Charlotte Bellis : താലിബാൻ തന്നോട് സഹായിക്കാമെന്ന് പറഞ്ഞുവെന്ന് ​ഗർഭിണിയായ ന്യൂസിലാൻഡ് മാധ്യമപ്രവർത്തക

Published : Jan 31, 2022, 02:11 PM IST
Charlotte Bellis : താലിബാൻ തന്നോട് സഹായിക്കാമെന്ന് പറഞ്ഞുവെന്ന് ​ഗർഭിണിയായ ന്യൂസിലാൻഡ് മാധ്യമപ്രവർത്തക

Synopsis

ന്യൂസിലാൻഡിൽ കൊവിഡ് -19 ന്റെ വ്യാപനം പരിമിതമാണെങ്കിലും, പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം 52 മരണങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും, സൈന്യം നടത്തുന്ന ഐസൊലേഷൻ ഹോട്ടലുകളിൽ പൗരന്മാർ 10 ദിവസം ചെലവഴിക്കാൻ രാജ്യം ആവശ്യപ്പെടുന്നു. 

കൊവിഡ് നിയന്ത്രണങ്ങൾ മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയ ഗർഭിണിയായ തനിക്ക് താലിബാൻ(Taliban) സഹായം നൽകിയെന്ന് ന്യൂസിലാൻഡ്(New Zealand) മാധ്യമപ്രവർത്തക. സ്വന്തം രാജ്യത്ത് പ്രവേശിക്കാൻ അനുമതി ലഭിക്കാതെ വന്ന വനിതാ മാധ്യമപ്രവർത്തക സഹായത്തിനായി താലിബാനെ സമീപിക്കുകയായിരുന്നു. എന്നാൽ, എല്ലാവരെയും അതിശയിപ്പിച്ച് കൊണ്ട് താലിബാൻ അവർക്ക് അഭയം നൽകി. മാധ്യമപ്രവർത്തകയുടെ പേര് ഷാർലറ്റ് ബെയ്ലിസ്(Charlotte Bellis).

മുമ്പ് താലിബാന്റെ സ്ത്രീകളോടുള്ള സമീപനത്തെ എതിർക്കുകയും, വിമർശിക്കുകയും ചെയ്ത വ്യക്തിയെന്ന പേരിൽ പ്രസിദ്ധയാണ് ബെയ്ലിസ്. ഇപ്പോൾ തൻ്റെ ന്യൂസീലാൻഡ് സർക്കാരിന് വേണ്ടിയും അത് ചെയ്യേണ്ടി വന്നത് ക്രൂരമായ വിരോധാഭാസമാണെന്ന് അവർ പറയുന്നു. 2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തപ്പോൾ, സ്ത്രീകളുടെ അവകാശങ്ങൾ നിങ്ങൾ ഉയർത്തിപ്പിടിക്കുമോ എന്ന് താലിബാനോട് ഇവർ ചോദിച്ചിരുന്നു. ഇപ്പോൾ അതേ സർക്കാരിനോട് തന്നെ സഹായം തേടേണ്ടി വന്നിരിക്കയാണ് അവർക്ക്. തന്റെ ന്യൂസിലാൻഡ് ഹെറാൾഡിൽ ശനിയാഴ്ച പ്രസിദ്ധീകരിച്ച ഒരു കോളത്തിൽ ന്യൂസിലാൻഡിന്റെ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ തനിക്ക് നാട്ടിലേക്ക് മടങ്ങാൻ തടസ്സമാകുന്നുവെന്ന് അവർ എഴുതിയിരിക്കുന്നു. ഒരു ഗർഭിണിയായ തനിക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും അവർ പറയുന്നു.

താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുക്കുന്ന സമയത്ത് ദോഹയിലെ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അൽ ജസീറ ചാനലിലാണ് ബെയ്ലിസ് ജോലി ചെയ്തിരുന്നത്. പങ്കാളിയായ ബെൽജിയംകാരൻ ജിം ഹ്യൂലെബ്രോക്കിനൊപ്പമാണ് അവർ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ കഴിയുന്നത്. അദ്ദേഹം ന്യൂയോർക്ക് ടൈംസിന്റെ ഫോട്ടോഗ്രാഫറാണ്. ഇരുവരും വിവാഹിതരല്ല. അതുകൊണ്ട് തന്നെ അവർ ഒരുമിച്ച് കഴിയുന്നത് താലിബാനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമാകുമായിരുന്നു. എന്നാൽ, ബെയ്ലിസ് തങ്ങളുടെ രാജ്യത്ത് സുരക്ഷിതയായിരിക്കുമെന്ന് താലിബാൻ ഉറപ്പുനൽകുകയായിരുന്നുവത്രെ. "താലിബാൻ ഗർഭിണിയായ, അവിവാഹിതയായ ഒരു സ്ത്രീയ്ക്ക് സുരക്ഷ നൽകുമ്പോൾ, സാഹചര്യം എത്ര സങ്കീർണമാണെന്ന് നിങ്ങൾക്കറിയാം" അവൾ എഴുതി. സെപ്റ്റംബറിലാണ് താൻ ഗർഭിണിയാണെന്ന് അവൾ കണ്ടെത്തിയത്. എന്നാൽ, അവൾക്ക് ഒരിക്കലും കുട്ടികളുണ്ടാകില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. അതുകൊണ്ട് ഇതൊരു അത്ഭുതമായി ബെയ്ലിസ് കാണുന്നു. മെയ് മാസത്തിലാണ് ഡ്യൂ ഡേറ്റ്. അതൊരു പെൺകുട്ടിയാണെന്ന് അവൾ പറയുന്നു.  

