
ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സംഘടിപ്പിച്ച സമ്മര്‍ പാര്‍ട്ടിയില്‍ സ്ത്രീകളെ ബോധംകെടുത്തി ബലാല്‍സംഗം നടത്തുന്നതിന് സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഡേറ്റ് റേപ്പ് മയക്കുമരുന്ന് നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ജര്‍മനിയില്‍ നടന്ന സമ്മര്‍ പാര്‍ട്ടിയിലാണ് സംഭവം. തങ്ങള്‍ക്ക് ഈ മയക്കുമരുന്ന് നല്‍കിയതായി ഒമ്പത് സ്ത്രീകളാണ് പരാതി ഉന്നയിച്ചത്.
ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി (എസ്ഡിപി) നടത്തിയ നിശാ പാര്‍ട്ടിയിലായിരുന്നു സംഭവം. ആരാണ് ഇതിന് പിന്നില്ലെന്ന് വ്യക്തമല്ല. മയക്ക് മരുന്ന് കലര്‍ന്ന ഭക്ഷണ പാനീയം കഴിച്ച സ്ത്രീകള്‍ക്ക് തലക്ക് പെരുപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടതായി എസ്ഡിപി വൃത്തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഒരു പരിപാടിയില്‍ ഇത്തരമൊരു സംഭവം തീര്‍ത്തും ഞെട്ടിക്കുന്നതാണെന്ന് പാര്‍ട്ടി നേതാവ് ലാര്‍സ് ക്ലിംഗ്‌ബെയില്‍ പറഞ്ഞു. ഇത് ചെയ്തത് ആരാണെങ്കിലും, അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്‍പത് കേസുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളതെങ്കിലും, പരാതിക്കാരുടെ എണ്ണം ഇനിയും കൂടാമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ മുന്നോട്ടുവരണമെന്ന് എസ്ഡിപി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി നടന്ന പാര്‍ട്ടിയില്‍ ചാന്‍സലറും, എംപിമാരും ഉള്‍പ്പെടെ ഏകദേശം ആയിരത്തോളം ആളുകള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടിയില്‍ ക്ഷണിക്കപ്പെട്ട ആളുകള്‍ മാത്രമാണ് പങ്കെടുത്തിട്ടുള്ളതെന്ന് എസ്ഡിപി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ജര്‍മന്‍ പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
ആദ്യം പരാതിയുമായി മുന്നോട്ട് വന്നത് 21 കാരിയായ ഒരു യുവതിയാണ്. പാര്‍ട്ടിക്കിടെ തനിക്ക് തലകറക്കം അനുഭവപ്പെട്ടെന്നും അന്ന് നടന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, യുവതി പാര്‍ട്ടിയില്‍ മദ്യപിച്ചിട്ടില്ല. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരിക്കാമെന്നാണ് അനുമാനിക്കുന്നത്. ബാക്കി സ്ത്രീകളുടെ രക്തപരിശോധന നടത്തി വിഷാംശം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസ് തയ്യാറെടുക്കുകയാണ്.
നിശാപാര്‍ട്ടികളില്‍ അല്ലെങ്കില്‍ ഡേറ്റിംഗ് പരിപാടികളില്‍ സ്ത്രീകളുടെ പാനീയങ്ങളില്‍ അവരറിയാതെ കലര്‍ത്തുന്ന മയക്ക് മരുന്നാണ് ഡേറ്റ് റേപ്പ് ഡ്രഗ്. ഇത് മദ്യവുമായി കലര്‍ത്തിയാല്‍ കൂടുതല്‍ അപകടമാണ്. മയക്ക് മരുന്ന് അകത്ത് ചെന്നാല്‍ സ്ത്രീകള്‍ക്ക് ഓര്‍മ്മ നശിക്കുന്നു. മാത്രവുമല്ല, സ്വയം തീരുമാനം എടുക്കാനുള്ള കഴിവും, ആക്രമണത്തെ എതിര്‍ക്കാനുള്ള ശേഷിയും നഷ്ടമാകുന്നു. ആശയക്കുഴപ്പത്തിലായ ഇരകള്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാതാകുന്നതോടെ എളുപ്പത്തില്‍ അവരെ കീഴ്‌പ്പെടുത്താം. ഒടുവില്‍ ബോധം വരുമ്പോള്‍ തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാനും അവര്‍ക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ പലരും പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ മടിക്കുന്നു.
ജര്‍മനിയില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. 2021-ല്‍, ഡേറ്റ്-റേപ്പ് മയക്കുമരുന്ന് ഉള്‍പ്പെടുന്ന 22 കേസുകള്‍ ബെര്‍ലിന്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൈറ്റ്ക്ലബ്ബുകളില്‍ ഡേറ്റ് റേപ്പ് ഡ്രഗ് ഉപയോഗിക്കുന്നത് കണ്ടെത്താന്‍ നിര്‍ബന്ധിത തിരച്ചില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം യുകെയിലെ ഒരു ലക്ഷത്തിലധികം സ്ത്രീകള്‍ നിവേദനം നല്കിയിരുന്നു.