വിമാനയാത്ര കുടുംബയാത്രയാക്കി മുത്തശ്ശി; പേരെടുത്ത് വിളിച്ച്, ഭക്ഷണം വിളമ്പി... മറ്റ് യാത്രക്കാരുടെ ഉറക്കം കളഞ്ഞെന്ന് പരാതി

Published : Aug 28, 2026, 07:21 PM IST
Elderly Passenger on flight

Synopsis

പത്തിലേറെ ബന്ധുക്കൾക്കൊപ്പം യാത്ര ചെയ്ത ഒരു വയോധിക, വിമാനത്തെ സ്വന്തം വീടുപോലെ കണക്കാക്കി ബഹളം വെക്കുകയും ഭക്ഷണം പങ്കുവെക്കുകയും ചെയ്തത് മറ്റു യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി. സഹയാത്രിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ സംഭവം വൈറലാവുകയും പൊതുസ്ഥലത്തെ പെരുമാറ്റത്തെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.

പുലർച്ചെയുള്ള വിമാനയാത്രയിൽ സാധാരണ യാത്രക്കാർ ഉറക്കം പിടിക്കാനോ നിശ്ശബ്ദമായി യാത്ര ചെയ്യാനോ ശ്രമിക്കുമ്പോൾ, പ്രായം ചെന്നൊരു യാത്രക്കാരി വിമാനത്തെ സ്വന്തം കുടുംബവീട് പോലെ മാറ്റിയെടുത്ത സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പത്തിലേറെ ബന്ധുക്കൾക്കൊപ്പം യാത്ര ചെയ്ത വയോധിക, വിമാനത്തിനുള്ളിൽ ഉടനീളം ബന്ധുക്കളെ വിളിച്ചും സംസാരിച്ചും ഭക്ഷണം പങ്കുവെച്ചുമാണ് യാത്ര ചെയ്തതെന്ന് സഹയായത്രികയായ നിർമ്മാല്യ കജുരി എന്ന എക്സ് ഉപയോക്താവാണ് പങ്കുവെച്ചു. പിന്നാലെയത് സമൂഹ മാധ്യമങ്ങളിൽ വൈറലായി.

'ബ്രേക്ക് ഫാസ്റ്റിന് സമയമായി, എല്ലാവരും വായോ'

ബന്ധുക്കൾ വിമാനത്തിന്‍റെ വിവിധ ഭാഗങ്ങളിലിള്ള സീറ്റിൽ ഇരുന്നിട്ടും യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ വയോധിക അവരുമായി സംസാരിക്കാൻ ശ്രമിച്ചെന്നാണ് കുറിപ്പിൽ പറയുന്നത്. “സോനു, എന്താ മിണ്ടാത്തത്? മോനു, നിന്നെ കേൾക്കുന്നില്ലല്ലോ! റോനു, ധോനു, നേരത്തെ തന്നെ ബാറ്ററി തീർന്നോ?” എന്നിങ്ങനെ അവർ ബന്ധുക്കളെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് കൊണ്ടിരുന്നതായി കുറിപ്പിൽ പറയുന്നു. മറ്റ് യാത്രക്കാർ ഉറങ്ങാൻ ശ്രമിക്കുന്നതിനിടെ, ആരോ വിമാനത്തിനുള്ളിൽ മറ്റ് യാത്രക്കാരുമുണ്ടെന്ന കാര്യം അവരെ ഓർമിപ്പിച്ചു. ഇതോടെ അവർ കുറച്ചുസമയം നിശ്ശബ്ദയായി. എന്നാൽ അധികം വൈകാതെ വീണ്ടും വിളി ഉയർന്നു. "ബ്രേക്ക്ഫാസ്റ്റിന് സമയമായി. വായോ വായോ. നമ്മുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം” തുടർന്ന് ബന്ധുക്കൾക്കിടയിൽ അവർ ഭക്ഷണം പങ്കിട്ടുകൊണ്ട് നടക്കാൻ ആരംഭിച്ചെന്നും കുറിപ്പിൽ പറയുന്നു.