അവിവാഹിതരായിരിക്കെ ഗർഭിണിയാകുന്നത് ഖത്തറിൽ നിയമവിരുദ്ധമാണ്. സെപ്റ്റംബറിൽ അവൾ ഗർഭിണിയാണെന്ന് അറിഞ്ഞു. നവംബറിൽ ജോലി ഉപേക്ഷിച്ചു. തുടർന്ന്, തന്റെ കുഞ്ഞിന് ജന്മം നൽകാനായി സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ, അവിടെ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് അവൾ പറഞ്ഞു. ന്യൂസിലൻഡിലേക്ക് മടങ്ങാൻ അവൾ പലതവണ ശ്രമിച്ചെങ്കിലും, നടന്നില്ല. ജിമിന്റെ ജന്മദേശമായ ബെൽജിയത്തിലേക്ക് അവർ പോയെങ്കിലും, അവിടത്തെ പൗരത്വം ഇല്ലാത്തതിനാൽ അവൾക്ക് കുറേനാൾ അവിടെ തങ്ങാനായില്ല. ദമ്പതികൾക്ക് താമസിക്കാൻ വിസയുള്ള മറ്റൊരു സ്ഥലം അഫ്ഗാനിസ്ഥാനായിരുന്നു. അടിയന്തിരമായി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിൽ അവൾ 59 രേഖകൾ അഫ്ഗാനിസ്ഥാനിലെ ന്യൂസിലാൻഡ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചു. പക്ഷേ, അവളുടെ അപേക്ഷകൾ എല്ലാം നിരസിക്കുകയും സഹായത്തിനായി ലോകത്തിലെ ഏറ്റവും അടിച്ചമർത്തൽ ഭരണകൂടങ്ങളിലൊന്നായ താലിബാനിലേക്ക് അവൾക്ക് തിരിയേണ്ടി വരികയും ചെയ്തു.  

ഇതൊന്നും പോരെങ്കിൽ, താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ പ്രസവശുശ്രൂഷയുടെ മോശം അവസ്ഥയും ശസ്‌ത്രക്രിയാശേഷികളുടെ അഭാവവും കാരണം ഗർഭധാരണം വധശിക്ഷയാണെന്ന് അവൾ മുന്നറിയിപ്പ് നൽകുന്നു. എന്നിട്ടും ഇപ്പോൾ ആ ഭരണകൂടത്തിനോട് തന്നെ അഭയം ചോദിച്ച് ചെല്ലേണ്ടി വന്നത് വിധിയുടെ ക്രൂരതയായി അവൾ കാണുന്നു. തന്റെ അവസ്ഥയെക്കുറിച്ച് 1 ന്യൂസിനോട് സംസാരിക്കവെ, ബെയ്ലിസ് ചോദിക്കുന്നു: "ഞാൻ എന്ത് ചെയ്യണമെന്നാണ് ന്യൂസിലാൻഡ് സർക്കാർ പറയുന്നത്? ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഞാൻ ഗർഭിണിയായി, ഞാൻ ഒരു ന്യൂസിലാൻഡുകാരിയാണ്."  

ന്യൂസിലാൻഡിൽ കൊവിഡ് -19 ന്റെ വ്യാപനം പരിമിതമാണെങ്കിലും, പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം 52 മരണങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും, സൈന്യം നടത്തുന്ന ഐസൊലേഷൻ ഹോട്ടലുകളിൽ പൗരന്മാർ 10 ദിവസം ചെലവഴിക്കാൻ രാജ്യം ആവശ്യപ്പെടുന്നു. കൊറോണ വൈറസ് രോഗം (കൊവിഡ് -19) പടരുന്നത് തടയാൻ ന്യൂസിലാൻഡ് സർക്കാർ നടപ്പിലാക്കിയ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ MIQ(നിയന്ത്രിത ഐസൊലേഷൻ ആൻഡ് ക്വാറന്റൈൻ). എന്നാൽ, ഹോട്ടലുകളിൽ ഒന്നും സ്ഥലമില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഇക്കാരണത്താൽ, സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കാത്തിരിക്കുന്നത് ആയിരങ്ങളാണ്. MIQ -ൽ ഒരു സ്ഥലം കണ്ടെത്താൻ സാധിക്കാതെ വന്നപ്പോഴാണ് ബെയ്ലിസ് അഫ്ഗാനിസ്ഥാനിൽ അഭയം തേടാൻ നിർബന്ധിതയായത്. ബെയ്ലിസിനെപ്പോലുള്ളവരുടെ ദുരിതകഥകൾ പ്രധാനമന്ത്രി ജസീന്ദ ആർഡേണിനും അവരുടെ സർക്കാരിനെയും ഇപ്പോൾ വെട്ടിലാക്കുകയാണ്.  

PREV
Read more Articles on
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു