സിനിമ ബോറടിച്ചാൽ ഇറങ്ങിപ്പോകേണ്ട, നന്നായൊന്ന് ഉറങ്ങാം! ചൈനീസ് തിയേറ്ററുകളിൽ ‘നൂൺ നാപ്’സർവീസ്

Published : Aug 28, 2026, 09:57 PM IST
Nap Service in Chinese cinema theater

Synopsis

ചൈനയിലെ ഷിയാൻ നഗരത്തിലുള്ള ഒരു സിനിമാ തിയേറ്റർ സിനിമ കാണാൻ മാത്രമല്ല, ഉച്ചയ്ക്ക് ഉറങ്ങാനും സൗകര്യമൊരുക്കുന്നു. 'ലൈയിങ് ഫ്ലാറ്റ് പ്ലാൻ' എന്ന പേരിൽ പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയാണ് ഈ നാപ് സർവീസ് നൽകുന്നത്. പകൽ സമയത്തെ ഷോകൾക്ക് ആളില്ലാത്തതിനെ തുടർന്നാണ് തിയേറ്റർ അധികൃതർ ഈ പുതിയ സേവനം ആരംഭിച്ചത്.

സിനിമ കണ്ട് ബോറടിച്ചാൽ ഇനി ഇറങ്ങിപ്പോകേണ്ട സുഖമായി കിടന്നുറങ്ങാം. അതല്ലെങ്കിൽ ഓഫീസിലെ തിരക്കിനിടെ അൽപസമയം ഉറങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. സംഗതി സിനിമാ തിയറ്ററാണ്. പക്ഷേ, സിനിമ കാണാനെത്തുന്നവർക്കായി മാത്രമല്ല, ഉച്ചയുറക്കം ആഗ്രഹിക്കുന്നവർക്കും ഈ ചൈനീസ് തിയേറ്റർ തങ്ങളുടെ ഹാൾ തുറന്നുകൊടുത്തിരിക്കുകയാണ്. ചൈനയിലെ ഷാൻഷി പ്രവിശ്യയിലെ ഷിയാൻ നഗരത്തിലുള്ള ലുമിയൈ സിനിമാ തീയറ്ററാണ് ഇത്തരമൊരു വ്യത്യസ്ത പരിപാടിയുമായി രംഗത്തെത്തിയത്.

‘ലൈയിങ് ഫ്ലാറ്റ് പ്ലാൻ’

‘ലൈയിങ് ഫ്ലാറ്റ് പ്ലാൻ’ എന്ന പേരിലാണ് ഈ പ്രത്യേക സേവനം ഒരുക്കിയിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയാണ് നാപ് സർവീസ്. രണ്ട് പ്രത്യേക ഹാളുകളിലായി ആകെ 76 സീറ്റുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. സാധാരണ സിനിമാ സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഏതാണ്ട് പൂർണമായും പരന്ന നിലയിലേക്ക് മാറ്റാവുന്ന റിക്ലൈനർ സീറ്റുകളാണ് ഇവ. 39.9 യുവാനാണ് ഒരാൾക്കുള്ള പ്രതിമാസ പാസ്. രണ്ട് പേർക്ക് ഉപയോഗിക്കാവുന്ന പാസിന് 59.9 യുവാൻ നൽകണം. വിശ്രമിക്കുന്നവർക്ക് പുതപ്പും കാപ്പിയും മറ്റ് പാനീയങ്ങളും അധിക നിരക്കില്ലാതെ ലഭിക്കും. ഇയർപ്ലഗിനും ഐ മാസ്കിനും 5.9 യുവാൻ വീതമാണ് അധികമായി നൽകേണ്ടത്.

മസാജ് സീറ്റുകളും ലഭ്യം

മൊബൈൽ ഫോൺ സൈലന്‍റ് മോഡിൽ വയ്ക്കണമെന്നാണ് തിയേറ്ററിലെ പ്രധാന നിർദേശം. ഫോൺ വിളി ആവശ്യമായാൽ നാപ് ഏരിയയിൽനിന്ന് പുറത്തുപോകേണ്ടിവരും. വിശ്രമിക്കുന്നതിനിടെ ചെരിപ്പ് അഴിക്കാൻ പാടില്ലെന്നും നിയമമുണ്ട്. രണ്ട് ഹാളുകളിൽ കൂടുതൽ വിശാലമായ സീറ്റുകളുള്ള ‘ലിഷർ സ്ക്രീനിങ് ഹാളിനാണ്’ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ താൽപര്യം. മസാജ് ചെയറുകൾ ഉൾപ്പെടുന്ന ‘മസാജ് സീറ്റ് ഹാളും’ ലഭ്യമാണ്.

തിയറ്ററിൽ സിനിമ കാണാൻ ആളില്ല!

ആഴ്ചയിലെ പകൽസമയ ഷോകളിൽ പലപ്പോഴും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതാണ് പുതിയ സേവനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് സിനിമാ മാനേജർ ഷു പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോൾ മിക്ക ദിവസങ്ങളിലും ലഭ്യമായ സീറ്റുകളുടെ പകുതിയിലേറെയും നാപ് സർവീസിനായി ഉപയോഗിക്കുന്നുണ്ട്. നാല് മാസമായി സേവനം ഉപയോഗിക്കുന്ന 33 -കാരനായ ഗു എന്ന സ്ഥിരം ഉപഭോക്താവിന്‍റെ അനുഭവവും റിപ്പോർട്ടിലുണ്ട്. ജോലി സ്ഥലത്ത് ഉറങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും ശരിയായ വിശ്രമം ലഭിച്ചിരുന്നില്ലെന്നും ഇരുണ്ടതും വൃത്തിയുള്ളതുമായ തിയേറ്റർ അന്തരീക്ഷം കൂടുതൽ സുഖകരമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ചൈനയിൽ ഉച്ചയുറക്കം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. ചൈന സ്ലീപ്പ് റിസർച്ച് സൊസൈറ്റിയുടെ സർവേ പ്രകാരം പങ്കെടുത്തവരിൽ 70 ശതമാനത്തിലേറെ പേർ കുറഞ്ഞത് 30 മിനിറ്റ് ഉച്ചയുറക്കം ഇഷ്ടപ്പെടുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഓഫീസിലെ പുകവലി അസഹനീയം; ഒടുവിൽ, യുവതി ജോലി രാജിവച്ചു; കുറിപ്പ് വൈറൽ
വിമാനയാത്ര കുടുംബയാത്രയാക്കി മുത്തശ്ശി; പേരെടുത്ത് വിളിച്ച്, ഭക്ഷണം വിളമ്പി... മറ്റ് യാത്രക്കാരുടെ ഉറക്കം കളഞ്ഞെന്ന് പരാതി