'ഈ കാറിന് എത്രത്തോളം ശ്രദ്ധ ലഭിക്കുന്നുവോ, അത്രയും കൂടുതൽ ആളുകൾ കാണാതായ കുട്ടികളുടെ വിവരങ്ങൾ കാണും. അത് കൂടുതൽ കുടുംബങ്ങളുടെ പുനഃസമാഗമത്തിന് വഴിയൊരുക്കും.'
ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാനിലെ കുൻമിംഗിൽ നിന്നുള്ള ഒരു 'പോർഷെ 718' കാറാണ് ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. കാറിന്റെ ആഡംബര ലുക്ക് കണ്ടല്ല, മറിച്ച് മുൻപിലെ ബമ്പർ മുതൽ പുറകിലെ ബമ്പർ വരെ കാണാതായ കുട്ടികളുടെ ചിത്രങ്ങൾ നിറഞ്ഞ 90 പരസ്യപ്പത്രങ്ങൾ പതിപ്പിച്ച കാഴ്ച കണ്ടാണ് വഴിപോക്കർ വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നത്.
ചൈനയിലെ പ്രശസ്തമായ 'ബേബി കം ഹോം' എന്ന സൗജന്യ ചാരിറ്റി വെബ്‌സൈറ്റിൽ നിന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചതെന്ന് കാറുടമയായ 27-കാരൻ ദു ലിൻ പറഞ്ഞു. വെബ്‌സൈറ്റിലെ പട്ടികയിൽ കുട്ടികളുടെ വിവരങ്ങൾ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് ദു ലിൻ തന്നെ കുട്ടികളുടെ ഫോട്ടോകൾ ശേഖരിച്ച് പ്രത്യേകമായി ഡിസൈൻ ചെയ്ത് കാറിൽ പതിപ്പിക്കുകയായിരുന്നു. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ജനങ്ങളുടെ ശ്രദ്ധ കുട്ടികളുടെ ചിത്രങ്ങളിലേക്ക് ആകർഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കാൻ കാറിന്റെ ഈ പുതിയ രൂപം അദ്ദേഹം പ്രാദേശിക പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
സ്വന്തം കുഞ്ഞിനെ തേടിയുള്ള ഒരു പിതാവിന്റെ പോരാട്ടത്തിലൂടെ 2014-ൽ പുറത്തിറങ്ങിയ 'ഡിയറസ്റ്റ്' എന്ന ചൈനീസ് ചിത്രത്തിലും സമാനമായി കാറിൽ പോസ്റ്ററുകൾ പതിപ്പിക്കുന്ന രീതി ചിത്രീകരിച്ചിരുന്നു. ചൈനയിൽ ഇന്ന് പല സന്നദ്ധപ്രവർത്തകരും മാതാപിതാക്കളും ഈ രീതി പിന്തുടരുന്നുണ്ട്.
ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഈ ശ്രമമെന്ന് ചിലർ വിമർശിച്ചെങ്കിലും ദു ലിൻ ഇതിന് കൃത്യമായ മറുപടി നൽകി: 'ഈ കാറിന് എത്രത്തോളം ശ്രദ്ധ ലഭിക്കുന്നുവോ, അത്രയും കൂടുതൽ ആളുകൾ കാണാതായ കുട്ടികളുടെ വിവരങ്ങൾ കാണും. അത് കൂടുതൽ കുടുംബങ്ങളുടെ പുനഃസമാഗമത്തിന് വഴിയൊരുക്കും.' കാറിൽ പ്രദർശിപ്പിച്ച 90 കുട്ടികളിൽ ഒരാളെ ഇതിനോടകം തന്നെ കുടുംബവുമായി ഒന്നിക്കാൻ കഴിഞ്ഞുവെന്ന സന്തോഷവാർത്തയും അദ്ദേഹം പങ്കുവെച്ചു.
2007-ൽ ഷാങ് ബാവോയാൻ, ക്വിൻ യാൻയൂ ദമ്പതികൾ ആരംഭിച്ച 'ബേബി കം ഹോം' കൂട്ടായ്മയിലൂടെ ഇതുവരെ 15,000-ത്തോളം കുട്ടികളെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചിട്ടുണ്ട്. 2012-ൽ ചൈനയിൽ 6,000-ത്തോളം കുട്ടികളെ കാണാതായ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് 2020 ഓടെ അത് 700-ൽ താഴെയായി കുറക്കാൻ പോലീസിന്റെയും ഇത്തരം സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.
