വിവാഹദിനത്തിൽ ആളുകളുടെ മുന്നിൽ വച്ച് വരൻ വധുവിനെ കൊന്നുതള്ളി

Published : Aug 07, 2022, 12:27 PM IST
വിവാഹദിനത്തിൽ ആളുകളുടെ മുന്നിൽ വച്ച് വരൻ വധുവിനെ കൊന്നുതള്ളി

Synopsis

അതേസമയം മുൻപും കൊലപാതകക്കുറ്റത്തിന് ജയിലിൽ കിടന്ന ആളാണ് സ്റ്റെപാൻ. കൊള്ള, കൊലപാതകം എന്നീ കുറ്റങ്ങൾക്കായിരുന്നു അന്ന് അയാൾ ജയിലിൽ കിടന്നിരുന്നത്. ആ സമയത്ത് തന്നെയാണ് ഒക്‌സാനയുമായി അയാൾ സൗഹൃദത്തിലാകുന്നതും. അയാളെ മാറ്റിയെടുക്കാമെന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു.

വിവാഹദിനത്തിൽ അതിഥികളുടെ മുന്നിൽ വച്ച് വധുവിനെ അടിച്ചു കൊന്ന 25 -കാരന് പതിനെട്ട് വർഷം തടവ്. റഷ്യയിൽ നിന്നുള്ള സ്റ്റെപാൻ ഡോൾഗിഖാണ് തന്റെ ഭാര്യയെ ആളുകളുടെ മുന്നിലിട്ട് തല്ലിക്കൊന്നത്. വധു ഒക്‌സാന പൊലുഡന്റ്‌സെവയ്ക്ക് 36 വയസ്സായിരുന്നു. സൈബീരിയൻ ഗ്രാമമായ പ്രോകുഡ്‌സ്‌കോയിയിലെ ഒരു വീട്ടിൽ വച്ചായിരുന്നു വിവാഹം.

അയാൾക്ക് ഭാര്യയെ സംശയമായിരുന്നു. വിവാഹത്തിന് മദ്യപിച്ച് എത്തിയ അയാൾ ഒന്നും രണ്ടും പറഞ്ഞ് അവരുമായി വഴിക്കിട്ടു. വിവാഹവാഗ്ദാനങ്ങൾ ചൊല്ലി പരസ്പരം ചുംബിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കൊല നടന്നത്. വിവാഹ ശേഷം നടന്ന മദ്യസൽക്കാരത്തിൽ ഒരു അതിഥിയുമായി ഭാര്യ സംസാരിക്കുന്നത് കണ്ട് അസൂയ തോന്നിയ അയാൾ അവളെ മർദ്ദിക്കുകയായിരുന്നു. രോഷാകുലനായ അയാൾ അവളെ ചവിട്ടുകയും, മുടിയ്ക്ക് പിടിച്ച് വീടിന് പുറത്തേയ്ക്ക് വലിച്ചിഴക്കുകയും ചെയ്തു. വഴിയിലിട്ടും അയാൾ അവളെ പൊതിരെ തല്ലി. അവളുടെ സ്വഭാവം ശരിയല്ലെന്നും, അതിഥിയുമായി അവൾ കൊഞ്ചി കുഴയുകയായിരുന്നുവെന്നും അയാൾ ആരോപിച്ചു. ചുറ്റുമുള്ള ആളുകൾ  ഇടപെടാൻ ഭയന്ന് മാറി നിന്നെങ്കിലും, വിവരം പൊലീസിൽ അറിയിച്ചു. പക്ഷേ പൊലീസ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ശരീരത്തിലും, തലക്കും കാര്യമായ പരുക്കേറ്റ അവൾ ഒടുവിൽ മരണപ്പെട്ടു. തുടർന്ന് അവളുടെ മൃതദേഹം അയാൾ അടുത്തുള്ള ചവറ്റു കൂനയിൽ കൊണ്ട് പോയി തള്ളുകയായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് അയാളെ കൈയോടെ അറസ്റ്റ് ചെയ്തു. ഒക്‌സാനയ്ക്ക് ഒരു കുഞ്ഞുമുണ്ട്.  

അതേസമയം മുൻപും കൊലപാതകക്കുറ്റത്തിന് ജയിലിൽ കിടന്ന ആളാണ് സ്റ്റെപാൻ. കൊള്ള, കൊലപാതകം എന്നീ കുറ്റങ്ങൾക്കായിരുന്നു അന്ന് അയാൾ ജയിലിൽ കിടന്നിരുന്നത്. ആ സമയത്ത് തന്നെയാണ് ഒക്‌സാനയുമായി അയാൾ സൗഹൃദത്തിലാകുന്നതും. അയാളെ മാറ്റിയെടുക്കാമെന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു. അധികം താമസിയാതെ സുഹൃദം പ്രണയത്തിൽ എത്തിച്ചേർന്നു. വിവാഹത്തോടെ അയാൾ നന്നാകുമെന്ന് അവൾ കരുതി. അത്രയ്ക്ക് അയാളെ അവൾക്ക് ഇഷ്ടവും, വിശ്വാസമായിരുന്നു. അവർ പരസ്പരം പ്രണയം തുറന്ന് പറഞ്ഞു. അയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു അവൾ. എന്നാൽ അവളുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിപ്പോയി. പുറത്തിറങ്ങിയ അയാൾ തന്റെ തനി ഗുണം കാണിക്കുകയും ചെയ്തു.  വിവാഹത്തിന്റെ അന്ന് അതിഥികളുടെ മുന്നിലിട്ട് അയാൾ അവളെ തല്ലിച്ചതച്ചു. അവളുടെ ആന്തരിക അവയവങ്ങൾക്ക് വരെ കാര്യമായ പരിക്കേറ്റുവെന്ന് പൊലീസ് വെളിപ്പെടുത്തി.

കസ്റ്റഡിയിൽ വച്ച് ഡോൾഗിഖ് കുറ്റം എല്ലാം ഏറ്റുപറയുകയുണ്ടായി. അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാണെന്നും, താൻ അതിൽ പശ്ചാത്തപിക്കുന്നുവെന്നും അയാൾ പൊലീസിനോട് പറഞ്ഞു. മദ്യ ലഹരിയിൽ അയാൾക്ക് സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും അയാൾ കൂട്ടിച്ചേർത്തു. 

റഷ്യ നേരിടുന്ന ഗുരുതരമായ ഒരു പ്രശ്‌നമാണ് ഗാർഹിക പീഡന കേസുകൾ. 2018 -ൽ മാത്രം 5,000 സ്ത്രീകൾ ഗാർഹിക പീഡനത്താൽ കൊല്ലപ്പെട്ടതായി രേഖകൾ പറയുന്നു. മഹാമാരിയ്ക്ക് മുൻപ് റഷ്യയിൽ ഓരോ വർഷവും 16.5 ദശലക്ഷം സ്ത്രീകൾ ഗാർഹിക പീഡനത്തിന് ഇരയായതായി കണക്കുകൾ സൂചിപ്പിക്കുന്നു.   

PREV
Read more Articles on
click me!

Recommended Stories

സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി
'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