
ശരിക്കും ജോലി കിട്ടാനായി ഒരാൾക്ക് വേണ്ടത് എന്തെല്ലാമാണ്? ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ഒരു യുവാവ് ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ജോലി ലഭിക്കുന്നതിന് ആത്മവിശ്വാസവും സ്ഥിരതയുമാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളെന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്. അപേക്ഷ അയച്ചിട്ടും റിജക്ട് ചെയ്യപ്പെടുമ്പോൾ മനംമടുത്ത് പ്രതീക്ഷ കൈവിടുന്നതിന് പകരം, ദിവസം കുറഞ്ഞത് 40 മുതൽ 50 കമ്പനികളിലെങ്കിലും അപേക്ഷിക്കണമെന്നാണ് ഇയാൾ നിർദ്ദേശിക്കുന്നത്.
താൻ ജോലി അന്വേഷിക്കുന്ന രീതിയെക്കുറിച്ചും കുറഞ്ഞ സമയത്തിനുള്ളിൽ ജോലി കണ്ടെത്താൻ ആത്മവിശ്വാസം തന്നെ എങ്ങനെ സഹായിച്ചുവെന്നും വ്യക്തമാക്കിക്കൊണ്ട് വിശേഷ് സിംഗ് എന്നയാളാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ വിശേഷ് സിംഗ് പറയുന്നത് ഇങ്ങനെയാണ്, 'കോർപ്പറേറ്റ് ലോകത്ത് വേണ്ടത്ര ആത്മവിശ്വാസമില്ലാത്തവർക്ക് മാത്രമാണ് ജോലി കണ്ടെത്താൻ ബുദ്ധിമുട്ട്. എന്നാൽ എന്നോട് വന്ന് '1.5 വർഷമായി, 1 വർഷമായി, അല്ലെങ്കിൽ 5 വർഷമായി എനിക്ക് ജോലി കിട്ടുന്നില്ല, അത് നടക്കുന്നില്ല, ഇത് നടക്കുന്നില്ല' എന്ന് പറയുന്നവർക്ക് സത്യത്തിൽ ജോലി കണ്ടെത്താനുള്ള ആത്മവിശ്വാസമില്ല എന്നതാണ് യാഥാർത്ഥ്യം'.
കൂടുതല്‍ അപേക്ഷകൾ അയക്കുന്നത് ഒരാൾക്ക് ജോലി ലഭിക്കാനുള്ള സാധ്യത കൂട്ടുമെന്നും യുവാവ് പറയുന്നു. 'ദിവസം കൃത്യമായി സ്ഥിരതയോടെ കുറഞ്ഞത് 40 മുതൽ 50 വരെ കമ്പനികളിൽ ശ്രമിക്കുമ്പോൾ മാത്രമാണ് നിങ്ങൾക്ക് ജോലി ലഭിക്കുന്നത്. അങ്ങനെ ചെയ്താൽ 10 മുതൽ 15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ജോലി ലഭിക്കും' എന്നും സിംഗ് പറഞ്ഞു.
'എനിക്ക് ഭാഗ്യം കൊണ്ടാണ് ജോലി കിട്ടിയതെന്ന് കരുതരുത്. ഞാനും ഇതുതന്നെയാണ് ചെയ്തത്. ദിവസം 40-50 കമ്പനികളിൽ അപേക്ഷിക്കും, 10-15 ദിവസത്തിനുള്ളിൽ ജോലി ശരിയാകും. അതിനാൽ എനിക്കുള്ള ഒരേയൊരു കഴിവ് ഇതാണ്, എനിക്ക് ജോലി ലഭിക്കുമെന്ന ആത്മവിശ്വാസം' എന്നും സിംഗ് പറയുന്നു. 'ഓരോ കോർപ്പറേറ്റ് ജീവനക്കാരനും ജോലി കണ്ടെത്തേണ്ടത് ഇങ്ങനെയെല്ലാമാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റുകള്‍ നല്‍കിയത്. യുവാവ് പറഞ്ഞിരിക്കുന്നത് സത്യമാണ് എന്നും നിരന്തരം ആത്മവിശ്വാസത്തോടെ ശ്രമിച്ചുകൊണ്ടിരുന്നാൽ ജോലി ലഭിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.