40 വർഷത്തെ അധ്വാനം കൃഷിഭൂമി തിരികെ മഴക്കാടായി മാറി; അറിയാം ഒമർ ടെല്ലോ എന്ന പരിസ്ഥിതി സ്നേഹിയെ കുറിച്ച്

By Web TeamFirst Published Apr 12, 2020, 10:53 AM IST
Highlights

ഒമർ തന്‍റെ ഉദ്യമം തുടങ്ങുമ്പോള്‍ അവിടെ ഒറ്റമരങ്ങളും ഇല്ലായിരുന്നു. എല്ലാം കൃഷിയാവശ്യങ്ങള്‍ക്കായി മുറിച്ചുമാറ്റിയിരിക്കുകയായിരുന്നു. അതെല്ലാം തിരികെയെത്തിക്കാന്‍ ആ മനുഷ്യന് വേണ്ടിവന്നത് 40 വര്‍ഷമാണ്. 

ലോകത്തിന്‍റെ ശ്വാസകോശം എന്നാണ് ആമസോണ്‍ കാടുകള്‍ അറിയപ്പെടുന്നത് തന്നെ. എന്നാല്‍, ഈ മഴക്കാടുകള്‍ കയ്യേറുകയും കത്തുകയുമെല്ലാം ചെയ്യുന്ന കാഴ്ചകളാണ് കുറച്ചു കാലങ്ങളായി ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ആമസോണ്‍ കാടുകളില്‍ 60 ശതമാനവും ബ്രസീലിലാണ്. ബ്രസീല്‍ പ്രസിഡണ്ടായ ബോള്‍സനാരോയുടെ പരിസ്ഥിതി നയങ്ങളാണ് സമീപകാലത്ത് ആമസോണ്‍ കാടുകള്‍ക്കുണ്ടാകുന്ന നാശങ്ങള്‍ക്ക് കാരണമെന്ന വലിയ രീതിയിലുള്ള ആക്ഷേപമുയര്‍ന്നിരുന്നു. 

ഇത് പക്ഷേ, ഒരു നല്ല കഥയാണ്. നശിച്ചുപോകുന്ന ആമസോണ്‍ കാടുകള്‍ക്ക് തന്നാലാവുന്ന ആശ്വാസമേകാന്‍ ശ്രമിച്ച ഒരാളെ കുറിച്ചാണ്. ആമസോണിന്‍റെ പല ഭാഗങ്ങളും ഇന്ന് കൃഷി ഭൂമികളാണ്. ഒമര്‍ ടെല്ലോ എന്ന വ്യക്തിയുടെ സ്ഥലവും ഇങ്ങനെ കൃഷി ഭൂമിയായിരുന്നു. ഇക്വഡോറിലാണ് ഒമര്‍ ടെലോവിന്‍റെ ഭൂമി. അക്കൌണ്ടന്‍റായിരുന്ന ടെല്ലോ ആ ജോലി ഉപേക്ഷിച്ച്  കഴിഞ്ഞ 40 വര്‍ഷമായി തന്‍റെ സ്ഥലം മഴക്കാടാക്കി മാറ്റിയെടുക്കാനായുള്ള പരിശ്രമത്തിലായിരുന്നു. തനിക്കൊപ്പം മറ്റ് ഭൂവുടമകളോടുകൂടി ഇങ്ങനെ പ്രവര്‍ത്തിക്കണമെന്ന ഒരപേക്ഷ കൂടിയുണ്ട് ഒമറിന്. എന്തുകൊണ്ടാണ് ഒമർ കഴിഞ്ഞ 40 വര്‍ഷമായി ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്?

ഒമർ തന്‍റെ ഉദ്യമം തുടങ്ങുമ്പോള്‍ അവിടെ ഒറ്റമരങ്ങളും ഇല്ലായിരുന്നു. എല്ലാം കൃഷിയാവശ്യങ്ങള്‍ക്കായി മുറിച്ചുമാറ്റിയിരിക്കുകയായിരുന്നു. അതെല്ലാം തിരികെയെത്തിക്കാന്‍ ആ മനുഷ്യന് വേണ്ടിവന്നത് 40 വര്‍ഷമാണ്. ആമസോണ്‍ കാടുകള്‍ ഓരോ ഭാഗങ്ങളായി ഇല്ലാതെയാവുന്നത് കാണുമ്പോള്‍ വലിയ വിഷമമായിരുന്നു ഒമറിന്. അതുകൊണ്ടാണ് തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്നൊരു തീരുമാനമെടുക്കുന്നത്. 

