ശമ്പളമില്ല, കയ്യിൽ പണവുമില്ല, അഫ്​ഗാനിൽ അധ്യാപകരുടെ പ്രതിഷേധം

By Web TeamFirst Published Oct 22, 2021, 3:30 PM IST
Highlights

പലരും ജീവിക്കാൻ ഗതിയില്ലാതെ വീട്ടുപകരണങ്ങൾ വരെ വിൽക്കാൻ നിർബന്ധിതരാകുന്നു. അടുത്തിടെ ഡസൻ കണക്കിന് അധ്യാപകരാണ് ഇത്തരം വെല്ലുവിളികൾ നേരിടാനാകാതെ രാജ്യം വിട്ട് പോയത്. 

പടിഞ്ഞാറൻ ഹെറാത്ത്(Herat) പ്രവിശ്യയിലെ അധ്യാപകർ ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചുവെന്ന് റിപ്പോർട്ട്. താലിബാൻ(Taliban) അവർക്ക് ശമ്പളം(salary) നൽകിയിട്ട് നാല് മാസത്തിലേറെയായി എന്നവർ പറയുന്നു. നൂറുകണക്കിന് അധ്യാപകരാണ് ശമ്പളം നൽകാത്തതിന്റെ പേരിൽ പ്രതിഷേധവുമായി ഒത്തുകൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തങ്ങൾ നേരിടുന്നതെന്ന് അവർ വ്യക്തമാക്കി. ഇസ്ലാമിക് എമിറേറ്റ് തങ്ങളുടെ ശമ്പളം എത്രയും വേഗം തന്ന് തീർക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു.  

"അധ്യാപകർക്ക് വലിയ ശമ്പളമൊന്നും മുൻപും ഉണ്ടായിരുന്നില്ല. അന്നന്നത്തെ ചെലവിനുള്ളത് മാത്രമാണ് അവർക്ക് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു പ്രതിസന്ധി നേരിടാനുള്ള സമ്പാദ്യമൊന്നും അധ്യാപകരുടെ പക്കലില്ല" അധ്യാപികയായ ലത്തീഫ അലിസൈ പറഞ്ഞു. സ്വന്തം കുട്ടികൾക്ക് ഭക്ഷണമോ, വൈദ്യസഹായമോ പോലും നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് പലരും. കൂടാതെ, ശമ്പളം മുടങ്ങിയതോടെ പല കുടുംബങ്ങളും പട്ടിണിയിലായെന്നും റിപ്പോർട്ടുകൾ പറയുന്നു.  

"പല അധ്യാപകർക്കും അവരുടെ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ പോലുമുള്ള പണമില്ല, അവരുടെ വീടുകളിൽ വൈദ്യുതി ഇല്ല," സ്കൂൾ അധ്യാപകനായ നസീർ അഹമ്മദ് ഹക്കിമി പറഞ്ഞു. "എന്റെ മകൾക്ക് സുഖമില്ലാതായിട്ട് ഒരു മാസത്തിലേറെയായി. എനിക്ക് അവളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാൻ കഴിയുന്നില്ല," മറ്റൊരു അധ്യാപകനായ സാദത്ത് അതിഫ് പറഞ്ഞു. ചുരുങ്ങിയത് 18,000 അധ്യാപകർക്കെങ്കിലും നാല് മാസത്തെ ശമ്പള കുടിശ്ശിക കിട്ടാനുണ്ടെന്നാണ് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അതിൽ 10,000 -ത്തോളം സ്ത്രീകളാണ്.

പലരും ജീവിക്കാൻ ഗതിയില്ലാതെ വീട്ടുപകരണങ്ങൾ വരെ വിൽക്കാൻ നിർബന്ധിതരാകുന്നു. അടുത്തിടെ ഡസൻ കണക്കിന് അധ്യാപകരാണ് ഇത്തരം വെല്ലുവിളികൾ നേരിടാനാകാതെ രാജ്യം വിട്ട് പോയത്. അതേസമയം വരും ദിവസങ്ങളിൽ ഒരു മാസത്തെ ശമ്പളം അനുവദിക്കുമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ മേധാവി ശുഹാബുദ്ദീൻ സാക്കിബ് പറഞ്ഞു. എല്ലാ മേഖലയിലും ഈ പ്രതിസന്ധി നിലനിൽക്കുന്നു. കഴിഞ്ഞ 14 മാസത്തെ ശമ്പള കുടിശ്ശിക ലോക ബാങ്കിനോട് നൽകാൻ ആവശ്യപ്പെട്ട് നൂറുകണക്കിന് ഡോക്ടർമാർ കഴിഞ്ഞയാഴ്ച ഒത്തുകൂടിയിരുന്നു. ശമ്പളം നൽകിയിട്ടില്ലെന്ന് മാത്രമല്ല, അതത് പ്രവിശ്യകളിലെ ക്ലിനിക്കുകളിൽ മരുന്നിന്റെ കടുത്ത ക്ഷാമം നേരിടുന്നുവെന്നും പ്രതിഷേധക്കാർ പരാതിപ്പെട്ടു. താലിബാൻ രാജ്യം ഏറ്റെടുത്തതിനുശേഷം, ബാങ്കുകൾ അടച്ചു. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ കൈവശം പണമില്ലാത്ത അവസ്ഥയുണ്ടാക്കി. അതുപോലെ തൊഴിലുടമകൾ അവരുടെ ജീവനക്കാർക്കും പണം നൽകിയിട്ടില്ല. അക്കൗണ്ടിൽ പണമുള്ളവർക്ക് പോലും അത് പിൻവലിക്കാൻ സാധിക്കുന്നില്ല. 


 

click me!