എല്ലാം പരീക്ഷണത്തിന്‍റെ പേരില്‍, നവജാത ശിശുവിനെ പട്ടിണിക്കിട്ട് കൊന്നു; റഷ്യൻ ദമ്പതികൾ അറസ്റ്റിൽ

By Web TeamFirst Published Mar 29, 2023, 2:48 PM IST
Highlights

കുഞ്ഞ് ജനിച്ചത് വീട്ടിൽ തന്നെയാണെന്നും തുടർന്ന് കുഞ്ഞിൻറെ മുഴുവൻ ശുശ്രൂഷകളും നടത്തിവന്നിരുന്നത് ദമ്പതികൾ തന്നെയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

നവജാതശിശുക്കളോട് സ്നേഹവും വാത്സല്യവും ഇല്ലാത്തവർ കുറവായിരിക്കും. നമുക്കിടയിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞിനെയും അതീവ കരുതലോടെയാണ് നാം സംരക്ഷിച്ചു പോരാറ്. കുഞ്ഞിൻറെ ഓരോ ചലനങ്ങളും നിരീക്ഷിക്കുകയും ആവശ്യമായ പരിചരണങ്ങൾ കൃത്യസമയത്ത് നൽകുകയും ചെയ്യും. മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ തന്നെ കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിലും അതീവ ശ്രദ്ധയാണ് നമ്മൾ പുലർത്താറ്. 

എന്നാൽ, ഈ കാര്യങ്ങൾക്കെല്ലാം നേർ വിപരീതമായി സ്വന്തം കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ റഷ്യൻ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജനിച്ച് ദിവസങ്ങൾ മാത്രമായ കുഞ്ഞാണ് ദമ്പതികളുടെ അശ്രദ്ധയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 33 -കാരിയായ ഒക്സാന മിറോനോവ എന്ന സ്ത്രീയെയും അവരുടെ ഭർത്താവ് 43 കാരനായ മാക്സിം ലിയുട്ടിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണ വിധേയമായി ഒക്സാന മിറോനോവ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിൽ വീട്ടുതടങ്കലിലാണ്.

ഒരു ഭക്ഷ്യവിദഗ്ധനായി അറിയപ്പെടുന്ന മാക്സിം തന്റെ പോഷകാഹാര സംവിധാനം കുഞ്ഞിൽ പരീക്ഷിച്ചതാണ് മരണകാരണമായത്. കുഞ്ഞിന് ആവശ്യമായ ഭക്ഷണപാനീയങ്ങൾ ഒന്നും നൽകാതെ സൂര്യപ്രകാശം മാത്രം ഏൽപ്പിച്ച് കുഞ്ഞിന് ആവശ്യമായ ഊർജ്ജം നൽകാൻ ശ്രമിച്ചതാണ് ഇത്തരത്തിൽ ഒരു വലിയ ദുരന്തം വരുത്തിവെച്ചത്. പ്രാഥമിക റിപ്പോർട്ടിൽ കഠിനമായ ക്ഷീണമാണ് കുഞ്ഞിൻറെ മരണകാരണമായി പറയപ്പെടുന്നത്. 

കുഞ്ഞിന് ഒരു മാസം മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞ് മരണപ്പെടുന്നത്. പട്ടിണിയെ തുടർന്നുണ്ടായ ന്യുമോണിയയും തളർച്ചയും ഗുരുതരമായപ്പോഴാണ് കുഞ്ഞിനെ സോചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വച്ചാണ് കുഞ്ഞ് മരണപ്പെടുന്നത്. ദാരുണമായ മരണത്തിന്റെ സാഹചര്യങ്ങൾ റഷ്യൻ അന്വേഷണ സമിതി പരിശോധിച്ചു വരികയാണ്. കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത്  ക്രിമിനൽ കേസ് ആരംഭിച്ചു. 

കുഞ്ഞ് ജനിച്ചത് വീട്ടിൽ തന്നെയാണെന്നും തുടർന്ന് കുഞ്ഞിൻറെ മുഴുവൻ ശുശ്രൂഷകളും നടത്തിവന്നിരുന്നത് ദമ്പതികൾ തന്നെയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. സ്വന്തമായി ഒരു ജീവിതശൈലി പിന്തുടർന്ന് വരുന്ന ആളാണ് മാക്സിം ലിയുട്ടി. തങ്ങളുടെ ജീവിതശൈലി രീതികളും പോഷകാഹാരം സംവിധാനവും ദമ്പതികൾ കുട്ടിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തിയതാണ് കുഞ്ഞിൻറെ മരണത്തിന് കാരണമായതെന്നാണ് പൊലീസ് നിരീക്ഷിക്കുന്നത്.

click me!