വിപണിയുടെതല്ലാതിരുന്ന, വിശ്വാസങ്ങളുടെയും പ്രാദേശിക ആഘോഷങ്ങളുടെയും ഓണം

Published : Sep 04, 2025, 03:03 PM IST
pulikkali

Synopsis

ഇന്ന് ഓണം എന്നത് ഒരു വ്യാപാരോത്സവമായി മാറിയിരിക്കുന്നു.  എന്നാല്‍, കേരളത്തിലെ മനുഷ്യരുടെ സംസ്കാരികവും കാർഷികവുമായ ജീവിതവുമായി ഓണം ബന്ധപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ഓണക്കാലത്തെ കുറിച്ചും ഓണ വിശേഷങ്ങളെ കുറിച്ചും സുധീപ് എസ് എഴുതിയ കുറിപ്പ്.

 

ചാണകം മെഴുകിയ തറയില്‍ ദശപുഷ്പങ്ങള്‍ കൊണ്ട് പൂക്കളമിട്ട്, കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഓണത്തപ്പനെ ഒരുക്കി ഓണം കൊണ്ടാടിയ കാലം. ഇന്ന് ഓര്‍മ്മ മാത്രമാണ് ആ ഓണക്കാലം. തുമ്പയും തുളസിയും മുക്കുറ്റിയും കൃഷ്ണ കിരീടവും നിറഞ്ഞ പാടവരമ്പുകളും പറമ്പുകളിലൂടെയും പൂക്കുടയുമായി പുക്കള്‍ തേടി അലഞ്ഞ ഒരു കാലം, അവിടെ നിന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചെണ്ടുമല്ലിയും അരളിയും പൂക്കളങ്ങളുടെ 'മലയാളിത്തം' ഇല്ലാതാക്കിയ ഓണക്കാലം.

ഐതീഹ്യം

ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യകഥകള്‍ ഏറെയാണ്. മഹാബലിയുടെ കാലത്തെ സമൃദ്ധിയെ ഓര്‍മപ്പെടുത്തുകയാണ് ഓണം എന്നതാണ് ഇതില്‍ മുഖ്യം. വര്‍ഷം തോറും ചിങ്ങ മാസത്തിലെ തിരുവോണ നാളില്‍ മഹാബലി തന്‍റെ പ്രജകളെ കാണാനെത്തുന്നുവെന്നതാണ് ഇതിന് പിന്നിലെ സങ്കല്പം. തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്‍റെ തിരുനാളായ തിരുവോണം കൊണ്ടാടാന്‍ തൃക്കാക്കര വാണ മഹാബലി പെരുമാള്‍ കല്പിച്ചു എന്നതാണ് മറ്റൊരു ഐതീഹ്യം.

പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്‍റെ ഓര്‍മ പുതുക്കലാണ് ഓണമെന്നൊരു വിശ്വാസവുമുണ്ട്. കേരളത്തില്‍ ഒരുകാലത്ത് പ്രചരിച്ചിരുന്ന ബുദ്ധമതത്തിന്‍റെ സംഭാവനയാണ് ഓണമെന്ന് മറ്റൊരു വാദവും നിലനില്‍ക്കുന്നു. ചിങ്ങ മാസത്തിലെ തിരുവോണ ദിവസമാണ് ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക് തിരിച്ചതെന്നും അതിന്‍റെ സ്മരണയാണ് ഓണമെന്നും മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിന്‍റെ വിളവെടുപ്പുത്സവമാണ് ഓണമെന്നും മലബാറില്‍ കൊല്ലവര്‍ഷ പിറവി കുറിക്കുന്ന ദിവസമാണ് ഓണമെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളും ഓണാഘോഷവുമായി ബന്ധപ്പെട്ട് ചരിത്രകാരന്മാര്‍ മുന്നോട്ടു വെയ്ക്കുന്നു. ഐതിഹ്യകഥകളെന്തുമാവട്ടെ ഓണം ഇന്ന് മലയാളിയുടെ ഏറ്റവും വലിയ ഉത്സവമാണ്.

(ഇന്ത്യന്‍ ഗോള്‍ഡന്‍ ഓറിയോള്‍)

ഓണത്തിന്‍റെ വരവറിയിച്ച് മലയാളികളുടെ മനസിലേയ്ക്ക് പാറിപ്പറന്നെത്തിയ ഓണത്തുമ്പികൾ. ഒരുകാലത്ത് വയലേലകളില്‍ വ്യാപകമായിരുന്ന ഓണത്തുമ്പികളും ഇന്ന് കാണാമറയത്താണ്. അതുപോലെ ഓണക്കിളിയുടെ കിളിനാദം കേള്‍ക്കാതായിട്ടും കാലമേറെയായി. ഓണക്കിളിയുടെ ശബ്ദം കേള്‍ക്കുമ്പോഴാണ് ഓണമെത്തിയെന്ന് പഴമക്കാര്‍ പറഞ്ഞിരുന്നത്. ഓണക്കിളിയെ കണ്ടാല്‍ വയറുനിറയും എന്നൊരു വിശ്വാസവും നാട്ടുപ്രദേശങ്ങളിലുണ്ടായിരുന്നു. ദേശാടന പക്ഷിയായ ഇന്ത്യന്‍ ഗോള്‍ഡന്‍ ഓറിയോള്‍ ( Indian Golden Oriole) എന്ന മഞ്ഞക്കിളിയെയാണ് ഓണക്കിളി എന്ന് വിളിക്കുന്നത്.

