തട്ടിക്കൊണ്ടുപോയ 100 സ്ത്രീകളെയും കുഞ്ഞുങ്ങളെയും മോചിപ്പിച്ചു, ഏറെയും മുലയൂട്ടുന്ന അമ്മമാർ

By Web TeamFirst Published Jul 21, 2021, 10:08 AM IST
Highlights

സംഫാരയിലെയും അയല്‍ സംസ്ഥാനങ്ങളായ കടുനയിലെയും കട്സിനയിലേയും ക്രിമിനലുകളെ തുരത്താന്‍ പ്രസിഡണ്ട് മുഹമ്മദ് ബുഹാരി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

അടുത്തിടെയായി വടക്കു പടിഞ്ഞാറന്‍ നൈജീരിയയിൽ അക്രമസംഭവങ്ങളും തട്ടിക്കൊണ്ടുപോകലുകളും വർധിക്കുകയാണ്. പണം തട്ടിയെടുക്കുന്നതിനായിട്ടാണ് ഇതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇപ്പോഴിതാ, കൊള്ളക്കാർ പിടികൂടിയ 100 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചതായി വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ അധികൃതർ പറയുന്നു. 

തട്ടിക്കൊണ്ടുപോയവരിൽ ഏറെയും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാരാണ്. സംഫാര സ്റ്റേറ്റില്‍ വച്ച് ജൂണ്‍ എട്ടിനാണ് ഇവരെ തട്ടിക്കൊണ്ടു പോകുന്നത്. അതില്‍ നാലുപേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു. ശേഷിച്ചവരെ മോചനദ്രവ്യം നല്‍കാതെ തന്നെയാണ് വിട്ടയച്ചത് എന്ന് സംഫാര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, കൂടുതല്‍ വിവരങ്ങളെന്തെങ്കിലും നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചതായി ബിബിസി എഴുതുന്നു. 

മെഡിക്കല്‍ പരിശോധനയും വിവരശേഖരണവും കഴിഞ്ഞ ശേഷം ഇവരെ സ്വന്തം വീടുകളിലേക്ക് അയക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പ്രദേശത്ത് നിരവധി തട്ടിക്കൊണ്ടുപോകലുകളാണ് ഉണ്ടായിട്ടുള്ളത്. 2020 ഡിസംബര്‍ തൊട്ടിങ്ങോട്ടുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആയിരത്തിലധികം പേരെ തട്ടിക്കൊണ്ടുപോയി. അതില്‍ ചിലരെ മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്ന് മോചിപ്പിച്ചു. എന്നാല്‍, ചിലര്‍ കൊല്ലപ്പെടുകയുമുണ്ടായി. 

ബണ്ഡിറ്റ്സ് എന്ന് പേര് നല്‍കിയിരിക്കുന്ന കൊള്ളക്കാരാണ് ഇതിന് പിന്നിലെന്നാണ് അധികൃതര്‍ പറയുന്നത്. തട്ടിക്കൊണ്ടുപോകല്‍, ആയുധമുപയോഗിച്ച് കൊള്ള, കന്നുകാലികളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ ഈ പ്രദേശത്ത് വര്‍ധിച്ചിരിക്കുകയാണ് എന്നും സര്‍ക്കാര്‍ പറയുന്നു. പണം തന്നെയാണ് ഇവരുടെ ലക്ഷ്യമെന്നും അധികൃതർ വിശദമാക്കുന്നു.

2014 -ൽ ബൊർനോ സംസ്ഥാനത്തെ ബോക്കോ ഹറാം തീവ്രവാദികൾ ചിബോക്ക് സെക്കൻഡറി സ്കൂളിൽ നിന്ന് 276 സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയിരുന്നു. ശേഷം കൂടുതൽ സായുധ സംഘങ്ങൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയുണ്ടായി. സംഫാരയിലെയും അയല്‍ സംസ്ഥാനങ്ങളായ കടുനയിലെയും കട്സിനയിലേയും ക്രിമിനലുകളെ തുരത്താന്‍ പ്രസിഡണ്ട് മുഹമ്മദ് ബുഹാരി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഈ ആഴ്ച ആദ്യം, ഒരു ക്രിമിനൽ സംഘത്തിനെതിരായ റെയ്ഡിനിടെ, ഒരു നൈജീരിയൻ വ്യോമസേനാ വിമാനം വെടിവച്ചിട്ടിരുന്നു. സംഫാരയുടെയും കടുന സംസ്ഥാനങ്ങളുടെയും അതിർത്തിയിലായിരുന്നു സംഭവം. വിമാനത്തിൽ നിന്ന് പുറത്തേക്കിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് കടന്നാണ് അന്ന് പൈലറ്റ് രക്ഷപ്പെട്ടത്.

click me!