''ആളുകള്‍ കരുതിയത് എനിക്ക് ഭ്രാന്തായി എന്നാണ്. പക്ഷേ, ഈ മഴക്കാടുകള്‍ പൂര്‍ണമായും ഇല്ലാതാവും മുമ്പ് അത് തിരിച്ചെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു വന്യജീവിയെപ്പോലും ഇവിടെ കാണാതായപ്പോഴാണ് ഞാനങ്ങനെ ഒരു തീരുമാനമെടുക്കുന്നത്. ഓരോ വലിയ മരങ്ങളും മുറിച്ചു മാറ്റപ്പെട്ടിരുന്നു. ഞാനെന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു, ഈ കാടിനുവേണ്ടി ജീവജാലങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്. അങ്ങനെയാണ് 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭൂമി വാങ്ങുന്നതും, തിരികെ കാടാക്കി മാറ്റാനുള്ള പ്രവര്‍ത്തനം തുടങ്ങുന്നതും. അതിനായി അക്കൌണ്ടന്‍റായിട്ടുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു. മുഴുവന്‍ നേരവും കാടിനുവേണ്ടി ചെലവഴിച്ചു.''

അവിടെ മാത്രം കണ്ടുവന്നിരുന്ന ചില ചെടികളും മറ്റും നശിപ്പിക്കപ്പെട്ടിരുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെട്ടു. അത് അവിടേക്ക് തിരികെയെത്തിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. ഓരോ മരങ്ങളായി വളര്‍ന്നുതുടങ്ങി. കാടുകള്‍ തിരികെയെത്തിത്തുടങ്ങി. കാടുകള്‍ തിരികെയെത്തിയതോടെ കാണാതായ ജീവജാലങ്ങളും തിരികെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വിവിധ പാമ്പുകളും പ്രത്യേകതരം വണ്ടുകളും എല്ലാം അതിലുള്‍പ്പെടുന്നു. പക്ഷേ, ഒമറിന്‍റെ സ്ഥലം വളരെ ചെറിയൊരു ഭാഗം മാത്രമാണ്. ചുറ്റുമുള്ള ഇടങ്ങളെല്ലാം റോഡും കെട്ടിടങ്ങളുമായി വികസനം കയ്യടക്കി. അതുകൊണ്ടുതന്നെ ഇന്ന് ഒമര്‍ തനിക്ക് ചുറ്റുമുള്ള സ്ഥലങ്ങളുടെ ഉടമകളോടുകൂടി തന്‍റെ പാത പിന്തുടരാന്‍ അപേക്ഷിക്കുകയാണ്. അതിനായി 100 കിലോമീറ്റര്‍ അകലെയുള്ള ആളുകളെ വരെ അദ്ദേഹം ചെന്നു കാണുന്നു. എന്നാലെങ്ങനെയാണ് അതേ ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുന്ന പാവപ്പെട്ട കര്‍ഷകരോട് നിങ്ങളുടെ സ്ഥലത്തെ കൃഷി അവസാനിപ്പിക്കണമെന്നും അത് കാടാക്കി മാറ്റണമെന്നും പറയാനാവുക? തുടര്‍ന്ന് അവരെങ്ങനെയാണ് ജീവിക്കുക? 

അതിനൊരു വഴി കണ്ടെത്തിയിട്ടുണ്ട്. അത് കണ്ടെത്തിയത് ഹ്യുമന്‍ ഫോര്‍ അബന്‍ഡസ് പ്രവര്‍ത്തകയായ മരിയാ ജോസ് ഇറ്ററാല്‍ഡെ ആണ്. അവര്‍ ചെയ്യുന്നത് ലോകത്തിലെ എവിടെയുള്ള പരിസ്ഥിതിയെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കും ഈ കൃഷിക്കാര്‍ക്കുള്ള പണം നല്‍കാം. കർഷകർക്ക് ജീവിക്കാനുള്ള പണം കിട്ടുന്നു. കൃഷി ചെയ്യുന്നതിന് പകരം അവർ കാട് തിരികെയെത്തിക്കാനുള്ള പ്രവർത്തനം നടത്തുന്നു. 

ഏതായാലും ഒമറിന് പ്രതീക്ഷയുണ്ട്. ഒരുകാലം കൃഷിഭൂമി ആയതെല്ലാം ആ കൃഷിക്കാരെ കഷ്ടത്തിലാക്കാതെ തന്നെ തിരികെ കാടുകളായി മാറുമെന്ന്. ഒമർ നടത്തുന്നത് ഈ ലോകത്തതിന്‍റെ തന്നെ ശ്വാസകോശം കേടുകൂടാതെയിരിക്കാനുള്ള പ്രവർത്തനങ്ങളാണ്. അതിന് ലോകമദ്ദേഹത്തോട് നന്ദിയുള്ളതായിരിക്കും. 

(വിവരങ്ങള്‍ക്ക് കടപ്പാട്:ബിബിസി)

വായിക്കാം:

'ആമസോണിന്റെ കശാപ്പുകാരൻ' എന്നറിയപ്പെടുന്ന ബോള്‍സൊനാരോയെ, പ്രധാനമന്ത്രി 2020 -ലെ റിപ്പബ്ലിക് ദിനത്തിൽ അതിഥിയാക്കുന്നതെന്തിനാണ്...

'ലോകത്തിന്‍റെ ശ്വാസകോശം', കത്തിനശിക്കുന്ന ആമസോണ്‍ കാടുകള്‍; കാരണം സർക്കാരിന്‍റെ അനാസ്ഥ?.

 

click me!