ബ്യൂട്ടി സലൂൺ പറ്റിക്കലോട് പറ്റിക്കല്‍, വയോധികയ്ക്ക് നഷ്ടം 3.6 കോടി രൂപ; സമ്പാദ്യം മുഴുവൻ കവർന്നു

Published : Sep 14, 2026, 10:34 PM IST
Salon

Synopsis

ഒരു തവണ മാത്രം ചെയ്യേണ്ട ലിപ് ടാറ്റൂയിംഗ് പ്രക്രിയ വീണ്ടും വീണ്ടും ചെയ്യാൻ നിർബന്ധിക്കുകയും, ഒരു സെഷന് ഏകദേശം 4.8 ലക്ഷം രൂപ വരെ വാങ്ങുകയും ചെയ്തതായി ബില്ലുകൾ വ്യക്തമാക്കുന്നു. സ്വന്തമായി വീട് വിറ്റ തുക കയ്യിലുണ്ടായിരുന്നതിനാൽ ചെലവിനെക്കുറിച്ച് കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നാണ് വയോധിക പറയുന്നത്.

ചൈനയിലെ ഷാങ്ഹായിൽ ബ്യൂട്ടി സലൂണിന്റെ തട്ടിപ്പിനിരയായി 75 -കാരിക്ക് നഷ്ടമായത് ജീവിതകാലം മുഴുവനും കൊണ്ട് സമ്പാദിച്ച ഏകദേശം 3.6 കോടി ഇന്ത്യൻ രൂപ. സംഭവത്തിൽ വയോധികയുടെ മകൾ പ്രാദേശിക ടെലിവിഷൻ ചാനലിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 'യു' എന്ന വയോധിക, 2016 മുതൽ 'യോങ്ഖി ബ്യൂട്ടി ആൻഡ് ഹെയർ ഡ്രെസ്സിംഗ് കമ്പനി'യുടെ ബ്രാഞ്ചിലും ഇതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ ബ്യൂട്ടി സ്ഥാപനത്തിലുമായാണ് പണം മുഴുവൻ ചെലവഴിച്ചത്.

ചർമ്മം അയഞ്ഞുതൂങ്ങുന്നത് തടയുന്നതിനുള്ള ചികിത്സകൾ, ത്രെഡ് ലിഫ്റ്റിംഗ്, മെറിഡിയൻ മസാജ്, പുരികത്തിലും ചുണ്ടിലും ടാറ്റൂ ചെയ്യൽ തുടങ്ങിയ സൗന്ദര്യവർദ്ധക സേവനങ്ങളാണ് താൻ സ്വീകരിച്ചതെന്ന് വയോധിക വെളിപ്പെടുത്തി. എന്നാൽ ഇതിനായി വിപണി നിരക്കിനേക്കാൾ 10 മുതൽ 20 മടങ്ങ് വരെ ഉയർന്ന തുകയാണ് സലൂൺ ഈടാക്കിയിരുന്നത്.

ഒരു തവണ മാത്രം ചെയ്യേണ്ട ലിപ് ടാറ്റൂയിംഗ് പ്രക്രിയ വീണ്ടും വീണ്ടും ചെയ്യാൻ നിർബന്ധിക്കുകയും, ഒരു സെഷന് ഏകദേശം 4.8 ലക്ഷം രൂപ വരെ വാങ്ങുകയും ചെയ്തതായി ബില്ലുകൾ വ്യക്തമാക്കുന്നു. സ്വന്തമായി വീട് വിറ്റ തുക കയ്യിലുണ്ടായിരുന്നതിനാൽ ചെലവിനെക്കുറിച്ച് കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നാണ് വയോധിക പറയുന്നത്.

മകൾ വിവരം അറിയുമ്പോഴേക്കും വാടക നൽകാൻ പോലും പണമില്ലാതെ ആഭരണങ്ങൾ വിൽക്കേണ്ട അവസ്ഥയിലായിരുന്നു ഇവർ. ഇതിനിടെ 'റൂയി' എന്ന മറ്റൊരു മെഡിക്കൽ ബ്യൂട്ടി ക്ലിനിക്കിലേക്ക് ഇവരെ സലൂൺ ജീവനക്കാർ അയക്കുകയും, 'ഇന്റിമേറ്റ് കെയർ' എന്ന പേരിൽ ഏകദേശം 36 ലക്ഷം രൂപ ഈടാക്കുകയും ചെയ്തു. എന്നാൽ ഈ ചികിത്സ നൽകാതെ പകരം മറ്റ് സാധാരണ ചർമ്മസംരക്ഷണ ചികിത്സകൾ നൽകി വഞ്ചിക്കുകയായിരുന്നു.

നിരക്കുകൾ വ്യക്തമായി അറിയിച്ചിരുന്നന്നെന്നും പണം വയോധിക പൂർണ മനസ്സോടെ നൽകിയതാണന്നുമാണ് സലൂൺ അധികൃതരുടെ വാദം. തുടർന്ന് അഡ്വാൻസ് തുകയുടെ ഒരു ഭാഗം മാത്രം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കിയതായി സലൂൺ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കാണാതായ കുട്ടികളുടെ ചിത്രങ്ങളുമായി ഒരു ആഡംബര കാർ; ചൈനയിൽ തരംഗമായി പോർഷെ ഉടമ
1 കോടിയുടെ ജോലി വിട്ട് കണ്ടന്റ് ക്രിയേഷനിലേക്ക്, ഒരുമാസം ലഭിച്ചത് വെറും 500 രൂപ, നിരാശയില്ലെന്ന് യുവതി