തൃക്കാക്കര

വാമന പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് തൃക്കാക്കര ക്ഷേത്രം. തൃക്കാക്കര ക്ഷേത്രത്തില്‍ കര്‍ക്കിടകത്തിലെ തിരുവോണനാളില്‍ തുടങ്ങി ഇരുപത്തേഴ് ദിവസത്തെ ഉത്സവമായിരുന്നു ഉണ്ടായിരുന്നത്. ചിങ്ങത്തിലെ അത്തം തൊട്ട് തിരുവോണനാളിലെ ആറാട്ട് വരെയുള്ള ഒടുവിലത്തെ പത്ത് ദിവസത്തെ ഉത്സവം ഇന്ന് കേരളം മുഴുവന്‍ ഓണമായി ആഘോഷിക്കുന്നു. തൃക്കാക്കരയപ്പന്‍റെ തിരുനാളായ തിരുവോണം ആഘോഷിക്കാന്‍ മഹാബലിപ്പെരുമാള്‍ കല്‍പിച്ചതനുസരിച്ചാണ് ഓണം കൊണ്ടാടുന്നതെന്നും അത്തം മുതല്‍ വീട്ടുമുറ്റത്ത് തൃക്കാക്കരയപ്പന്‍റെ രൂപം മണ്ണുകൊണ്ടുണ്ടാക്കി പൂവിടുന്നത് അതിന്‍റെ ഓർമ്മ പുതുക്കലാണെന്ന് മറ്റൊരു വാദം.

തിരുവോണ ദിവസമാണ് തൃക്കാക്കരയപ്പനെ ഒരുക്കുന്ന ചടങ്ങ് നടക്കുക. കളിമണ്ണില്‍ തീര്‍ത്ത രൂപങ്ങളാണ് തൃക്കാക്കരയപ്പന്‍ എന്ന് വിളിക്കുന്നത്. അരിമാവ് ഉപയോഗിച്ച് തൃക്കാക്കരയപ്പനെ അലങ്കരിക്കുന്ന രീതിയുമുണ്ട്. ഈ ദിവസങ്ങളില്‍ അടയും, അവിലും മലരുമൊക്ക തൃക്കാക്കരയപ്പന് നിവേദിക്കുന്നു. ആര്‍പ്പുവിളിച്ചാണ് തൃക്കാക്കരയപ്പനെ വീട്ടിലേക്ക് ക്ഷണിക്കുക.

ഓണവില്ല്

തിരുവനന്തപുരം പ്രത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവോണ ദിവസം പത്മനാഭന് സമര്‍പ്പിക്കുന്നതാണ് ഓണവില്ല്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്ര ആചാരങ്ങളില്‍ ഒന്നാണ് ഓണവില്ല് സമര്‍പ്പണം. പുരാണ കഥകള്‍ ആലേഖനം ചെയ്ത ഓണവില്ല് അപൂര്‍വ ചിത്ര കലാസൃഷ്ടി കൂടിയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കമുണ്ട് ഈ ചടങ്ങിന്.

ഓണവില്ലിന്‍റെ ഐതിഹ്യവും മഹാബലിയുമായി ബന്ധപ്പെട്ടതാണ്. വിശ്വരൂപം കാട്ടിക്കൊടുത്ത വാമനനോട് വിഷ്ണുവിന്‍റെ പത്തവതാരങ്ങളും അവയുടെ ഉപകഥകളും കൂടി കാട്ടിക്കൊടുക്കണമെന്ന് മഹാബലി അപേക്ഷിച്ചു. ഈ സമയം വിഷ്ണു, വിശ്വകര്‍മ്മാവിനെ പ്രത്യക്ഷപ്പെടുത്തി. അങ്ങനെ വിശ്വകര്‍മ്മാവ് ആദ്യ ഓണവില്ല് നിർമ്മിച്ചെന്നാണ് ഐതിഹ്യം. തന്‍റെ സന്നിധിയില്‍ എല്ലാ വര്‍ഷവും എത്തുന്ന മഹാബലിയ്ക്ക് കാലാകാലങ്ങളില്‍ വിശ്വകര്‍മ്മജരെ കൊണ്ട് അവതാര ചിത്രങ്ങള്‍ വരച്ച് കാണിച്ചു നല്കാമെന്നും അദ്ദേഹം മഹാബലിക്ക് വാഗ്ദാനം നൽകി. ഇതിന്‍റെ ഓർമ്മ പുതുക്കലാണ് ഓണവില്ല് സമര്‍പ്പണം.

കടമ്പ് വൃക്ഷത്തിന്‍റെയും മഹാഗണിയുടെയും തടികളിലാണ് ഓണവില്ല് നിര്‍മ്മിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളങ്ങളിലാണ് വില്ലുണ്ടാക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്‍റെ ആകൃതിയിലാണ് വില്ല് നിര്‍മ്മാണം. വഞ്ചിനാടിന്‍റെ പ്രതീകം കൂടിയാണിത്. ഓരോ ജോഡി വീതം 12 വില്ലുകള്‍ നിര്‍മ്മിക്കും. ദശാവതാരം വില്ല്, അനന്തശയനം വില്ല്, ശ്രീരാമ പട്ടാഭിഷേകം വില്ല്, കൃഷ്ണലീല വില്ല്, ശാസ്ത വില്ല്, വിനായക വില്ല് എന്നിങ്ങനെയാണ് വില്ലുകള്‍. പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് ഉപയോഗിക്കുക. 41 ദിവസം വൃതമെടുത്താണ് ഇതിന്‍റെ ചിത്രരചന പൂര്‍ത്തിയാക്കുന്നത്. ഓണവില്ലെന്ന പേരില്‍ പണ്ട് ഒരു വാദ്യവും നിലവിലുണ്ടായിരുന്നു. തെങ്ങിന്‍ തടിയുടെ പാത്തി വളച്ചു കെട്ടി അതിന്‍റെ ഞാണിലാണ് ഈ വാദ്യം വായിച്ചിരുന്നത്.