മറ്റ് യാത്രക്കാർക്കും ക്യാബിൻ ക്രൂവിനും ബുദ്ധിമുട്ട്

“സോനു, അച്ചാർ കിട്ടിയോ? അച്ചാർ സോനുവിനും കൊടുക്കൂ” എന്നിങ്ങനെ ഓരോരുത്തരെയും പേര് വിളിച്ച് കൊണ്ട് അവർ ഫ്ലൈറ്റിനുള്ളിൽ ഭക്ഷണവിതരണത്തിന് നേതൃത്വം നൽകിയതായും നിർമ്മാല്യ കജുരി തന്‍റെ കുറിപ്പിൽ എഴുതുന്നു. പല സീറ്റികൾ പിന്നിലായിരുന്ന ബന്ധുക്കൾ പരസ്പരം ഭക്ഷണം കൈമാറി. ഇതിനിടെ ചിലർ സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് വിമാനത്തിന്‍റെ ഇടനാഴിയിൽ നിന്നുകൊണ്ട് ഭക്ഷണം കഴിക്കുകയും മറ്റ് ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തതോടെ കാബിൻ ക്രൂവിനും മറ്റ് യാത്രക്കാർക്കും അത് ബുദ്ധിമുട്ടുണ്ടായെന്നും നിർമ്മാല്യ കുറിച്ചു. ഒപ്പം യാത്രയുടെ ഭൂരിഭാഗം സമയവും ഈ കൂടുംബത്തിന്‍റെ ബഹളവും പരസ്പരമുള്ള ആശയവിനിമയവും തുടർന്നതായി കുറിപ്പിൽ പറയുന്നു.

'ശല്യപ്പെടുത്തിയോ? എങ്കിൽ ഇന്ത്യക്കാർ തന്നെ'

നിർമ്മാല്യയുടെ കുറിപ്പിൽ ഒരിടത്തും യാത്രക്കാർ ഇന്ത്യക്കാരാണെന്ന് പറയുന്നില്ല. എന്നാൽ പേരുകളിലൂടെയും അവരുടെ പ്രവർത്തിയുടെ വിവരണത്തിലൂടെയും അത് ഇന്ത്യക്കാരായ യാത്രക്കാരാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ തീർച്ചപ്പെടുത്തി. കുറിപ്പ് വൈറലായതോടെ വിമാനത്തിലെ അമിതശബ്ദത്തെക്കുറിച്ച് നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. ഇതുകൊണ്ടാണ് ഇന്ത്യക്കാരെല്ലാം സ്വന്തം മൊബൈലിൽ നോക്കിയിരിക്കുന്നത്. അവർക്ക് ഒരു മിനിറ്റ് പോലും സ്വസ്ഥമായിരിക്കാൻ അറിയില്ലെന്നായിരുന്നു ഒരു കുറിപ്പ്. പൊതുസ്ഥലങ്ങളെ സ്വന്തം വീടിന്‍റെ സ്വീകരണമുറിപോലെ കാണരുതെന്നായിരുന്നു പ്രധാന പ്രതികരണം. മറ്റ് ചിലർ പതിവ് പോലെ സിവിക് സെൻസിനെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് രംഗത്തെത്തി.

PREV
Read more Articles on
click me!

Recommended Stories

കോർപ്പറേറ്റ് ജോലി നഷ്ടപ്പെട്ടു, ജീവിക്കാൻ പാത്രം കഴുകൽ: 'മാനസികാരോഗ്യം നിലനിർത്താനാണ് ഈ ജോലി' എന്ന് യുവാവ്; തരംഗമായി കുറിപ്പ്
യാത്രക്കാരറിയാതെ ടാക്സി ഓടിയത് 240 കിലോമീറ്റർ; 1,285 രൂപയുടെ യാത്രയ്ക്ക് ഒലാ ഈടാക്കിയത് 5,662 രൂപ!