
ഓരോ ദിവസവും എന്ന പോലെ നമ്മുടെ നാട്ടിൽ അക്രമങ്ങൾ കൂടി വരികയാണ് അല്ലേ? എന്നാൽ, ഒരു അതിക്രമവും ഇല്ലാത്ത, ക്രിമിനലുകൾ ഇല്ലാത്ത നാടുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. എന്നാൽ, അങ്ങനെ ഒരു ഗ്രാമമുണ്ട് എന്നാണ് പറയുന്നത്. അത് ചരിത്രപ്രശസ്തമായ ബിഹാറിലെ നളന്ദ ജില്ലയിലാണ്. ഈ ജില്ലയിൽ നിന്നും 20 കിലോമീറ്റർ അകലെ ഗംഗുര പഞ്ചായത്തിലെ വാർഡ് നമ്പർ 2 -ന്റെ കീഴിലാണ് ധക്നി ഗ്രാമം. 5000 ചതുരശ്ര അടിയാണ് വിസ്തീർണ്ണം.
ക്രിമിനലുകളില്ല എന്നത് പോലെ തന്നെ ഇവിടെ മദ്യവും ഇല്ല. ആരും മദ്യം നിർമ്മിക്കുകയോ അത് വിൽക്കുകയോ ചെയ്യുന്നില്ല. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കോലാഹലങ്ങളോ സംഘർഷങ്ങളോ, ജാതിപരമായ വേർതിരിവുകളോ ഇല്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. ഗ്രാമത്തിൽ 150 മുതൽ 200 വരെ വീടുകളാണ് ഉള്ളത്. ഗ്രാമവാസികൾ എല്ലാവരും ചേർന്ന് ഒരു അംഗത്തെ തെരഞ്ഞെടുത്ത് പഞ്ചായത്ത് പ്രസിഡണ്ട് പോലെ ഒരു സ്ഥാനം നൽകുന്നു.
സുരേന്ദ്ര സിംഗ് എന്ന പ്രദേശവാസി പറയുന്നത്, 40 - 45 വർഷം മുമ്പ് ഒരു പരിസ്ഥിതി പ്രവർത്തകനാണ് ഇവിടെ ചില നിയമങ്ങൾ ഒക്കെ സ്ഥാപിച്ചത്. എന്നാൽ, ആളുകൾ അത് ഇപ്പോഴും പാലിക്കുന്നു എന്നാണ്. ഇവിടെ താമസിക്കുന്നവരിൽ 85% പേരും വിദ്യാസമ്പന്നരാണ് എന്നതും ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഇവിടെ ഗ്രാമവാസികൾ പ്രകൃതിയോട് ചേർന്ന് സന്തോഷത്തോടെ കഴിയുന്നു എന്നാണ് പറയുന്നത്. ഇവിടെ ഒരു തോട്ടമുണ്ട്. ഇത് മൂന്ന് ഏക്കർ വരും. ഇവിടെ വരികയാണ് എങ്കിൽ നിർബന്ധമായും സന്ദർശിക്കേണ്ട ഒരു സ്ഥലമാണ് ഇത്. ക്ലാസ്, പദവി എന്നിവയിലൊന്നും തന്നെ ഇവിടെയുള്ളവർ വിശ്വസിക്കുന്നില്ല. സഹായം ആവശ്യപ്പെട്ട് ആര് വന്നാലും അവർ സഹായം ചെയ്ത് കൊടുക്കും എന്നാണ് പറയുന്നത്.
ഏതായാലും ബിഹാറിലെ ഒരു മാതൃകാഗ്രാമമായിട്ടാണ് ഇത് അറിയപ്പെടുന്നത്.