
ഇന്ത്യയെക്കുറിച്ച് പൊതുവെയുള്ള മിഥ്യാധാരണകളെ പൊളിച്ചെഴുതി നൈജീരിയൻ കണ്ടന്റ് ക്രിയേറ്ററുടെ പോസ്റ്റ്. 2021 മുതൽ ഇന്ത്യയിൽ താമസിക്കുന്ന പാസ്കൽ ഒലാലെ എന്ന യുവാവാണ് ഇന്ത്യയിലെ തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ശുചിത്വം, സുരക്ഷ, ആതിഥ്യമര്യാദ, ഭക്ഷണം എന്നിവയെ കുറിച്ച് സ്വതവേ പാശ്ചാത്യരുടെ ഇടയിലുള്ള തെറ്റിദ്ധാരണകളെ കുറിച്ചും തന്റെ അനുഭവങ്ങളെ കുറിച്ചുമാണ് യുവാവിന്റെ പോസ്റ്റ്. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് വലിയ ശ്രദ്ധ പിടിച്ചുപറ്റി.
ആദ്യം തന്നെ ഇന്ത്യയിൽ തീരെ വൃത്തിയില്ല, അതിനാൽ ജീവിക്കാൻ കൊള്ളില്ല എന്ന വാദത്തെ കുറിച്ചാണ് യുവാവ് പറയുന്നത്. ഈ ധാരണ തെറ്റാണ് എന്ന് ഒലാലെ പറയുന്നു. ഇന്ത്യ തിരക്ക് പിടിച്ച സ്ഥലമാണ്, പല കുഴപ്പങ്ങളും ഉണ്ട്. എന്നാൽ, ആളുകൾ അവരുടെ ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുന്നത് താൻ കണ്ടിട്ടുണ്ട്, നിങ്ങൾ കരുതുന്നതിനേക്കാൾ വൃത്തിയുള്ള സ്ഥലങ്ങളിൽ താൻ താമസിച്ചിട്ടുണ്ട് എന്നും ഒലാലെ പറയുന്നു.
അടുത്തതായി ഇന്ത്യക്കാർക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ല എന്ന ധാരണ തെറ്റാണെന്ന് യുവാവ് പറയുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന അനേകം പേർ ഇന്ത്യയിലുണ്ട് എന്നാണ് യുവാവിന്റെ പക്ഷം. അടുത്തതായി ഇന്ത്യയിലെ റോഡുകൾ കുഴപ്പം പിടിച്ചതാണെന്നും സുരക്ഷിതമല്ലെന്നും കരുതുന്നത് തെറ്റാണ്. ഇന്ത്യയിൽ ഊബറും ഓട്ടോയും മെട്രോയും എല്ലാമുണ്ട് എന്ന് ഒലാലെ പറയുന്നു.
ഇന്ത്യയിലെ ഭക്ഷണം വൃത്തിയില്ലാത്തതും മസാല നിറഞ്ഞതുമാണ്, സ്ട്രീറ്റ് ഫുഡ് കഴിച്ചാൽ അസുഖം വരുമെന്ന് പറയുന്നതും വെറുതെയാണ്. ചായ നൽകി തന്നെ ആളുകൾ സ്വീകരിച്ചിട്ടുണ്ട്, വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്, അപരിചിതർ പോലും സ്നേഹത്തോടെ പെരുമാറി എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയിലെ ആതിഥ്യമര്യാദയെ കുറിച്ചും യുവാവ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത് കാണാം.
ഇന്ത്യയിലെ ഭാഷ പഠിച്ച്, സംസ്കാരത്തെ ബഹുമാനിച്ചാൽ എല്ലായിടത്തും നിങ്ങൾ സ്വീകരിക്കപ്പെടും, നല്ല ആഴത്തിലുള്ള സൗഹൃദങ്ങൾ ഇന്ത്യയിൽ സാധ്യമാണ്, കരിയറിൽ വിജയിക്കാനും സാധിക്കും എന്നും യുവാവ് പറയുന്നു. നിരവധിപ്പേരാണ് ഒലാലെയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. വിദേശത്ത് നിന്നെത്തി ഇന്ത്യയിൽ താമസിച്ച്, ഈ രാജ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നത് അഭിനന്ദിക്കേണ്ടുന്ന കാര്യമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.