
ഇന്ത്യയിലാണെങ്കിലും മറ്റ് രാജ്യങ്ങളിലാണെങ്കിലും ജീവിതച്ചെലവ് കുതിച്ചുയരുകയാണ്. പ്രധാന നഗരങ്ങളിലാണ് എങ്കിൽ പറയുകയേ വേണ്ട. എത്ര രൂപ ശമ്പളം കിട്ടിയാലാണ് നന്നായി ജീവിക്കാനാവുക എന്ന് പറയാനാവില്ല. എങ്കിലും പല മേഖലകളിലും ശമ്പളം അത്രകണ്ടൊന്നും വർധിച്ചിട്ടില്ല. ഇപ്പോഴിതാ, ടെക്ക് മേഖലയിൽ പ്രതിവർഷം ഒരു കോടി രൂപ സമ്പാദിക്കുന്നതൊന്നും ഇനി ഒരു അസാധാരണ കാര്യമായി കണക്കാക്കാനാവില്ലെന്ന ഒരു വാൾമാർട്ട് ജീവനക്കാരന്റെ പോസ്റ്റാണ് ചർച്ചയാവുന്നത്.
പ്രൊഫഷണൽ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ബ്ലൈൻഡിലാണ് ഇയാൾ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അതിൽ വാൾമാർട്ട് ജീവനക്കാരൻ പറയുന്നത്, നാലോ അഞ്ചോ വർഷത്തെ പ്രൊഫഷണൽ പരിചയമുള്ള, ഒരു കോടി രൂപയോ അതിൽ കൂടുതലോ സമ്പാദിക്കുന്ന നിരവധി ടെക്കികളെ താൻ കണ്ടുമുട്ടിയിട്ടുണ്ട് എന്നാണ്. തനിക്ക് 13 വർഷത്തെ അനുഭവസമ്പത്തുണ്ട്. എന്നാൽ, തനിക്ക് അങ്ങനെ ഒരു തുക നേടുക എന്നത് കഠിനമാണ് എന്നും യുവാവ് പറയുന്നു.
-13 വർഷത്തെ പരിചയമുള്ള ഒരാൾക്ക്, 1 കോടി രൂപയുടെ സി.ടി.സി. പ്രയാസമുള്ള കാര്യമായിട്ടാണ് തോന്നുന്നത്. പക്ഷേ 4-5 വർഷത്തെ പരിചയം മാത്രമുള്ളവർ 1 കോടി സമ്പാദിക്കുന്നതും താൻ കാണുന്നുണ്ട്. ഇത് എനിക്ക് മാത്രം തോന്നുന്നതാണോ അതോ ഇപ്പോൾ ഇതാണോ പതിവ്- എന്നും യുവാവ് തന്റെ പോസ്റ്റിൽ ചോദിക്കുന്നു. 13 വർഷത്തെ പരിചയമുള്ള ഒരു ഡാറ്റാ എഞ്ചിനീയർക്ക് ലഭിക്കാവുന്ന മാന്യമായ ശമ്പളം എത്രയാണ് എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു വോട്ടെടുപ്പും ഇയാൾ നടത്തുന്നുണ്ട്.
വോട്ടെടുപ്പിൽ ആളുകളുടെ പ്രതികരണം ഇങ്ങനെയാണ്, 1.5 കോടിക്ക് മുകളിലുള്ള ശമ്പളം മാന്യമാണെന്നാണ് 38.2% പേർ അഭിപ്രായപ്പെട്ടത്. 75 ലക്ഷം രൂപ മാന്യമായ തുകയാണ് എന്നാണ് 34.1% പേർ അഭിപ്രായപ്പെട്ടത്. വർഷം ഒരു കോടി രൂപയ്ക്ക് മുകളിലുള്ള ശമ്പളം മാന്യമായതാണ് എന്നാണ് ഏകദേശം 27.6% പേർ അഭിപ്രായപ്പെട്ടത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളും നൽകിയത്. ഇതൊരു സാധാരണ കാര്യമല്ല. വലിയ വലിയ കമ്പനികൾ മാത്രമാണ് ഇത്രയധികം ശമ്പളം നൽകുന്നത്. അല്ലാത്ത കമ്പനികൾ ഇത്രകണ്ട് ശമ്പളം നൽകുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടു.