെ സാഹചര്യം നേരിടാൻ മുൻകൂട്ടി പരിഗണിക്കണമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പൊതു അഭിപ്രായം.
ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നവർ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലെ ഉദാഹരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ധന വിതരണത്തിൽ ആശങ്കയുണ്ടായ സാഹചര്യങ്ങളിൽ, അവിടങ്ങളിൽ ഉപഭോഗം കുറയ്ക്കുന്നതിനായി 'റിമോട്ട് വർക്ക്' വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. എങ്കിലും, ഈ നടപടിയുടെ ഫലപ്രാപ്തിയെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ഉയരുന്ന പ്രധാന വിമർശനങ്ങൾ ഏറെ പ്രധാനപ്പെട്ട് കാര്യം ഇന്ത്യയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സം വീട്ടിലിരുന്നുള്ള ജോലി പ്രയാസകരമാക്കും എന്നതാണ്.
ഇതിനിടെ, ഇന്ധന ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സർക്കാർ പൗരന്മാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി നൽകുന്ന വിവരങ്ങൾ പ്രകാരം രാജ്യത്ത് നിലവിൽ 74 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ (Crude oil) ശേഖരമുണ്ട്. ഏകദേശം എട്ട് ആഴ്ചത്തേക്കുള്ള ശുദ്ധീകരിച്ച ഇന്ധനങ്ങളും (Refined fuels) സ്റ്റോക്കുണ്ട്. മറ്റൊരു വശത്ത്, വാണിജ്യ ആവശ്യങ്ങൾക്കുള്ള ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്‍റെ (LPG) ലഭ്യതയിൽ കുറവുണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നു. മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളിൽ വാണിജ്യ സിലിണ്ടർ ലഭിക്കാത്തതിനാൽ റെസ്റ്റോറന്‍റുകൾ അടച്ച് തുടങ്ങിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ദില്ലിയിൽ കരിഞ്ചന്തയിൽ 18 കിലോ പാചക വാതകത്തിന് 5,000 രൂപയാണ് വിലയെന്നും റിപ്പോര്‍ട്ടുണ്ട്.