എല്ലാം തകര്‍ത്തുപാഞ്ഞ അഗ്‌നിപര്‍വ്വത ലാവ ഒടുവില്‍ കടലിലെത്തി; ആശങ്കയില്‍ ലോകം

By Web TeamFirst Published Sep 29, 2021, 7:37 PM IST
Highlights

സ്‌പെയിനിലെ കാനറി ദ്വീപ് വലിയൊരു പാരിസ്ഥിതിക പ്രതിസന്ധിയിലാണ്. രണ്ടാഴ്ച മുമ്പ് പൊട്ടിത്തെറിച്ച അഗ്‌നിപര്‍വത ലാവ കടലിലേക്ക് എത്തിയതോടെ വലിയ ദുരന്തമാണ് മുന്നില്‍ കാണുന്നത്

സ്‌പെയിനിലെ കാനറി ദ്വീപില്‍ വീടുകളും റോഡും തകര്‍ത്ത് മുന്നേറുന്ന അഗ്‌നിപര്‍വത ലാവാ പ്രവാഹം കടലിലെത്തി. ലാ പാല്‍മ ദ്വീപിലെ പ്ലായാ ദുയേവയിലാണ് ലാവാ പ്രവാഹം കടല്‍ തൊട്ടത്. 

ചുട്ടുപഴുത്ത ലാവ അറ്റ്‌ലാന്റിക് ഉള്‍ക്കടലിലേക്ക് ചെന്നെത്തിയതായി പ്രവിശ്യ സര്‍ക്കാര്‍ അറിയിച്ചു. തിളയ്ക്കുന്ന ലാവ കടല്‍വെള്ളം തൊട്ടതിനെ തുടര്‍ന്ന് ഇവിടെ വലിയ പുകച്ചുരുളുകള്‍ ഉയരുകയാണ്. വലിയ സ്‌ഫോടനങ്ങള്‍ക്ക് ഇത് കാരണമാവുമെന്ന ആശങ്കയുണ്ട്. അതോടൊപ്പം വിഷവാതകങ്ങള്‍ വ്യാപകമായി പുറത്തുവിടാനും ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടലിലെ ജീവജാലങ്ങള്‍ക്കും സമീപവാസികള്‍ക്കും ഇത് വലിയ ദുരന്തമുണ്ടാക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സമീപവാസികള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

കാനറി ദ്വീപിലെ കുംബ്രെ വിയേജ അഗ്നിപര്‍വ്വതമാണ് കഴിഞ്ഞ ഞായറാഴ്ച പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് എല്ലാം ചാമ്പലാക്കിക്കൊണ്ട് ലാവാ പ്രവാഹം ആരംഭിച്ചു. സമീപപ്രദേശത്തുള്ള 600-ലേറെ വീടുകളെ ഈ ലാവാപ്രവാഹം വിഴുങ്ങി. 23 കിലോ മീറ്റര്‍ റോഡ് തകര്‍ത്തു. വാഴത്തോട്ടങ്ങള്‍ അടക്കം 258 ഹെക്ടര്‍ കൃഷിയിടങ്ങള്‍ നാമാവശേഷമാക്കി. 
കടലിലേക്ക് എത്തുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് ഇപ്പോള്‍ പുതിയ സംഭവവികാസങ്ങള്‍. 

 

..........................................................
ഇതാ ഒരത്ഭുതവീട്, 200 വീടുകള്‍ ചാമ്പലാക്കിയ അഗ്‌നിപര്‍വത ലാവയ്ക്കിത് തൊടാനായില്ല!
..........................................................

 

ഇപ്പോഴും അഗ്നിപര്‍വ്വതം കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാണ് ഇത് അവസാനിക്കുക എന്ന് അറിവായിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.  ഇവിടെയുള്ളവര്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിലാണ്. പതിനായിരങ്ങളെ സര്‍ക്കാര്‍ ഇതിനകം കുടിയൊഴിപ്പിച്ചു. ഇവരില്‍ പലരുടെയും വീടുകളും സ്ഥലങ്ങളുമാണ് അഗ്നിപര്‍വ്വത ലാവ വിഴുങ്ങിയത്. ഇവര്‍ക്ക് താമസിക്കുന്നതിനായി സര്‍ക്കാര്‍ വലിയ വീടുകളും കെട്ടിടങ്ങളും വിലയ്ക്കു വാങ്ങിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

അഗ്നിപര്‍വ്വത വിസ്ഫോടനത്തിനിടെ ഉണ്ടാവുന്ന മാരകമായ രാസമാലിന്യങ്ങള്‍ ഈ ലാവയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ ലാവയാണ് ലാവ കടലിലേക്ക് എത്തിയത്. 
 

click me!