'ഗ്യാസ് ഇല്ല, തീ വില'; സിലിണ്ടറിന് വില 5,000 രൂപ, തെക്കൻ ദില്ലിയിൽ റസ്റ്റോറന്‍റുകൾ അടയ്ക്കുന്നു

Published : Mar 12, 2026, 10:15 AM IST
lpg cylinder shortage india lpg crisis 2026 gas price hike restaurant closure gig workers job loss

Synopsis

പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് തെക്കൻ ദില്ലിയിൽ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടുന്നു. കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന് 5,000 രൂപ വരെ വില ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ഹോർമൂസ് കടലിടുക്ക് വഴിയുള്ള വിതരണത്തെ ബാധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെങ്കിലും, ക്ഷാമമില്ലെന്നാണ് സർക്കാർ വാദം. 

 

പാചകവാതക ക്ഷമം ഇല്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യ തലസ്ഥാനമായ ദില്ലിയിൽ നിന്നും പുറത്ത് വരുന്ന വാ‍ത്തകൾ ആശങ്കാജനകമാണ്. തെക്കൻ ദില്ലിയിലെ പല റസ്റ്റോറന്‍റുകളും പാചക വാതക ക്ഷാമത്തെ തുടർന്ന് ഇതിനകം അടച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. അതോടൊപ്പം ഒരു ഗ്യാസ് സിലിണ്ടറിന് 5,000 രൂപയോളമാണ് ആവശ്യപ്പെടുന്നതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പശ്ചിമേഷ്യയിൽ ഇറാനെതിരെ ഇസ്രയേൽ ആരംഭിക്കുകയും യുഎസ്എ ഏറ്റുപടിക്കുകയും ചെയ്ത യുദ്ധം ലോകത്തെ മൊത്തം പ്രദേശത്തെയും പല രീതിയിലും ബാധിച്ച് തുടങ്ങി.

റെസ്റ്റോറന്‍റ് അടച്ചെന്ന് പോസ്റ്റ്

പാചക വാതക ക്ഷാമം കാരണം കട അടച്ചിടേണ്ടി വന്നതായി തെക്കൻ ദില്ലിയിലെ ഒരു റെസ്റ്റോറന്‍റ് ഉടമ പറഞ്ഞു. എൽപിജി ക്ഷാമം കാരണം തന്‍റെ ഉത്തരേന്ത്യൻ റെസ്റ്റോറന്‍റ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണെന്ന് തഡ്ക റാണിയുടെ ഉടമ ഗഗൻദീപ് സിംഗ് സപ്രയാണ് അറിയിച്ചത്. അതേസമയം കരിഞ്ചന്ത വ്യാപാരികൾ ഒരു എൽപിജി സിലിണ്ടറിന് 5,000 രൂപയാണ് ആവശ്യപ്പെടുന്നതെന്നും സപ്ര ആരോപിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ദില്ലിയിൽ 1,884.50 രൂപയോളമാണ് വില എന്നിരിക്കെയാണ് ഇപ്പോഴത്തെ 'തീ വില'. 

'തഡ്ക റാണി ഓഫ്‌ലൈനിലാണ് സുഹൃത്തുക്കളേ, ഞങ്ങൾ ഉടൻ തിരിച്ചെത്തും, ഞങ്ങൾക്ക് നിങ്ങളെ സേവിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു' തങ്ങളുടെ റെസ്റ്റോറന്‍റ് അടച്ചതിനെ കുറിച്ച് സപ്ര തന്‍റെ എക്സ് പോസ്റ്റിൽ എഴുതി. തന്‍റെ മറ്റ് ബ്രാൻഡുകളായ ദി നാഷ്ത കമ്പനി, ദി മീൽ കോംബോ ബോക്സ് കമ്പനി എന്നിവ കഴിയുന്നിടത്തോളം പരിമിതമായ മെനുവിൽ ഭക്ഷണ വിതരണം തുടരുമെന്നും തെക്കൻ ദില്ലിയിലെ റസ്റ്റോറന്‍റ് ഉടമ കൂട്ടിച്ചേർത്തു.

