
സോഷ്യൽ മീഡിയയിൽ ഓരോ ദിവസവുമെന്നോണം അനേകം ചിത്രങ്ങളും വീഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്. അതിൽ രസകരമായതും വിചിത്രമായതുമായ അനേകം കണ്ടന്റുകളും നമുക്ക് കാണാം. അതുപോലെ ഒരു ചിത്രമാണ് ഇപ്പോൾ ചിരി പടർത്തുന്നത്.
നമുക്കറിയാം, രസികന്മാരായ ഒട്ടേറെ കാബ് ഡ്രൈവർമാർ ഇവിടെയുണ്ട്. അതുപോലെ ഒരാൾ തന്റെ ടാക്സി കാറിൽ എഴുതിവച്ചിരിക്കുന്ന കുറച്ച് മുന്നറിയിപ്പുകളാണ് സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ നേടുന്നത്.
ആളുകൾ അതിവേഗം കൂടിവരുന്ന ഒരു തിരക്കേറിയ നഗരമായി മാറിക്കൊണ്ടിരിക്കുകയാണ് ബെംഗളൂരു. ഈ ചിത്രം റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇത് ബെംഗളൂരുവിലെ ഒരു കാബിൽ ഇന്ന് കണ്ടതാണ് എന്ന് പറഞ്ഞുകൊണ്ടാണ്. അതിൽ ഡ്രൈവറുടെ സീറ്റിനടുത്തുള്ള പാസഞ്ചർ സീറ്റിന്റെ പിന്നിലായി എഴുതി വച്ചിരിക്കുന്ന കുറച്ച് അറിയിപ്പുകളാണ് കാണുന്നത്. അതിൽ എഴുതിയിരിക്കുന്നത് യാത്രയിൽ പാലിക്കേണ്ടുന്ന കുറച്ച് കാര്യങ്ങളാണ്.
'വാണിംഗ്' എന്ന് പറഞ്ഞു തന്നെയാണ് ഇക്കാര്യങ്ങൾ കുറിച്ചിരിക്കുന്നത്. അതിൽ ഒന്നാമതായി പറയുന്നത് 'നോ റൊമാൻസ്' എന്നാണ്. അതായത് കാറിൽ റൊമാൻസ് പാടില്ല എന്ന് അർത്ഥം. അടുത്തതായി പറയുന്നത്, ഇതൊരു കാബ് ആണ് എന്നാണ്. ഇത് നിങ്ങളുടെ സ്വകാര്യ ഇടമോ ഓയോ റൂമോ അല്ല അതിനാൽ അകന്നും ശാന്തമായും ഇരിക്കുക എന്നതാണ് അവസാനമായി പറയുന്നത്.
എന്തായാലും, പോസ്റ്റ് റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെട്ടു. ഒരുപാടുപേരാണ് ഇതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഡ്രൈവർക്ക് തന്റെ കാബിൽ എന്തുവേണം എങ്ങനെ വേണം എന്ന് തീരുമാനിക്കുള്ള സ്വാതന്ത്ര്യമുണ്ട്, അതിൽ യാത്ര ചെയ്യണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം എന്നായിരുന്നു ചില കമന്റുകൾ. രസകരമായ കമ്നറുകളും ചിലർ നൽകിയിട്ടുണ്ട്. അതേസമയം, ഇത്രയ്ക്ക് വേണോ എന്ന് ചോദിച്ചവരും ഉണ്ട്.