20 കൊല്ലമായി പരസ്പരം മിണ്ടാത്ത അച്ഛനും അമ്മയും, കാര്യമറിയാതെ 3 മക്കൾ, ഒടുവിൽ രഹസ്യം പുറത്ത്!

Published : Jul 25, 2026, 08:28 PM IST
Okuo Katayama and Yumi Katayama

Synopsis

ഓകുവോയും യുമിയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്, ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു, മൂന്ന് മക്കളെയും ഒരുമിച്ച് വളർത്തി. യുമി പലപ്പോഴും ഭർത്താവിനോട് സംസാരിക്കാൻ ശ്രമിക്കുമെങ്കിലും, ഓകുവോ ഒരു മൂളലിലോ തലയാട്ടലിലോ മറുപടി ഒതുക്കുകയായിരുന്നു പതിവ്.

20 കൊല്ലമായി പരസ്പരം മിണ്ടാതെ ഒരേ വീട്ടിൽ മക്കളോടൊപ്പം ജീവിക്കുന്ന ഭാര്യയും ഭർത്താവും. വിശ്വസിക്കാനാവുമോ? എന്നാൽ, അങ്ങനെ ഒരു സംഭവമുണ്ടായി, അങ്ങ് ജപ്പാനിൽ. ഒടുവിൽ രണ്ട് പതിറ്റാണ്ട് നീണ്ട ആ നിശബ്ദതയ്ക്ക് പിന്നിലെ വിചിത്രമായ കാരണം പുറത്തുവന്നപ്പോൾ വീട്ടുകാർ മാത്രമല്ല സകലരും ഞെട്ടിപ്പോയി. 2017 -ലാണ് ഈ അവിശ്വസനീയമായ കഥ ലോകമറിയുന്നത്. യോഷികി കതായാമ എന്ന 18 -കാരൻ തന്റെ അച്ഛനമ്മമാരായ ഓകുവോ കതായാമയും യുമി കതായാമയും തമ്മിൽ സംസാരിക്കുന്നില്ലെന്നും അവരെ പരസ്പരം മിണ്ടിക്കാൻ ഒരു വഴി കണ്ടെത്തണം എന്നും പറഞ്ഞ് ഹോക്കൈഡോയിലെ ഒരു പ്രമുഖ ടെലിവിഷൻ ഷോയെ സമീപിക്കുകയായിരുന്നു. തന്റെ ഓർമ്മവച്ച കാലം മുതൽ മാതാപിതാക്കൾ പരസ്പരം ഒരു വാക്ക് പോലും സംസാരിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും മകൻ വെളിപ്പെടുത്തി.

ഓകുവോയും യുമിയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്, ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു, മൂന്ന് മക്കളെയും ഒരുമിച്ച് വളർത്തി. യുമി പലപ്പോഴും ഭർത്താവിനോട് സംസാരിക്കാൻ ശ്രമിക്കുമെങ്കിലും, ഓകുവോ ഒരു മൂളലിലോ തലയാട്ടലിലോ മറുപടി ഒതുക്കുകയായിരുന്നു പതിവ്. കുടുംബത്തിൽ വലിയ വഴക്കുകളോ മറ്റ് പ്രശ്നങ്ങളോ ഒന്നും ഉണ്ടായിരുന്നുമില്ല താനും. എന്നാൽ, ഈ നിശബ്ദതയുടെ കാരണം ഓകുവോ ഒരിക്കലും വെളിപ്പെടുത്തിയുമില്ല. ഒടുവിൽ ഷോയിൽ ഓകുവോ ആ കാരണം വെളിപ്പെടുത്തി!

വർഷങ്ങൾ നീണ്ട ഈ പിണക്കത്തിന് പിന്നിൽ വഞ്ചനയോ വലിയ കുടുംബപ്രശ്നങ്ങളോ ആയിരുന്നില്ല. മറിച്ച് ഭാര്യ മക്കൾക്ക് നൽകുന്ന അമിതമായ ശ്രദ്ധ കണ്ട് അസൂയയും കുശുമ്പും തോന്നിയിട്ടാണത്രെ ഓകുവോ ഭാര്യയോട് മിണ്ടാതായത്. മക്കൾ ജനിച്ചതോടെ ഭാര്യയുടെ ശ്രദ്ധ മുഴുവൻ അവരിലേക്കായി. ഇതിൽ മനംനൊന്ത് സംസാരിക്കാതെ ഒളിച്ചോടുകയായിരുന്നു ഇദ്ദേഹം. എന്നാൽ, ഇത് തുറന്നുപറയാൻ കഴിയാതെ അദ്ദേഹം നീണ്ട 20 വർഷം സ്വന്തം ഭാര്യയോട് പിണങ്ങി നടന്നു.

പ്രശ്നപരിഹാരത്തിനായി ടെലിവിഷൻ ഷോ അധികൃതർ ഇവരുടെ ഒരു കൂടിക്കാഴ്ച സംഘടിപ്പിച്ചു. ഇവരുടെ ആദ്യത്തെ ഡേറ്റിംഗ് നടന്ന അതേ പാർക്കിൽ തന്നെയായിരുന്നു അത്. മക്കൾ ദൂരെ നിന്ന് ആകാംക്ഷയോടെ നോക്കിനിൽക്കെ, 20 വർഷത്തിന് ശേഷം ദമ്പതികൾ പരസ്പരം സംസാരിച്ചു. കുടുംബത്തിനായി ചെയ്ത എല്ലാ ത്യാഗങ്ങൾക്കും ഓകുവോ ഭാര്യയോട് നന്ദി പറഞ്ഞു. താൻ വെറുമൊരു അസൂയ കാരണം പിണങ്ങിയിരിക്കുകയായിരുന്നു എന്ന് സമ്മതിച്ച അദ്ദേഹം, ഇനി അതോർത്ത് സങ്കടപ്പെടേണ്ടെന്നും മറിച്ച് ഇനിമുതൽ വീണ്ടും സംസാരിച്ചു തുടങ്ങാമെന്നും ഭാര്യയോട് പറഞ്ഞു. ഇതുകേട്ട് ചിരിയോടെ യുമി അത് സമ്മതിച്ചതോടെ ആ കുടുംബത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ആശങ്കയ്ക്ക് അവസാനമായി. വിശ്വസിക്കാൻ പ്രയാസം തോന്നുന്ന എന്തെല്ലാം കഥകളാണ് ഈ ലോകത്ത് നടക്കുന്നത് അല്ലേ?

PREV
Read more Articles on
click me!

Recommended Stories

10-15 ദിവസത്തിനുള്ളില്‍ ജോലി കിട്ടണമെങ്കില്‍ ഇങ്ങനെ ചെയ്യണം, കഴിവുമാത്രം കൊണ്ട് കാര്യമില്ല; വിശദീകരിച്ച് യുവാവ്
4 ദിവസം മുമ്പ് ടാക്സിയിൽ വച്ചുമറന്ന വാലറ്റ്, ഡ്രൈവറുടെ സത്യസന്ധതയ്ക്ക് നെറ്റിസൺസിന്റെ കയ്യടി