കാളകെട്ട്

ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞെത്തുന്ന കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണം. ചിലയിടങ്ങളില്‍ ഇരുപത്തെട്ടാം ഓണത്തിനും അത്തപ്പൂക്കളമിടാറുണ്ട്. ഈ ഇരുപത്തിയെട്ടാം ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ കാളകെട്ട് അഥവാ കാളവേല ആഘോഷം നടക്കുന്നത്. ഒരു ജോഡി കാളകളുടെ രൂപങ്ങള്‍ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്ര പരിസരത്ത് നിരത്തി നിര്‍ത്തിയാണ് കാളവേല. കെട്ടിയുണ്ടാക്കുന്ന ഈ കാളരൂപങ്ങളെ കെട്ടുകാളകള്‍ എന്നാണ് വിളിക്കുക.

ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായായാണ് ഇരുപത്തെട്ടാം ഓണത്തിന് കെട്ടുകാളകള്‍ ഒരുങ്ങുക. ഓരോ കരക്കാരും മത്സര ബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കും. കാര്‍ഷികാഭിവൃദ്ധിക്ക് കൂടിയാണ് കാളവേല നടത്തുന്നത്. വലിയ രഥങ്ങളില്‍ വടം കെട്ടി കാളകളെ പടനിലത്തിലൂടെ ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കുന്നു.

(ഓണത്താര്‍)

ഓണത്താര്‍

കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓണത്തിന്‍റെ വരവ് അറിയിച്ച് വീടുകളില്‍ എത്തുന്ന തെയ്യമാണ് ഓണത്താര്‍. കുട്ടികളാണ് ഈ വേഷവും കെട്ടുക. ചില ഭാഗങ്ങളില്‍ അത്തം മുതല്‍ തിരുവോണം വരെ ഓണത്താര്‍ വീടുകളില്‍ എത്തും. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളില്‍ മഹാവിഷ്ണു സങ്കല്പമാണ് ഓണത്താറിനുള്ളത്. ബാലരൂപത്തിലുള്ള ശ്രീകൃഷ്ണനായും സങ്കല്പമുണ്ട്. എന്നാല്‍, മറ്റിടങ്ങളില്‍ ഓണത്താറെന്നാല്‍ മഹാബലി സങ്കല്പമാണ്. ഉത്രാടത്തിനും തിരുവോണത്തിനുമാണ് മഹാബലി സങ്കല്പത്തോടെ ഓണത്താര്‍ ഇവിടങ്ങളില്‍ എത്തുക.

ഓട്ടുമണിയും കിലുക്കി ഓണവില്ലിന്‍റെയും ഒറ്റച്ചെണ്ടയുടെയും താളത്തിലാണ് വരവ്. മുഖത്തെഴുത്തും ഉടയാടകളും തലയില്‍ കിരീടവും ഉണ്ടാകും. പൂക്കളത്തിന് ചുറ്റും ഓണത്താര്‍ നൃത്തം വെയ്ക്കും. ഒപ്പം പാട്ടിന്‍റെ അകമ്പടിയുണ്ടാകും. മഹാബലിയുടെ ആഗമന കഥയാണ് ഇതിവൃത്തം. മാവേലിപ്പാട്ടെന്നും ഓണപ്പാട്ടെന്നും ഇത് പറയപ്പെടുന്നു. വണ്ണാന്‍ സമുദായത്തിലെ ആണ്‍കുട്ടികളാണ് ഓണത്താര്‍ വേഷം കെട്ടുക.

ആടിവേടന്‍ തെയ്യം

ഉത്തര മലബാറിലാണ് ഓണത്തിന്‍റെ അനുഷ്ഠാന കലകളില്‍ പലതും നടക്കാറുള്ളത്. തെയ്യത്തിന്‍റെ നാട്ടില്‍ കുട്ടിത്തെയ്യങ്ങളുടെ കാലം കൂടിയാണിത്. പാലക്കാടും കോലത്തുനാട് പ്രദേശങ്ങളിലും കര്‍ക്കിടകത്തില്‍ ആധിവ്യാധികള്‍ അകറ്റി ഐശ്വര്യ പൂര്‍ണമായ ചിങ്ങത്തെ വരവേല്ക്കാന്‍ ആടിവേടന്‍ തെയ്യം വീടുകളിലെത്തും.

ശിവപാര്‍വതി സങ്കല്പമാണ് ആടിവേടന്‍റെ ഐതിഹ്യം. ഒറ്റവേഷത്തിലും ഇരട്ട വേഷത്തിലും ആടിവേടന്‍ എത്താറുണ്ട്. അര്‍ദ്ധനാരീശ്വര സങ്കല്പത്തിലാണ് ഒറ്റ വേഷം. ആടിയും വേടനുമായി രണ്ട് വേഷത്തിലും വരുന്നുണ്ട്. വേടന്‍ ആണ് ആദ്യം വരിക. മാസത്തിന്‍റെ പകുതിയാകുമ്പോള്‍ ആടിയും വീടുകളിലേക്ക് എത്തുന്നു.

