Dagny Carlsson : ലോകത്തിലെ തന്നെ പ്രായം ചെന്ന ബ്ലോ​ഗർ, 109 -ാം വയസിൽ അന്തരിച്ചു

Published : Mar 26, 2022, 04:09 PM ISTUpdated : Mar 26, 2022, 04:16 PM IST
Dagny Carlsson : ലോകത്തിലെ തന്നെ പ്രായം ചെന്ന ബ്ലോ​ഗർ, 109 -ാം വയസിൽ അന്തരിച്ചു

Synopsis

കഴിഞ്ഞ വർഷം ഒരു റിട്ടയർമെന്റ് ഹോമിലേക്ക് മാറുന്നതുവരെ അവൾ തനിച്ച് ജീവിച്ചു. അവളുടെ അവസാന ബ്ലോഗ് പോസ്റ്റ് ജനുവരി 28 -ന് എഴുതിയതാണ്. 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബ്ലോഗർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാഗ്നി കാൾസൺ(Dagny Carlsson) 109 -ാം വയസിൽ അന്തരിച്ചു. സ്വീഡനി(Sweden)ലെ തന്റെ ജീവിതത്തെക്കുറിച്ചുള്ള അവരുടെ എഴുത്തുകൾ ശ്രദ്ധേയമായിരുന്നു. ഒപ്പം, 'എന്ത് ചെയ്യണമെങ്കിലും പ്രായം നിങ്ങൾക്കൊരു തടസമല്ല' എന്ന് പറഞ്ഞ് ലോകത്തെ പ്രചോദിപ്പിക്കാൻ ശ്രമിച്ച സ്ത്രീ കൂടിയായിരുന്നു അവർ. 

99 വയസ്സുള്ളപ്പോഴാണ് കാൾസൺ ഒരു കമ്പ്യൂട്ടർ കോഴ്‌സിൽ ചേർന്നത്. ഒരു വർഷത്തിനുശേഷം, അവർ തന്റെ ബ്ലോഗ് ആരംഭിച്ചു. അവിടെ അവൾ സ്വയം വിളിച്ചത് ബോജൻ എന്നായിരുന്നു. അവളുടെ സുഹൃത്ത് എലീന സ്‌ട്രോം എക്‌സ്‌പ്രെസെൻ ദിനപത്രത്തിന് അയച്ച ഇമെയിലിൽ “2011 -ൽ എന്റെ കമ്പ്യൂട്ടർ കോഴ്‌സുകളിലൊന്നിൽ അവൾ വിദ്യാർത്ഥിയായപ്പോൾ മുതൽ തങ്ങൾ വേർപിരിയാനാവാത്ത സുഹൃത്തുക്കളായി” എന്ന് എഴുതിയിരുന്നു.

കാൾസണിന് ആയിരക്കണക്കിന് സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് ഉണ്ടായിരുന്നു കൂടാതെ സ്വീഡിഷ് ടെലിവിഷനിലും റേഡിയോ ഷോകളിലും പതിവായി പ്രത്യക്ഷപ്പെട്ടു അവർ. 2018 മാർച്ചിൽ, സ്റ്റോക്ക്ഹോമിലെ രാജകൊട്ടാരത്തിൽ വെച്ച് കാൾ പതിനാറാമൻ ഗുസ്താഫിനെയും ഭാര്യ സിൽവിയ രാജ്ഞിയെയും അവർ കണ്ടുമുട്ടി. വ്യാഴാഴ്ച കാൾസന്റെ മരണശേഷം, സ്വീഡിഷ് രാജകുടുംബം അവരുടെ കൂടിക്കാഴ്ചയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് അവർക്ക് ആദരാഞ്ജലി അർപ്പിച്ചു.

അവളുടെ ബ്ലോഗിൽ, കാൾസൺ സ്വയം ഒരു 'ടഫ് ആന്റി' എന്നാണ് വിശേഷിപ്പിച്ചത്. നർമ്മബോധമുള്ളവളാണ് എന്നും അവർ പറയുകയുണ്ടായി. തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുമുണ്ട് കാൾസൺ. ഒപ്പം തനിക്ക് എപ്പോഴും എല്ലാത്തിലും കൗതുകമുണ്ട്. നേരേ വാ നേരേ പോ എന്ന് കരുതുന്നവരും സത്യസന്ധരും ആയിരിക്കുന്നതാണ് എപ്പോഴും നല്ലത് എന്ന് താൻ കരുതുന്നു എന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. 

ദക്ഷിണ സ്വീഡനിലെ ക്രിസ്റ്റ്യൻസ്റ്റാഡിൽ 1912 മെയ് 8 -ന് ഡാഗ്നി വാൽബോർഗ് എറിക്സൺ ജനിച്ചു. ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങിയ അതേ കാലത്ത് തന്നെ. അഞ്ച് സഹോദരങ്ങളിൽ മൂത്തവളായിരുന്നു അവർ. എട്ട് വർഷത്തെ സ്‌കൂൾ പഠനത്തിന് ശേഷം അവൾ ഒരു ഷർട്ട് ഫാക്ടറിയിൽ ജോലിയിൽ പ്രവേശിച്ചു, അവിടെ 20 വർഷം ജോലി ചെയ്തു. പിന്നീട് സ്റ്റോക്ക്ഹോമിന് വടക്കുള്ള ഒരു കോർസെറ്റ് ഫാക്ടറിയിൽ ജോലി ചെയ്തു. അവിടെ വച്ച് 39-ാമത്തെ വയസിൽ രണ്ടാമത്തെ ഭർത്താവിനെ കണ്ടുമുട്ടി. പിന്നീട് അവർ സ്വീഡിഷ് സോഷ്യൽ ഇൻഷുറൻസ് ഏജൻസിയിൽ ജോലി ചെയ്തു.

കഴിഞ്ഞ വർഷം ഒരു റിട്ടയർമെന്റ് ഹോമിലേക്ക് മാറുന്നതുവരെ അവൾ തനിച്ച് ജീവിച്ചു. അവളുടെ അവസാന ബ്ലോഗ് പോസ്റ്റ് ജനുവരി 28 -ന് എഴുതിയതാണ്. ഒരു പൂച്ചയെ പോലെ തനിക്ക് ഒമ്പത് ജീവിതങ്ങളുണ്ട്. പക്ഷേ, അതെങ്ങനെ ജീവിക്കണമെന്ന് അറിയില്ല എന്ന് അവരെഴുതിയിരുന്നു. വരുന്ന മെയ് മാസത്തിൽ 110 -ാം പിറന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുകയായിരുന്നു കാൾസൺ. അതിനിടയിലാണ് മരണം. 

PREV
Read more Articles on
click me!

Recommended Stories

മാസശമ്പളം 10,000 രൂപ മാത്രം; മൂന്നാമതും അച്ഛനായ വാച്ച്മാനെക്കുറിച്ച് ബീഹാർ സ്വദേശിയുടെ കുറിപ്പ് വൈറൽ
പണി എളുപ്പമാക്കാൻ ഭാര്യ ഡിഷ് വാഷർ വാങ്ങി, പിന്നാലെ വീട് അടിച്ച് തകർത്ത് ഭർത്താവ്