എലിസബത്ത് രാജ്ഞി കുട്ടിക്കാലത്തെഴുതിയ കത്ത്, ലേലത്തിൽ പോയത് 30 ലക്ഷം രൂപയ്ക്ക്! എന്താണ് എഴുതിയത്?

Published : Mar 01, 2026, 12:17 PM IST
Letter by young Queen Elizabeth II

Synopsis

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കുട്ടിക്കാലത്ത് തന്റെ കൊട്ടാരത്തിലെ ജീവനക്കാരിക്ക് അയച്ച കത്ത് ലേലത്തിൽ വിറ്റുപോയത് 27 ലക്ഷം രൂപയ്ക്ക്. നിഷ്കളങ്കമായ ചോദ്യങ്ങളും ചിത്രങ്ങളും നിറഞ്ഞ ഈ കത്ത് വർഷങ്ങൾക്ക് ശേഷം 2024 -ൽ ഒരു സ്യൂട്ട്കേസിൽ നിന്നാണ് കണ്ടെത്തിയത്.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കുട്ടിക്കാലത്ത് തന്റെ കൊട്ടാരത്തിലെ ജീവനക്കാരിക്ക് അയച്ച ഹൃദയസ്പർശിയായ ഒരു കത്ത് ലേലത്തിൽ വിറ്റുപോയത് ലക്ഷങ്ങൾക്ക്. ഏകദേശം 25,000 പൗണ്ട് അതായത്, ഇന്ത്യൻ രൂപയിൽ ഏകദേശം 30 ലക്ഷം ആണ് ഈ കത്തിന് ലേലത്തിൽ ലഭിച്ചത്. വെറും 4,000 പൗണ്ട് മാത്രം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് ഇത്രയും വലിയ തുകയ്ക്ക് കത്ത് വിറ്റുപോകുന്നത്.

കത്തിൽ എന്താണ് എഴുതിയിരുന്നത്?

ഇനി ഈ ലക്ഷങ്ങൾ വില വരുന്ന കത്തിൽ എന്താണ് എഴുതിയിരുന്നത് എന്നല്ലേ? 1936 -നും 1940 -നും ഇടയിൽ, എലിസബത്ത് രാജ്ഞിക്ക് 10 -നും 12 -നും ഇടയിൽ പ്രായമുള്ളപ്പോഴാണ് ഈ കത്തെഴുതിയത്. വിൻഡ്‌സറിലെ റോയൽ ലോഡ്ജിലെ ഹെഡ് ഹൗസ്‌മെയ്‌ഡ് ആയ ബിയാട്രിസ് സ്റ്റിൽമാന് ആണ് കത്തയച്ചിരിക്കുന്നത്.

കത്തിൽ രാജ്ഞിതന്നെ വരച്ചു ചേർത്തിട്ടുള്ള അനേകം ചിത്രങ്ങളുണ്ട്. അതിൽ, നായ്ക്കൾ, കുതിരകൾ, കുട്ടികൾ എന്നിവയെല്ലാം കാണാം. അത് മാത്രമല്ല, താൻ പറിച്ചെടുത്ത പൂക്കൾ കൊട്ടാരത്തിലെ മറ്റ് ജീവനക്കാർക്കും പങ്കുവെക്കണമെന്നും കത്തിൽ രാജ്ഞി പ്രത്യേകം നിർദ്ദേശിക്കുന്നതായി കാണാം. ഒപ്പം 'പക്ഷികൾക്ക് സുഖമാണോ?', '​ഗോൾഡ് ഫിഷ് ചത്തുപോയിട്ടില്ലല്ലോ അല്ലേ?' എന്നിങ്ങനെ സാധാരണ കുട്ടികൾ ചോദിക്കാറുള്ള വളരെ നിഷ്കളങ്കമായ ചോദ്യങ്ങളും കത്തിലുണ്ട്.

കത്ത് കണ്ടെത്തിയത് എങ്ങനെ?

വർഷങ്ങളോളം ഒരു പെട്ടിക്കുള്ളിൽ ആരും അധികം ശ്രദ്ധിക്കാതെ കിടന്ന ഈ കത്തുകൾ 2024 -ലാണ് പുറംലോകം അറിയുന്നത്. ബിയാട്രിസ് സ്റ്റിൽമാന് അയച്ച നിരവധി കത്തുകളിൽ ഒന്നായിരുന്നു ഇതും. 1940 -ൽ നടന്ന ഒരു വ്യോമാക്രമണത്തിൽ സ്റ്റിൽമാന്റെ സഹോദരീഭർത്താവ് ജോൺ ഡിക്കർ കൊല്ലപ്പെട്ടു. തുടർന്ന്, സ്റ്റിൽമാന്റെ സഹോദരിയെയും അവരുടെ പെൺമക്കളായ റെനെയും ജീനിനെയും കൊട്ടാരത്തിലെ രാജകുമാരിമാർക്കൊപ്പം കളിക്കാൻ ക്വീൻ മദർ റോയൽ ലോഡ്ജിലേക്ക് ക്ഷണിച്ചു. ജീനിന്റെ മകൻ വില്യം വെസ്റ്റാക്കോട്ട് ആണ് 2024 -ൽ ഈ കത്തുകളുടെ ശേഖരം കണ്ടെത്തുന്നത്. തന്റെ അമ്മയുടെ മരണശേഷം കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന ഒരു സ്യൂട്ട്കേസിനുള്ളിൽ നിന്നാണ് അദ്ദേഹത്തിന് ഇത് ലഭിച്ചത്.

കെന്റിൽ നടന്ന ലേലത്തിൽ ന്യൂയോർക്ക്, ഹോങ്കോംഗ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ വരെ പങ്കെടുത്തു.

 

PREV
Read more Articles on
click me!

Recommended Stories

കൂട്ടുകാരനെ വിശ്വസിച്ച് 8 ലക്ഷം നൽകി; വിദേശത്തെത്തിയ സുഹൃത്ത് മുങ്ങി, ഐടി ജീവനക്കാരൻ കടക്കെണിയിലായതിങ്ങനെ
ക്രൂരത തന്നെ, വേണ്ടെങ്കിൽ പറഞ്ഞാൽ പോരേ, പങ്കാളിയെ ഇങ്ങനെ ഉപേക്ഷിക്കണോ?