
മദ്യം ഓരോ സർക്കാരുകൾക്കും മികച്ച വരുമാന മാർഗം തന്നെയാണ്. എന്നാൽ, ഏതെങ്കിലും സർക്കാരുകൾ യുവാക്കളെ മദ്യം കഴിക്കൂ എന്നും പറഞ്ഞ് പ്രോത്സാഹിപ്പിക്കുമോ? ഏതായാലും ജപ്പാൻ അത് ചെയ്യുകയാണ്. കൂടുതൽ കുടിച്ചു കൊണ്ട് രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ വളരാൻ സഹായിക്കൂ എന്നാണ് ജപ്പാൻ യുവാക്കളോട് ആവശ്യപ്പെടുന്നത്.
ന്യൂയോർക്ക് ടൈംസ് പറയുന്നത് അനുസരിച്ച്, ജപ്പാനിലെ നാഷണൽ ടാക്സ് ഏജൻസി ഒരു മത്സരം സംഘടിപ്പിക്കുകയാണ്. അതിൽ 20 -നും 39 -നും ഇടയിൽ പ്രായമുള്ള ആളുകളോട് മദ്യപാനം വർധിപ്പിക്കുന്നതിനുള്ള ഐഡിയകൾ പങ്ക് വയ്ക്കാൻ ആവശ്യപ്പെടുന്നു. രണ്ട് വർഷത്തെ ലോക്ക് ഡൗൺ നിയന്ത്രണത്തിനും ശേഷമാണ് ഇത്.
ഏജൻസിയുടെ അഭിപ്രായത്തിൽ ‘സേക്ക് വിവ’ എന്ന് പേരിട്ടിരിക്കുന്ന ഈ കാമ്പയിൻ മദ്യവ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. മദ്യത്തിൽ നിന്നുമുള്ള വരുമാനം വളരെ കുറഞ്ഞതിന് പിന്നാലെയാണ് ഇങ്ങനെ ഒരു കാമ്പയിന് രാജ്യം തുടക്കമിടാൻ പോകുന്നത്. കൊവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് രാജ്യത്തെ യുവാക്കൾ മദ്യപാനം നിർത്തുകയോ അല്ലെങ്കിൽ വല്ലാതെ കുറക്കുകയോ ചെയ്തിരുന്നു. അത് തിരിച്ച് പിടിക്കുക എന്നതാണ് നാഷണൽ ടാക്സ് ഏജൻസിയുടെ ലക്ഷ്യം. അതിന് കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നതും.
നികുതി അതോറിറ്റിയുടെ കാമ്പെയ്‌ൻ വെബ്‌സൈറ്റ് പറയുന്നത് പ്രകാരം ജനനനിരക്ക് കുറയുന്നതും പ്രായമായ ആളുകൾ കൂടുതലുള്ളതും, പുതിയ കൊറോണ വൈറസ് അണുബാധയുടെ ആഘാതം മൂലമുള്ള ജീവിതശൈലി മാറ്റങ്ങളും ഒക്കെ കാരണം ആഭ്യന്തര മദ്യ വിപണി ചുരുങ്ങുകയാണ്.
എങ്ങനെ മദ്യം വിൽക്കുന്നത് കൂട്ടാം, അതിന് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് പോലെയുള്ളവ ഉപയോഗിക്കാമോ, എങ്ങനെ യുവാക്കളെ ഇതിലേക്ക് ആകർഷിക്കും തുടങ്ങിയ നിർദ്ദേശങ്ങളൊക്കെ പങ്ക് വയ്ക്കാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രത്യേകം പ്രവേശന ഫീസ് ഒന്നും നൽകേണ്ടതില്ല.
നാഷണൽ ടാക്സ് ഏജൻസിയുടെ കണക്കനുസരിച്ച്, ജപ്പാനിലെ വാർഷിക മദ്യ ഉപഭോഗം 1995 -ൽ ഒരാൾക്ക് 100 ലിറ്റർ എന്നതിൽ നിന്ന് 2020 -ൽ 75 ലിറ്ററായി കുറഞ്ഞിരിക്കയാണത്രെ. ഏതായാലും പുതിയ കാമ്പയിനോട് കൂടി ജപ്പാനിലെ യുവാക്കൾ മദ്യം കുടിക്കുന്നത് കൂടുമെന്നും അതിലൂടെ തണുത്തിരിക്കുന്ന ഈ മേഖല ഒന്നുഷാറാക്കി വരുമാനം നേടാമെന്നും ഉള്ള പ്രതീക്ഷയിലാണ് ജപ്പാൻ.