 

 

എൽപിജി ക്ഷാമം

പശ്ചിമേഷ്യയിലെ സംഘർഷം 13 -ാം ദിവസത്തിലേക്ക് നീണ്ടിരിക്കുകയാണ്. ഇറാനെതിരെ ഇസ്രയേലും യുഎസ്എയും ആരംഭിച്ച യുദ്ധത്തിൽ ഇറാൻ സമാധാന ശ്രമങ്ങൾ ആരെഭിച്ചെങ്കിലും ഇറാൻറെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇസ്രയേലോ യുഎസ്എയോ തയ്യാറാകാനുള്ള സാധ്യത വിദൂരമാണെന്ന് ഈ രംഗത്തെ വിദഗ്ദ‍ർ ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തിനിടെ ഇറാൻ ഹോർമൂസ് കടലിടുക്ക് അക്രമിച്ചതാണ് ലോകമെങ്ങും പെട്രോളിനും പാചകവാതകത്തിനും ക്ഷാമമുണ്ടാക്കിയത്. ഇന്ത്യയുടെ എൽപിജി വിതരണത്തിന്‍റെ 85% ത്തിലധികവും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുവരുന്നത്. ഈ വഴി അടഞ്ഞതോടെ പ്രതിസന്ധി രൂക്ഷമാക്കി.

ഗ്യാസ് ക്ഷാമത്തിന്‍റെ പ്രത്യാഘാതങ്ങൾ രാജ്യത്തെ റസ്റ്റോറന്‍റുകളെയും തെരുവ് ഭക്ഷണ വിൽപ്പനക്കാരെയുമാണ് ആദ്യം ബാധിച്ചത്. വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് സർക്കാർ പ്രത്യേക വ്യവസ്ഥകൾ വച്ചതോടെ ക്ഷാമം രൂക്ഷമായി. അതേസമയം കരിഞ്ചന്തയിൽ വില പതിന്മടങ്ങ് വർദ്ധിച്ചു. പിന്നാലെ ചെറുകിട കച്ചവടക്കാരും വലിയ റസ്റ്റോറന്‍റ് ശൃംഖലകളും തങ്ങളുടെ മെനുവിൽ നിന്നും നിരവധി വിഭവങ്ങൾ ഒഴിവാക്കി. പലരും വൈദ്യുത ഉപകരണങ്ങളിലേക്ക് മാറി.

സർക്കാർ പറയുന്നത്

അതേസമയം രാജ്യതലസ്ഥാനമായ ദില്ലിയിൽ പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിതരണം സാധാരണ നിലയിലാണെന്ന് ദില്ലി സർക്കാർ കഴിഞ്ഞ ദിവസവും അവകാശപ്പെട്ടത്. ക്ഷാമം ഉണ്ടാകാൻ സാധ്യതയുള്ളതിനെക്കുറിച്ചുള്ള അപവാദ പ്രചരണങ്ങളിൽ വീഴരുതെന്ന് ദില്ലിനിവാസികളോട് സർക്കാർ ആവശ്യപ്പെട്ടു. ദില്ലിയിൽ ഇന്ധനക്ഷാമമില്ലെന്നും ഗ്യാസ് മോഷണമോ കരിഞ്ചന്തയോ ഉണ്ടായാൽ കർശന നടപടിയെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവതാർ പോലെയായി'; യുകെക്കാരൻ ഉണ‍ർന്ന് എഴുന്നേറ്റപ്പോൾ തൊലിയ്ക്ക് നീല നിറം !
ലക്കുണ്ടിയിലെ സ്വർണ്ണനിധി ; നൂറ്റാണ്ടുകളോളം മണ്ണിനടയിൽ കഴിഞ്ഞ ആ രഹസ്യം ഒടുവിൽ കണ്ടെത്തി