സ്വന്തമായി കാറില്ല, ആഡംബര വസ്തുക്കളും വാങ്ങാറില്ല; സാമ്പത്തിക ഭദ്രതയ്ക്കായി ദമ്പതികൾ പിന്തുടരുന്ന 6 ശീലങ്ങൾ!

Published : Nov 16, 2026, 12:34 PM IST
financial stability habits

Synopsis

ഭാവിയിലേക്ക് പണം സമ്പാദിക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുമായി ദമ്പതികളായ മുസ്കാൻ മിത്തലും ആശിഷ് ഗുപ്തയും പിന്തുടരുന്ന ആറ് പ്രധാന ശീലങ്ങൾ വെളിപ്പെടുത്തുന്നു. കാർ വാങ്ങാതിരിക്കുക, മാതാപിതാക്കൾക്കൊപ്പം താമസിക്കുക, ആഡംബരങ്ങൾ ഒഴിവാക്കുക തുടങ്ങിയ ലളിതമായ ജീവിതശൈലിയാണ് അവരുടേത്.

ഭാവിയിലേക്ക് പണം സമ്പാദിക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും കൃത്യമായ ആസൂത്രണം അനിവാര്യമാണ്. വരുമാനം വർധിപ്പിക്കുന്നതിനും ചെലവുകൾ നിയന്ത്രിക്കുന്നതിനുമായി തങ്ങൾ ജീവിതത്തിൽ പിന്തുടരുന്ന ആറ് പ്രധാന ശീലങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദമ്പതികളായ മുസ്കാൻ മിത്തലും ആശിഷ് ഗുപ്തയും. ജീവിതശൈലിയിലെ ചില കൃത്യമായ തെരഞ്ഞെടുപ്പുകളും കുടുംബത്തിന്‍റെ പിന്തുണയും ആലോചിച്ചുള്ള റിസ്ക് എടുക്കാനുള്ള മനോഭാവവുമാണ് തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സഹായിച്ചതെന്ന് ആശിഷ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ വിശദീകരിക്കുന്നു.

നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ മുന്നേറാൻ ഇരുവരും പിന്തുടരുന്ന ആറ് ശീലങ്ങൾ താഴെ പറയുന്നവയാണ്:

1. സ്വന്തമായി കാർ വാങ്ങിയിട്ടില്ല

സ്വന്തമായി കാർ വാങ്ങേണ്ടതില്ലെന്നാണ് ദമ്പതികളുടെ തീരുമാനം. വലിയ വായ്പകളോ മറ്റ് സാമ്പത്തിക ബാധ്യതകളോ തങ്ങൾക്കില്ലെന്ന് മുസ്കാൻ പറയുന്നു. മികച്ച സാമ്പത്തിക അടിത്തറയോടെ ജീവിതം തുടങ്ങാൻ തങ്ങളെ സഹായിച്ചത് മാതാപിതാക്കൾ നടത്തിയ ത്യാഗങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി.

2. മാതാപിതാക്കൾക്കൊപ്പം താമസം

മാതാപിതാക്കൾക്കൊപ്പം താമസിക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനത്തോട് ചിലർക്ക് വിയോജിപ്പുണ്ടാകാമെന്ന് ആശിഷ് സമ്മതിക്കുന്നുണ്ടെങ്കിലും, മാതാപിതാക്കളുടെ പൂർണ പിന്തുണ തങ്ങൾക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദീർഘകാലത്തേക്ക് യാത്ര ചെയ്യാറുള്ളവരാണ് ഇരുവരും. ചിലപ്പോൾ മാസങ്ങളോളം യാത്രയിലായിരിക്കുന്നതിനാൽ, ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റിന് വാടക നൽകേണ്ടിവരില്ലെന്നതും മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നതിന്‍റെ സാമ്പത്തിക നേട്ടമായി ആശിഷ് ചൂണ്ടിക്കാട്ടുന്നു.

3. സമൂഹ മാധ്യമങ്ങളിലൂടെ വരുമാനം

സമൂഹ മാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേഷൻ ഇരുവരുടെയും വരുമാന മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ഓൺലൈനിലൂടെ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ തങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് മുസ്കാൻ വിശദീകരിക്കുന്നു.

4. മദ്യത്തിനായി പണം ചെലവഴിക്കില്ല

മദ്യപാനത്തിനായി പണം ചെലവഴിക്കുന്നത് ദമ്പതികൾ പരമാവധി ഒഴിവാക്കുന്നു. അപൂർവമായി മാത്രമാണ് മദ്യപിക്കാറുള്ളതെന്നും, ആറുമാസത്തിനിടെ ഒരിക്കൽ ഒരു ഡ്രിങ്ക് കഴിച്ചാലായി എന്നുമാണ് ആശിഷ് പറയുന്നത്. ഇത്തരം ചെലവുകൾ കാലക്രമേണ വലിയ തുകയായി മാറാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

5. വിലകൂടിയ വസ്തുക്കളേക്കാൾ അനുഭവങ്ങൾക്ക് മുൻഗണന

പണക്കാരായി തോന്നിക്കാനോ വിലകൂടിയ സാധനങ്ങൾ വാങ്ങിക്കൂട്ടാനോ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ആശിഷ് പറയുന്നു. ആഡംബര ബാഗുകൾ, വിലയേറിയ വാച്ചുകൾ, ഫാൻസി വസ്ത്രങ്ങൾ എന്നിവയ്ക്കായി പണം ചെലവഴിക്കുന്നത് ഇരുവരും ഒഴിവാക്കുന്നു. പകരം, പുതിയ അനുഭവങ്ങൾ സ്വന്തമാക്കാനും കാര്യങ്ങൾ പഠിക്കാനും ഒരുമിച്ച് വളരാനുമാണ് താൽപര്യം. മറ്റുള്ളവരെ കാണിക്കാനായി വിലകൂടിയ സാധനങ്ങൾ വാങ്ങുന്നതിനുപകരം തങ്ങൾക്ക് യഥാർഥത്തിൽ പ്രാധാന്യമുള്ള കാര്യങ്ങൾക്കാണ് പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

6. വരുമാനം വർധിപ്പിക്കാൻ കണക്കുകൂട്ടിയുള്ള റിസ്ക്

വരുമാനം വർധിപ്പിക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെയുള്ള റിസ്ക് എടുക്കാനും ദമ്പതികൾ തയ്യാറാണ്. സമൂഹ മാധ്യമങ്ങളിൽ സ്വന്തമായി ഒരു പേജ് ആരംഭിച്ചത് തന്നെ വലിയൊരു റിസ്കായിരുന്നുവെന്ന് ആശിഷ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'കള്ളന്മാർ കള്ളന്മാർ': വിമാനം വൈകിയതിന് പിന്നാലെ ജീവനക്കാർക്ക് നേരെ യാത്രക്കാരുടെ അസഭ്യവർഷം; സ്പൈസ് ജെറ്റ് വിമാനത്താവളത്തിലെ ദൃശ്യങ്ങൾ വൈറൽ
കൊലക്കേസ് പ്രതിയായി രണ്ടര വർഷം ജയിലിൽ, ഒടുവിൽ ജാമ്യത്തിലിറങ്ങി നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ട യുവതിയെ ജീവനോടെ കണ്ടെത്തി യുവാവ്!