
അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം പെറുവിയൻ ആൻഡീസിൽ ഒരു പുതിയ ഇനം പല്ലി (lizard)യെ കണ്ടെത്തിയിരിക്കുകയാണ്. ലിയോലാമസ് വാർജന്റേ (named Liolaemus warjantay) എന്ന പേരിലുള്ള ഈ ഇനത്തെ തെക്കൻ പെറുവിലെ അരീക്വിപ (Arequipa region) മേഖലയിൽ 4,500 മീറ്റർ (14,700 അടി) ഉയരത്തിലുള്ള ഒരു സംരക്ഷിത പ്രദേശത്താണ് കണ്ടെത്തിയിരിക്കുന്നത്.
ഇതിന് കടും ചാരനിറമുള്ള തലയും പെണ്‍വര്‍ഗത്തിന് ഇളം മഞ്ഞ കണ്‍പോളകളും ഉണ്ട്. അര്‍ജന്‍റീന, പെറു, ചിലി, ബൊളീവിയ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ പുതിയ ഇനം പല്ലിയെ കണ്ടെത്തിയിരിക്കുന്നത്.
പെറുവിലെ സെൻട്രൽ ആൻഡീസ് മുതൽ തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള പാറ്റഗോണിയ വരെയുള്ള ഒരു വലിയ പ്രദേശത്ത് 280 -ലധികം ലിയോലാമസ് പല്ലികൾ വസിക്കുന്നുണ്ട്. അവ വിശാലമായ ആവാസവ്യവസ്ഥകളുമായി പൊരുത്തപ്പെട്ടു കഴിയുന്ന ജീവികളാണ് എന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഈ വർഷം ആദ്യം, ഗവേഷകർ ലിയോലാമസ് ജനുസ്സിൽ നിന്നുള്ള പല്ലികളെ 5,000 മീറ്ററിലധികം ഉയരത്തിലുള്ള ഒരു സ്ഥലത്ത് കണ്ടെത്തിയിരുന്നു, ഇത് ലോകത്തിലെ ഏറ്റവും ഉയരത്തില്‍ വസിക്കുന്ന ഉരഗങ്ങളാണെന്ന് അവർ കരുതുന്നു. സാധാരണയായി ഇത്രയും ഉയരത്തിൽ ഉരഗങ്ങളെ കാണാറില്ല എന്നതു കൊണ്ട് തന്നെ ഗവേഷകരെ സംബന്ധിച്ചിടത്തോളം ആവേശമായിരുന്നു ഈ കണ്ടെത്തൽ.