ആടി എന്ന പാര്‍വതി വേഷം കെട്ടുക വണ്ണാന്‍ സമുദായത്തിലെ കുട്ടികളും വേടന്‍ എന്ന ശിവ വേഷം കെട്ടുക മലയന്‍ സമുദായത്തിലെ കുട്ടികളുമാണ്. ആടി വേടന്‍ ചെണ്ടയുടെയും പാട്ടിന്‍റെയും അകമ്പടിയോടെയാണ് എത്തുക. എന്നാല്‍, യാത്രാവേളയില്‍ അകമ്പടി വാദ്യമുണ്ടാകില്ല. വീട്ടു പടിക്കല്‍ എത്തുമ്പോഴെ വാദ്യമുള്ളൂ. ആടിയ ശേഷം മഞ്ഞള്‍പൊടിയും ചുണ്ണാമ്പും ചേര്‍ത്ത ഗുരുതി വെള്ളം മുറ്റത്ത് കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും ഒഴിക്കുന്നതോടെ ദോഷങ്ങള്‍ പടിയിറങ്ങിയെന്നാണ് വിശ്വാസം.

ഓണപ്പൊട്ടന്‍

ഉത്രാടം, തിരുവോണം നാളുകളില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വീടുകള്‍തോറും കയറിയിറങ്ങി ഐശ്വര്യം നേരുന്ന തെയ്യക്കോലമാണ് ഓണപ്പൊട്ടന്‍. ഓണേശ്വരന്‍ എന്നും വിളിപ്പേരുണ്ട്. മഹാബലിയുടെ സങ്കലപമായാണ് ഓണപ്പൊട്ടനെ കാണുന്നത്. വര്‍ണകിരീടവും കുരുത്തോല കൊണ്ടലങ്കരിച്ച ഓലക്കുടയും ചൂടി കുടമണി കുലുക്കി വരുന്ന ഓണപ്പൊട്ടന് പുറകില്‍ ആര്‍പ്പുവിളിയുമായി കുട്ടികളുടെ ഒരു പടയുമുണ്ടാകും. മൂക്കിന് താഴെ നിന്ന് മാറുവരെ ഞാന്നുകിടക്കുന്ന ഓണമഞ്ഞത്താടി ഓണപ്പൊട്ടന്‍റെ ഒരു സവിശേഷതയാണ്.

നാല്പത്തിയൊന്ന് ദിവസത്തെ വ്രതത്തിന് ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ കുളിച്ച്, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച് പൂജ നടത്തിയാണ് വേഷം കെട്ടുക. ഒരിടത്തും നില്‍ക്കാതെ ഗ്രാമീണ വഴികളിലൂടെ വേഗത്തിലുള്ള നടപ്പാണ് ഓണപ്പൊട്ടന്‍റ യാത്ര. പരമാവധി വീടുകളിലെത്താനുള്ള പ്രയത്‌നമാണത്. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്യും. മണികിലുക്കിയാണ് വരവ്.

ഓണപ്പൊട്ടന്‍ ഒന്നും ഉരിയാടാറില്ല. അതുകൊണ്ടാണ് ഓണപ്പൊട്ടന്‍ എന്ന വിളിപ്പേര് ഉണ്ടായതും. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തും വരെ ആരോടും മിണ്ടാന്‍ പാടില്ലെന്നാണ് ചിട്ട. കോഴിക്കോട് നാദാപുരം പരപ്പന ക്ഷേത്രത്തിലെ പ്രതിഷ്ഠ ഓണപ്പൊട്ടനാണ്.

നീലമ്പേരൂര്‍ പടയണി

നീലമ്പേരൂര്‍ പടയണി തിരുവോണം കഴിഞ്ഞ് അവിട്ടം നാള്‍ ആരംഭിക്കും. പടയണി 16 ദിവസം നീണ്ട് നില്ക്കും. ചിങ്ങത്തിലെ പൂരം നാളിലാണ് അവസാനിക്കുക. ചിങ്ങത്തിൽ പടയണി നടക്കുക ഇവിടെ മാത്രമാണ്. മറ്റ് പടയണികളെല്ലാം ധനുമാസത്തിലാണ് നടക്കുക.

പടയണിയെന്നാല്‍ സൈന്യം അഥവാ പടയുടെ നീണ്ട നിര. യുദ്ധത്തിലെന്ന പോലെ ജനങ്ങള്‍ അണിനിരക്കുന്ന ഉത്സവമായതിനാലാണ് പടയണി എന്ന പേര് വന്നത്. പടേനി എന്നും പ്രാദേശിക വിളിയുണ്ട്. ചേരമാന്‍ പെരുമാള്‍ നീലമ്പേരൂര്‍ സന്ദര്‍ശിച്ചതിന്‍റെ ഐതിഹ്യമാണ് ഈ പടയണിക്ക് പിന്നിലുള്ളതെന്ന് പറയുന്നു. തിരുവഞ്ചിക്കുളത്ത് നിന്ന് കായല്‍ വഴി എത്തിയ പള്ളിബാണപ്പെരുമാള്‍ നീലമ്പേരൂരിന്‍റെ പ്രകൃതി ഭംഗി കണ്ട് അവിടെ ഇറങ്ങിയെന്നും പിന്നീട് കൊട്ടാരം കെട്ടി താമസമായെന്നുമാണ് കഥ. പെരുമാള്‍ തന്‍റെ ഉപാസനാ മൂര്‍ത്തിയായ ഭഗവതിയെ അവിടെ പ്രതിഷ്ഠിച്ചെന്നും പറയപ്പെടുന്നു. പെരുമാളിന് കൊട്ടാര മാളികയിലിരുന്ന് കലാ പ്രകടനം ആസ്വദിക്കാനത്രേ നീലമ്പേരൂര്‍ പടയണി തുടങ്ങിയത്.

