
ഒരു സർക്കസ് കൂടാരത്തിൽ അവശനായ ഒട്ടകത്തെ പരിശീലകൻ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. ഒരു മരത്തിന്‍റെ കമ്പ് കൊണ്ട് ഒട്ടകത്തെ കുത്തുകയും അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങില്‍ വ്യാപകമായി പ്രചരിക്കുന്നത്. രാജസ്ഥാനിലെ ഹനുമാൻഗഢ് ജില്ലയിലെ ഗോഗമേഡി ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകൾ. ഗ്രാമത്തിലെ പ്രധാന ഉത്സവമായ ഗോഗമേഡി മേളയുടെ ഭാഗമായി സംഘടിപ്പിച്ച സർക്കസ് കേന്ദ്രത്തിൽ നിന്നുള്ളതാകാം ദൃശ്യങ്ങളെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെടുന്നത്. എന്നാൽ, എവിടെ നിന്ന് ചിത്രീകരിക്കപ്പെട്ടതാണ് എന്നതിനെക്കുറിച്ച് ആധികാരികമായ സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല. ഏതായാലും വീഡിയോയിൽ കാണുന്നത് അതിക്രൂരമായ ദൃശ്യങ്ങളാണ് എന്നതിൽ സംശയമില്ല. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
സർക്കസ് കൂടാരത്തിൽ സംഭവിച്ചതാണ് ഇതെങ്കിൽ ഒട്ടകത്തെ ആക്രമിച്ച വ്യക്തിക്കെതിരെയും ഒപ്പം സർക്കസ് കമ്പനി മാനേജ്മെന്‍റിനെതിരെയും ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. @streetdogsofbombay ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് അസ്വസ്ഥത ഉളവാക്കുന്ന ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ, ഒരു മനുഷ്യൻ ഇരുകൈകൾ കൊണ്ടും നീളമുള്ള ഒരു വടി പിടിച്ച് ഒട്ടകത്തെ, പ്രത്യേകിച്ച് അതിന്‍റെ നീളമുള്ള കഴുത്തിൽ ആവർത്തിച്ച് അടിക്കുന്നത് കാണാം.
അവശനായി തളർന്നു കിടക്കുന്ന ഒട്ടകത്തെ എഴുന്നേൽപ്പിക്കുന്നതിന് വേണ്ടിയാണ് ഇയാൾ ഇത്തരത്തിൽ ഒട്ടകത്തെ അടിക്കുന്നത്. എന്നാല്ഒ വേദന കൊണ്ട് പുളയുന്ന ഒട്ടകം ഓരോ തവണ അടിക്കുമ്പോഴും തന്നെ കെട്ടിയ കയർ പരമാവധി വലിച്ച് ഭൂമിയിലേക്ക് പരമാവധി താഴ്ന്ന് കിടക്കുന്നതും വീഡിയോയില്‍ കാണാം. തുടർച്ചയായി അടിയേറ്റ ഒട്ടകം ഒടുവില്‍ എഴുന്നേറ്റ് നിൽക്കാൻ പാടുപെടുന്നതും വീഡിയോയില്‍ കാണാം. വടികൊണ്ട് ആ മനുഷ്യൻ ഒട്ടകത്തിന്‍റെ കഴുത്തിൽ അമർത്തുമ്പോൾ ഒട്ടകം വേദന കൊണ്ട് പുളയുന്നതും ഉച്ചത്തിൽ നിലവിളിക്കുന്നതും കേൾക്കാം. ഒടുവിൽ ഒട്ടകം എഴുന്നേറ്റ് നിന്നതിന് ശേഷമാണ് ആ മനുഷ്യൻ അടി നിർത്തി അവിടെ നിന്നും നടന്നു പോകുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായവർ രഹസ്യമായി ചിത്രീകരിച്ചതാണ് ഈ വീഡിയോ.