ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ, വയസ് 30, അമ്പരപ്പിക്കുന്ന അതിജീവനത്തിന്‍റെ കഥ

Published : Feb 04, 2023, 01:10 PM IST
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ, വയസ് 30, അമ്പരപ്പിക്കുന്ന അതിജീവനത്തിന്‍റെ കഥ

Synopsis

എന്നാൽ ഗിര തിരിച്ചുവന്നതിനുശേഷം തന്റെ കുഞ്ഞുങ്ങൾ കിടന്നിരുന്ന സ്ഥലത്ത് പതിവായി പോകുന്നത് കണ്ട് സംശയം തോന്നിയതിനാൽ ലിയോണലും സഹോദരങ്ങളും അവളെ പിന്തുടർന്നു. അപ്പോൾ അവിടെ ഒരു നായ്ക്കുഞ്ഞു മാത്രം അവശേഷിച്ചിരിക്കുന്നത് അവർ കണ്ടു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന പദവി ഇനി പോർച്ചുഗലിൽ നിന്നുള്ള ബോബിക്ക് സ്വന്തം. ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും പ്രായം കൂടിയ നായ മാത്രമല്ല ബോബി, ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കൂടിയ നായ കൂടിയാണ് ബോബി എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറയുന്നത്. 1992 മെയ്  11 -ന് ജനിച്ച ഈ നായക്ക് ഇപ്പോൾ പ്രായം 30 വയസ്. 

പോർച്ചുഗലിലെ ലീറിയയിലെ കോൺക്വീറോസ് ഗ്രാമത്തിലെ കോസ്റ്റ കുടുംബത്തിന്റെ നായയാണ് ബോബി. ജനിച്ചത് മുതൽ ബോബി ഇവർക്കൊപ്പം ആണ് താമസം. 12 മുതൽ 14 വർഷം വരെ ശരാശരി ആയുർദൈർഘ്യമുള്ള റഫീറോ ഡോ അലന്റേജോ ഇനത്തിൽപ്പെട്ട നായയാണിത്. നൂറ്റാണ്ട് പഴക്കമുള്ള റെക്കോർഡാണ് ബോബി ഇപ്പോൾ തകർത്തിരിക്കുന്നത്. പോർച്ചുഗീസ് ഗവൺമെന്‍റും വളർത്തുമൃഗങ്ങളുടെ ഡാറ്റാബേസായ എസ്ഐഎസിയും ബോബിയുടെ പ്രായം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു മുൻപ് ലോകത്തിലെ എക്കാലത്തെയും പ്രായം കൂടിയ നായ എന്ന റെക്കോർഡ് ഓസ്‌ട്രേലിയൻ നായ ബ്ലൂയിയുടെ (1910-1939) പേരിലായിരുന്നു. 29 വയസ്സും 5 മാസവും ആയിരുന്നു ബ്ലൂയിയുടെ ആയുർദൈർഘ്യം.

ബോബിയുടെ  ജനനത്തെയും അതിജീവനത്തെയും ഒരു അത്ഭുതമായാണ് കോസ്റ്റാ കുടുംബാംഗങ്ങൾ ഇന്നും വിശേഷിപ്പിക്കുന്നത്. ലിയോണൽ കോസ്റ്റ എന്ന 38 -കാരനാണ് ഇപ്പോൾ ബോബിയുടെ ഉടമസ്ഥൻ. ലിയോണലിന് എട്ടു വയസ്സുള്ളപ്പോഴാണ് ബോബിയുടെ ജനനം. പരമ്പരാഗതമായി വേട്ടക്കാരായിരുന്ന കോസ്റ്റ കുടുംബത്തിൽ നായാട്ടിന് സഹായിക്കാനും മറ്റുമായി നിരവധി നായ്ക്കൾ ഉണ്ടായിരുന്നു. നായകളുടെ എണ്ണം അധികമായതു കൊണ്ട് തന്നെ ബോബിയുടെ അമ്മ ഗിര പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞുങ്ങളെ വളർത്തുന്നില്ല എന്ന് കോസ്റ്റ കുടുംബാംഗങ്ങൾ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ജനിച്ച മുഴുവൻ  നായ്ക്കുഞ്ഞുങ്ങളെയും അവയുടെ കണ്ണ് തുറക്കുന്നതിനു മുൻപ് തന്നെ ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ ഗിര കുഞ്ഞുങ്ങൾക്ക് അടുത്ത് ഇല്ലാത്ത സമയം നോക്കി അവർ അവയെ എടുത്തുകൊണ്ടുപോയി മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചു. 

എന്നാൽ ഗിര തിരിച്ചുവന്നതിനുശേഷം തന്റെ കുഞ്ഞുങ്ങൾ കിടന്നിരുന്ന സ്ഥലത്ത് പതിവായി പോകുന്നത് കണ്ട് സംശയം തോന്നിയതിനാൽ ലിയോണലും സഹോദരങ്ങളും അവളെ പിന്തുടർന്നു. അപ്പോൾ അവിടെ ഒരു നായ്ക്കുഞ്ഞു മാത്രം അവശേഷിച്ചിരിക്കുന്നത് അവർ കണ്ടു. അവർ വീട്ടുകാരിൽ നിന്നും ഈ കാര്യം മറച്ചുവെച്ചു. നായ്ക്കുട്ടി കണ്ണുതുറന്നു കഴിഞ്ഞാൽ പിന്നെ അതിന് ഉപേക്ഷിക്കില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. അങ്ങനെ നായക്കുട്ടി കണ്ണു തുറന്നു തനിയെ പുറത്തിറങ്ങാൻ സമയമായപ്പോൾ ലിയോണൽ അച്ഛനോട് കാര്യം പറഞ്ഞു. ഏറെ ശാസന അന്ന് കിട്ടിയെങ്കിലും അവർ ആ നായ്ക്കുട്ടിയെ വളർത്താൻ തീരുമാനിച്ചു അങ്ങനെ അവർ അവന് ബോബി എന്ന് പേരിട്ടു. 

പിന്നീട് ആ കുടുംബത്തിൻറെ എല്ലാമെല്ലാമായി ബോബി മാറി. കഴിഞ്ഞ 30 വർഷമായി അവരുടെ വിശ്വസ്തനായ നായയാണ് ബോബി. ഇപ്പോൾ പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ ബോബിയെ അലട്ടി തുടങ്ങി എന്നാണ് കോസ്റ്റ കുടുംബാംഗങ്ങൾ പറയുന്നത്. കണ്ണുകൾക്ക് കാഴ്ചശക്തി കുറഞ്ഞതായും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയതായും ലിയോണൽ പറയുന്നു. ഇപ്പോൾ കൂടുതൽ സമയം ബോബി വിശ്രമത്തിനായാണ് മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ
മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്