ബുദ്ധ സന്യാസിയായി മാറിയ പള്ളിബാണപ്പെരുമാള്‍ നീലമ്പേരൂരില്‍ തന്നെ സമാധിയായെന്ന് കരുതപ്പെടുന്നു. ദാരിക നിഗ്രഹത്തിന് ശേഷം ഭദ്രകാളിയെ ശാന്തയാക്കാന്‍ ശിവന്‍റെ ഭൂതഗണങ്ങള്‍ കോലങ്ങള്‍ വെച്ച് കെട്ടി തുള്ളിയെന്നും കാളി സംപ്രീതയായെന്നുമാണ് പടയണിയുടെ ഹൈന്ദവ വിശ്വാസം. ആയിരത്തോളം വര്‍ഷം പഴക്കമുണ്ട് ഈ പടയണിക്കെന്ന് കരുതുന്നു. ഫാഹിയാന്‍റെ യാത്രാ വിവരണത്തില്‍ നീലമ്പേരൂര്‍ പടയണിയെ കുറിച്ച് പറയുന്നു.

അവിട്ടം നാളില്‍ ചൂട്ടിടലോടെ പടയണി ആരംഭിക്കുന്നു. ചതയത്തിന് രാവിലെ യുവജനങ്ങള്‍ ക്ഷേത്രാങ്കണത്തിലെത്തുന്നു. വലിയ അന്നത്തിന്‍റെയും, ആനയുടെയും, ചെറിയ അന്നങ്ങളുടെയും, ഭീമന്‍, യക്ഷി എന്നീ കോലങ്ങളും വെളിയിലെടുക്കുന്നു. കുടം പൂജ കളിയോടെ പടയണി ആരംഭിക്കുന്നു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം വിവിധ കോലങ്ങള്‍ അരങ്ങിലെത്തി പടയണി തുടരും. പതിനഞ്ചാം ദിവസം മകം പടയണിയാണ്. പടയണിയുടെ കലാശം പൂരം നാളിലാണ്. രാത്രിയോടെ കോലങ്ങളുടെ എഴുന്നള്ളിപ്പാണ്. വെളുപ്പിനെ മൂന്നുമണിയോടെ നീലമ്പേരൂര്‍ പടയണി അവസാനിക്കും.

(പുലിക്കളി)

പുലിയിറങ്ങുന്ന തൃശൂർ

ഓണക്കാലത്ത് പുലിയിറങ്ങുന്ന ഒരു നാട്, അതാണ് തൃശൂര്‍. നാലാം ഓണത്തിനാണ് തൃശൂര്‍ നഗരത്തില്‍ പുലിക്കളി അരങ്ങേറുക. പുലി വേഷം കെട്ടിയ വിവിധ ദേശങ്ങളുടെ പുലിക്കളിക്കാര്‍ നാലാം ഓണത്തിന് തൃശൂര്‍ നഗരത്തിലെ റോഡുകളില്‍ ചുവടുവെയ്ക്കും. തൃശൂര്‍ പൂരം കഴിഞ്ഞാല്‍ തൃശൂരുകാര്‍ ഏറ്റവും ആഘോഷിക്കുന്ന സാംസ്‌കാരിക ഉത്സവവും പുലിക്കളിയാണ്. കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെ ഗ്രാമപ്രദേശങ്ങളിലും പുലി, കടുവ കളികള്‍ അരങ്ങേറാറുണ്ട്.

തൃശൂരിന്‍റെ 'പുലികള്‍'ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് ചിലര്‍ വാദിക്കുന്നു. 200 വര്‍ഷത്തോളം പഴക്കമാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അത്ര പഴഞ്ചനല്ല പുലിയെന്ന് മറുവാദവുമുണ്ട്. തൃശൂര്‍ പൂരം പോലെ പുലിക്കളിയെ ശക്തന്‍ തമ്പുരാനുമായി ചിലര്‍ ബന്ധിപ്പിക്കുന്നു. എന്നാല്‍, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന പട്ടാള ക്യാമ്പിലാണ് ആദ്യമായാണ് പുലിക്കളി നടന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. തൃശൂരില്‍ പഠാണി മുസ്ലിങ്ങളുടെ പഞ്ചയെടുക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ടുള്ള ഘോഷയാത്രയിലാണ് പുലിക്കളി ആദ്യമായി അവതരിപ്പിക്കപ്പെട്ടതെന്ന് മറ്റൊരു ഐതിഹ്യമുണ്ട്.

ഇത് ഒന്നുമല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ ഓരോ പ്രദേശവും ആക്രമിച്ചു കീഴടക്കുമ്പോള്‍, സുല്‍ത്താന്‍റെ കൊടിയടയാളമായ പുലി രൂപം പൂണ്ട് പട്ടാളക്കാര്‍ നൃത്തമാടിയിരുന്നുവത്രേ. ഈ സൈനിക പ്രകടനത്തിന്‍റെ പരിഷ്‌കൃത രൂപമാണ് ഇന്ന് കാണുന്ന പുലിക്കളിയെന്നും ചിലര്‍ അവകാശപ്പെടുന്നു.

