
മറ്റുള്ളവരുടെ വസ്ത്രധാരണത്തോട് പൊതുവേ സമൂഹത്തിന് ഒരു വിമർശനാത്മക മനോഭാവമാണ്. അവരുടെ വസ്ത്രധാരണങ്ങളിൽ അഭിപ്രായം പറയാൻ തങ്ങൾക്ക് അവകാശമുണ്ട് എന്നാണ് എല്ലാവരും കരുതുന്നത്. ഏതായാലും ഇപ്പോൾ കൊൽക്കത്തയിലെ ഒരു കോളേജ് പുതുതായി കോളേജിൽ ചേർന്ന വിദ്യാർത്ഥികളോട് ഒരു സത്യവാങ്മൂലത്തിൽ ഒപ്പിടാൻ പറഞ്ഞതാണ് വാർത്തയാവുന്നത്.
ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് കോളേജ് (AJC ബോസ് കോളേജ്) ആണ് പുതുതായി ചേർന്ന വിദ്യാർത്ഥികളോട് അസഭ്യമായ രീതിയിൽ വസ്ത്രം ധരിച്ച് കോളേജിൽ വരില്ല എന്ന് എഴുതി ഒപ്പിടീച്ചിരിക്കുന്നത്. പ്രത്യേകിച്ചും റിപ്പ്‍ഡ് ജീൻസ് ധരിച്ച് വരരുത് എന്നാണ് നിർദ്ദേശം. തികച്ചും ഔപചാരികമായ വസ്ത്രങ്ങൾ മാത്രമേ കോളേജിന്റെ പരിസരത്ത് സ്വീകാര്യമാകൂ എന്നാണ് കോളേജ് ഉത്തരവ്. അതിന്റെ ഭാഗമാണ് ഈ സത്യവാങ്‍മൂലവും.
വസ്ത്രധാരണത്തിന്റെ കാര്യത്തിലുള്ള കോളേജിന്റെ നിബന്ധനകൾ കോളേജിന്റെ വെബ്സൈറ്റിലും വ്യക്തമായി പറയുന്നുണ്ട്. അതിൽ പറയുന്നത് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിക്കുന്നതിനെ കുറിച്ചും റിപ്പ്‍ഡ് ജീൻസ് കർശനമായി നിരോധിച്ചിരിക്കുന്നു എന്നുമാണ്. മാത്രമല്ല, ഫോർമലായിട്ടുള്ള വസ്ത്രം മാത്രമേ അനുവദിക്കൂ എന്നും എഴുതിയിട്ടുണ്ട്.
എന്നാൽ, കോളേജ് ഇത് ആദ്യമായിട്ടല്ല ഇങ്ങനെ ഒരു സമീപനം വിദ്യാർത്ഥികളോട് കാണിക്കുന്നത്. കഴിഞ്ഞ വർഷവും കോളേജിൽ റിപ്പ്‍ഡ് ജീൻസിന് വിലക്ക് കൽപ്പിച്ചിരുന്നു. എന്നാൽ, വിദ്യാർത്ഥികൾ അത് ധരിക്കുന്നത് തുടരുകയായിരുന്നു. അതോടെയാണ് കൂടുതൽ കർശനമായി വിലക്ക് നടപ്പിലാക്കാൻ കോളേജ് മുന്നിട്ടിറങ്ങിയത്.
പ്രിൻസിപ്പലായ പൂർണ ചന്ദ്ര മൈത്തി പറയുന്നത്, ഇത്തരം വസ്ത്രങ്ങൾ കോളേജിൽ അനുവദിക്കാൻ സാധ്യമല്ല. ഫോർമലായിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചു വേണം വിദ്യാർത്ഥികൾ ക്യാംപസിൽ എത്താൻ എന്നാണ്. വിദ്യാർത്ഥികളുടെ മാതാപിതാക്കളോടും വിദ്യാർത്ഥികളുടെ വസ്ത്രധാരണം സംബന്ധിച്ച് ഉറപ്പ് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതായാലും വിദ്യാർത്ഥികൾ ഇതിനോട് കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.