പുലിയുടേത് പോലുള്ള വരകള്‍ ശരീരത്തില്‍ വരച്ച് പുലിയുടെ മുഖം മൂടിയും അണിഞ്ഞ് വാദ്യമേളക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നവരാണ് പുലിക്കളിക്കാര്‍. പ്രത്യേക പരിശീലനം ഇതവതരിപ്പിക്കാന്‍ ആവശ്യമാണ്. കടും മഞ്ഞ നിറങ്ങളും കറുപ്പും ചായങ്ങളാണ് പ്രധാനമായും ഉപയോഗിക്കുക. പുള്ളിപ്പുലി വരയ്ക്കുമ്പോള്‍ പിന്‍ഭാഗത്ത് നിന്ന് വലിയ പുള്ളിയില്‍ തുടങ്ങി വയറിലെത്തുമ്പോള്‍ ചെറുതായി വരയ്ക്കുന്നു. വരയന്‍ പുലി അഥവാ കടുവയ്ക്ക് ആറു തരം വരകള്‍ വേണം. പട്ട വര മുതല്‍ സീബ്ര ലൈന്‍ വരെ. 41 ദിവസം വ്രതമനുഷ്ഠിച്ചാണ് പുലിക്കളിക്കാര്‍ ശരീരത്തില്‍ ചായം തേക്കുക. കര്‍ക്കിടകം ഒന്നിന് തുടങ്ങി നാലാം ഓണം വരെ വ്രതം നീളുന്നു.

മറ്റൊരു മേളക്കൊട്ടിനോടും സാമ്യമില്ലാത്ത അസുര താളത്തിനൊപ്പിച്ചാണ് കിലുങ്ങുന്ന അരമണികളും കെട്ടി പുലികളിറങ്ങുന്നത്. 70 വര്‍ഷം മുമ്പ് തോട്ടുങ്കല്‍ രാമന്‍കുട്ടി ആശാന്‍ ചിട്ടപ്പെടുത്തിയതാണ് പുലിമേളം എന്ന ഈ പ്രത്യേക താളക്കൊട്ട്. തൃശൂരിലെ പുലിക്കളിക്കല്ലാതെ മറ്റൊരിടത്തും ഈ കൊട്ടുമില്ല.

ഓണത്തല്ല്

അന്യം നിന്നുപോകുന്ന ഒരു ഓണക്കളിയാണ് ഓണത്തല്ല്. കുന്നുംകളുത്ത് മാത്രമാണ് ഇപ്പോള്‍ ഓണത്തല്ല് നടക്കുന്നത്. കൈയാങ്കളി, ഓണപ്പട എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഓണത്തല്ലിനായി പ്രത്യേക സ്ഥലം തയ്യാറാക്കും. രണ്ട് ഭാഗങ്ങളായി നിന്നാണ് മത്സരം. ഒരു വശത്ത് നിന്ന് ഒരാള്‍ വന്ന് എതിരാളിയെ വെല്ലുവിളിക്കും. അപ്പോള്‍ മറുപുറത്ത് നിന്നും ഒരാള്‍ വെല്ലുവിളി ഏറ്റെടുത്ത് തല്ല് തുടങ്ങും. കൈ നിവര്‍ത്തി കൈത്തല ഉപയോഗിച്ചേ അടിക്കാവൂ. എതിരാളി ഒഴിഞ്ഞ് മാറി മറു കക്ഷിയുടെ വശത്ത് കയറിപ്പറ്റണം. ചാടിമറിച്ചില്‍, പൊങ്ങിപ്പറക്കല്‍, കരണം മറിച്ചില്‍ തുടങ്ങി പല രീതികള്‍ മത്സരാര്‍ഥികള്‍ സ്വീകരിക്കും. ഓണത്തല്ലിന്‍റെ അവസാന റൗണ്ടാണ് അവിട്ടത്തല്ല്. പല നാളുകളിലായി തല്ലുകള്‍ നടത്തി വിജയികളായ ഒടുവിലത്തെ രണ്ട് സംഘക്കാര്‍ തമ്മിലുള്ള മത്സരമാണിത്.

(കുമ്മാട്ടിക്കളി)

കുമ്മാട്ടിക്കളി

പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലാണ് കുമ്മാട്ടിക്കളി പ്രചാരത്തിലുള്ളത്. ഉത്രാട നാള്‍ മുതല്‍ നാലാം ഓണം വരെയാണ് കുമ്മാട്ടികള്‍ നാട്ടിലിറങ്ങുക. കാട്ടാളന്‍, ഹനുമാന്‍, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങള്‍. കാലങ്ങളായി പിന്തുടരുന്ന കുമ്മാട്ടികളിക്ക് പിന്നില്‍ വലിയ ഐതിഹ്യവുമുണ്ട്. കാലദോഷം തീര്‍ക്കാനും കുട്ടികളെ ആഹ്‌ളാദിപ്പിച്ച് അവര്‍ക്ക് നന്മനേരാനായി എത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങള്‍ക്ക് പിന്നിലെ ഐതിഹ്യം ശിവനും അര്‍ജ്ജുനനുമായി ബന്ധപ്പെട്ടതാണ്.

പാണ്ഡവരുടെ വനവാസ കാലത്ത് യുധിഷ്ഠിരന്‍ അനുജനായ അര്‍ജ്ജുനനോട് ശത്രുസംഹാരത്തിനായി വിശിഷ്ട ആയുധങ്ങള്‍ തപസ് ചെയ്ത് നേടാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് അര്‍ജ്ജുനന്‍ ഹിമാലയത്തിലെത്തി ദേവേന്ദ്രന്‍, ശിവന്‍, യമന്‍, വരുണന്‍ എന്നീ ദേവന്‍മാരെ കണ്ട് വരം സ്വന്തമാക്കി. ഇതില്‍ ശിവനെ പ്രത്യക്ഷപ്പെടുത്താന്‍ മാത്രം കഠിനമായ തപസ് ചെയ്യേണ്ടിവന്നു. ശിവന്‍റെ പക്കലുള്ള പാശുപതാസ്ത്രമായിരുന്നു അര്‍ജ്ജുനന്‍ വരമായി ആഗ്രഹിച്ചത്. എന്നാല്‍, ഈ വരം നല്കുന്നതിന് മുമ്പായി അര്‍ജ്ജുനന്‍റെ സാമര്‍ഥ്യം പരീക്ഷിക്കാന്‍ ശിവന്‍ തിരുമാനിച്ചു. അതിന് ശേഷം മാത്രമേ അസ്ത്രദാനം നല്കൂവെന്നും നിശ്ചയിച്ചു. ശിവന്‍ കാട്ടാള രൂപം ധരിച്ച് അര്‍ജ്ജുനന്‍റെ മുമ്പിലെത്തി, പാര്‍വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെ താപസിയായ അര്‍ജ്ജുനന്‍റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണ് തുറന്ന അര്‍ജ്ജുനന്‍ വില്ല് കുലച്ച് പന്നിയ്ക്ക് പിന്നാലെ ഓടി.

കിരാത രൂപിയായ ശിവന്‍ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടര്‍ന്നു. ഒരിടത്ത് വച്ച് ഇരുവരും വില്ല് കുലച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദന കൊണ്ട് പുളഞ്ഞ പന്നി ചത്ത് വീണു. താനയച്ച അമ്പാണ് ആദ്യം പന്നിയ്ക്ക് മേല്‍ കൊണ്ടെതെന്ന് പറഞ്ഞ് അര്‍ജ്ജുനന്‍ പന്നിയ്ക്ക് മേല്‍ അവകാശവാദം ഉന്നയിച്ചു. ആ വാദത്തെ ഖണ്ഡിച്ച് ശിവനും രംഗത്തെത്തി. തര്‍ക്കം മുറുകിയപ്പോള്‍ തങ്ങളില്‍ ആരാണ് കേമനെന്ന് യുദ്ധത്തിലൂടെ തീരുമാനിക്കാം എന്ന ധാരണയിലെത്തി.

അല്പസമയത്തിനകം അവിടം ഒരു യുദ്ധ ഭൂമിയായി. ശിവനും അര്‍ജ്ജുനനും തമ്മില്‍ യുദ്ധം! ദിവ്യാസ്ത്രങ്ങള്‍ പ്രയോഗിച്ച് തങ്ങളുടെ കഴിവുകള്‍ പരസ്പരം കാട്ടി. ഏറെ നേരം നീണ്ട യുദ്ധത്തിനൊടുവില്‍ അര്‍ജ്ജുനന്‍ നിരായുധനും നിസഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവ് പറയേണ്ടി വന്നതില്‍ അര്‍ജ്ജുനന്‍ ദുഃഖിച്ചു. പെട്ടെന്ന് ശിവന്‍ കിരാതരൂപം വെടിഞ്ഞ് സ്വരൂപം കൈക്കൊണ്ട് അര്‍ജ്ജുനനെ അനുഗ്രഹിച്ചു. വിഷമിക്കേണ്ടതില്ല. കിരാതരൂപത്തില്‍ വന്ന് നിന്നെ പരീക്ഷിക്കുകയായിരുന്നുവെന്നും പരീക്ഷണത്തില്‍ അര്‍ജ്ജുനന്‍ വിജയിച്ചു എന്നും പറഞ്ഞ് ദിവ്യശ്കതിയുള്ള പാശുപതാസ്ത്രം സമ്മാനിച്ചു.

അര്‍ജ്ജുനന്‍ ആദരപൂര്‍വം പാശുപതാസ്ത്രം വാങ്ങി ശിവനെ നമസ്‌കരിച്ചു. അപ്പോഴേയ്ക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങള്‍ അവിടെയെത്തി. അവര്‍ ശിവനേയും പാര്‍വതിയേയും സന്തോഷിപ്പിക്കാന്‍ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. അനന്തരം ശിവനും പാര്‍വ്വതിയും അപ്രത്യക്ഷരായി. വളരെ കാലത്തിന് ശേഷം ശിവന്‍ പാര്‍വ്വവതീസമേതനായി തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ കുടികൊണ്ടു. ഒരിക്കല്‍, ഭൂതഗണങ്ങളുടെ പഴയ നൃത്തവും പാട്ടും വീണ്ടും കേള്‍ക്കണമെന്ന് പാര്‍വതിക്ക് മോഹമുണ്ടായി. ആ നിമിഷം ഭൂതഗണങ്ങളെ വരുത്തി നൃത്തം ചെയ്യാൻ ശിവൻ ആവശ്യപ്പെട്ടു. താളാത്മകമായ പാട്ടും നൃത്തവും ഭഗവതിക്ക് ഏറെ ഇഷ്ടപ്പെട്ടു. നൃത്തം തീര്‍ന്നതും പാര്‍വതി ഭൂതഗണങ്ങള്‍ക്ക് പട്ടും വളയും സമ്മാനിച്ചു. അതിന് ശേഷം ശിവന്‍ ഭൂതഗണങ്ങളോട് ഇങ്ങനെ നിര്‍ദ്ദേശിച്ചു. 'ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്ത് നിങ്ങള്‍ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരു കാലത്തും വിസ്മരിക്കാതെ അവര്‍ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത് എന്റെ പ്രിയഭക്തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോള്‍ നിങ്ങള്‍ ഭക്തരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കണം.' അങ്ങനെയാണ് കുമ്മാട്ടിക്കളിയ്ക്ക് തൃശൂരിലും പരിസരങ്ങളിലും പ്രചാരമുണ്ടായതെന്നാണ് ഐതിഹ്യം.

ദേവ, മനുഷ്യ കഥാപാത്രങ്ങളും മൃഗ കഥാപാത്രങ്ങളും കുമ്മാട്ടിക്കളിയിലുണ്ട്. ശിവന്‍, ബ്രഹ്മാവ്, ശ്രീരാമന്‍, കൃഷ്ണന്‍, ഗണപതി, കിരാതമൂര്‍ത്തി, ദാരികന്‍, കാളി, കാട്ടാളന്‍, ഗരുഡന്‍, സുഗ്രീവന്‍, ബാലി, അപ്പൂപ്പന്‍, സന്യാസി തുടങ്ങിയ പൊയ്മുഖങ്ങള്‍ക്കൊപ്പം പുലിമുഖവും തെയ്യമുഖവും കാളമുഖവും ചില കുമ്മാട്ടികള്‍ അണിയാറുണ്ട്. കൈയില്‍ വടിയുമായെത്തുന്ന തള്ള മുഖമുള്ള കുമ്മാട്ടിയാണ് വേഷങ്ങളെ നിയന്ത്രിക്കുക. ഇപ്പോള്‍ നാടന്‍ കലാരൂപങ്ങളും ഫാന്‍സി വേഷങ്ങളും കൂടി ജനത്തെ രസിപ്പിക്കാന്‍ വേണ്ടി ഒരുക്കാറുണ്ട്.

ഒരു കുമ്മാട്ടി മുഖത്തിന് 20,000 മുതല്‍ 50,000 രൂപയോളം നിര്‍മ്മാണ ചിലവ് വരും. 10 കിലോയോളം ഭാരമുള്ള കുമ്മാട്ടി മുഖങ്ങള്‍ വരെയുണ്ട്. ഏറെ ഭംഗിയുള്ള മുഖം മൂടികളാണ് ഉപയോഗിക്കാറുള്ളത്. ആദ്യ കാലങ്ങളില്‍ കമുകിന്‍ പാളയിലായിരുന്നു മുഖം മൂടി വരച്ചിരുന്നത്. പിന്നീടത് മുരിക്ക്, കുമ്മിള്‍ പോലെ ഭാരം കുറഞ്ഞ തടികള്‍ ഉപയോഗിച്ച് ഉണ്ടാക്കാനാരംഭിച്ചു. അതിനും പൊട്ടല്‍ വരുമെന്നതിനാല്‍ കുമ്മാട്ടി മുഖങ്ങള്‍ പ്ലാവിന്‍റെ തടിയിലും ഇപ്പോള്‍ നി‍ർമ്മിക്കുന്നു. ശരീരം മുഴുവന്‍ പര്‍പ്പടക പുല്ല് വെച്ചു കെട്ടിയാണ് കുമ്മാട്ടി വേഷം ഒരുക്കുക. അപൂര്‍വമായി വാഴയിലയും കെട്ടാറുണ്ട്. ഇതിനെ കുമ്മാട്ടിപ്പുല്ലെന്നും വിളിക്കുന്നു. പ്രത്യേക രീതിയില്‍ കുമ്മാട്ടിപ്പുല്ല് പിരിച്ചു പിരിച്ച് മെടഞ്ഞ ശേഷം കയറും കാഞ്ഞിര വള്ളിയും ഉപയോഗിച്ച് ദേഹത്ത് വച്ച് കെട്ടും. ഇതിനു ശേഷമാണ് പൊയ്മുഖമണിയുക.

പാവക്കൂത്ത്

ഉടുക്ക്, കിണ്ണം എന്നീ വാദ്യങ്ങളോടെ നടത്തുന്ന പാവകൂത്ത്. കൈയുറപ്പാവകളാണ് ഇതിനുപയോഗിക്കുന്നത്. ആലപ്പുഴ ജില്ലയിലാണ് ഇത് പ്രചാരം നേടിയത്.

കരടി കളി

കളിക്കാരന്‍ കരടിയുടെ മുഖംമൂടി ധരിക്കും. കളിക്കായി ശരീരം മുഴുവന്‍ കരിതേച്ച്, ഉണങ്ങിയ വാഴയിലകള്‍ ചേര്‍ത്തുണ്ടാക്കിയ ഉടുപ്പ് ധരിക്കുന്നു. ചെണ്ടമേളത്തിന്‍റെ താളത്തിനൊത്ത് നൃത്തം ചെയ്താണ് കരടികളി അവതരിപ്പിക്കുക. മധ്യതിരുവിതാംകൂറിലാണ് കരടി കളി പ്രചാരം നേടിയത്.

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