ചൈനയിൽ ബാധ ഒഴിപ്പിക്കാനായി നടത്തിയ ആചാരത്തിനിടെ അമ്മ സ്വന്തം മകളെ കൊലപ്പെടുത്തി. അന്ധവിശ്വാസത്തിന്‍റെ പേരിലായിരുന്നു ക്രൂരകൃത്യം. സമാനമായ മറ്റൊരു സംഭവത്തിൽ ഒരു ചൈനീസ് കൾട്ട് അംഗം പെൺകുട്ടിയെ കൊലപ്പെടുത്തിയതിനെക്കുറിച്ചും റിപ്പോർട്ട് വിശദീകരിക്കുന്നു.

ചൈനയിൽ നിന്നുള്ള ഒരു അസ്വസ്ഥജനകമായ ഒരു റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ബാധ ഒഴിപ്പിക്കാനുള്ള ആചാരത്തിനിടെ അമ്മ ഇളയ മകളെ കൊലപ്പെടുത്തി. പിന്നാലെ അറസ്റ്റിലായ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ലി എന്ന സ്ത്രീക്ക് ഷെൻ‌ഷെനിലെ കോടതിയായ ഷെൻ‌ഷെൻ മുനിസിപ്പൽ പീപ്പിൾസ് പ്രൊക്യുറേറ്ററേറ്റ് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. പിന്നീട് ശിക്ഷ നാല് വർഷത്തേക്ക് നീട്ടിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ലിയും രണ്ട് പെൺമക്കളും ബാധ ഒഴിപ്പിക്കുന്നത് പോലുള്ള അന്ധവിശ്വാസങ്ങളിൽ ഏർപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ബാധ ഒഴിപ്പിക്കണമെന്ന് ഇളയ മകൾ

പിശാചുക്കൾ തങ്ങളെ പിന്തുടരുന്നുണ്ടെന്നും തങ്ങളുടെ ആത്മാക്കൾ അപകടത്തിലാണെന്നും ലിയും മക്കളും വിശ്വസിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ, ഇളയ മകൾ ഒരു ആത്മാവ് തന്നെ പിടികൂടിയെന്നും അതിനെ ഒഴിപ്പിക്കാൻ അമ്മയോടും മൂത്ത സഹോദരിയോടും സഹായം തേടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ കയറിയെന്ന വിശ്വസിക്കപ്പെട്ട ആത്മാവിനെ ബലമായി ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി മരിച്ചതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറ്റക്കാരി അമ്മയെന്ന് കോടതി

ആത്മാവിനെ ഒഴിപ്പിക്കാനായി അമ്മയും മൂത്ത സഹോദരിയും കൂടി ഇളയ കുട്ടിയുടെ നെഞ്ചിൽ ശക്തമായി അമർത്തുകയും തൊണ്ടയിൽ വെള്ളം ഒഴിക്കുകയും ചെയ്തു. ഇതോടെ അസ്വസ്ഥത പ്രകടിപ്പിച്ച് കുട്ടി ഛ‍ർദ്ദിച്ചു. എന്നാൽ, അവരുടെ പ്രവ‍ർത്തി തുടരാൻ ഇളയ മകൾ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പിറ്റേ ദിവസം മറ്റ് കുടുംബാംഗങ്ങളാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ കുട്ടിയുടെ വായിൽ രക്തം കണ്ടെത്തി. കേസ് കോടതിയിലെത്തിയപ്പോൾ, മരണ കാരണം അശ്രദ്ധയാണെന്നും അമ്മയാണ് അതിന് ഉത്തരവാദിയെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

ചൈനീസ് കൾട്ടുകൾ

1990 -കളിൽ ചൈനയിൽ സ്ഥാപിതമായ ചർച്ച് ഓഫ് അൽമൈറ്റി ഗോഡ് കൾട്ടിനെതിരെയും സമാനമായൊരു കുറ്റം മുമ്പ് ഉയ‍ർന്നിരുന്നു. യാങ് സിയാങ്ബിൻ എന്ന സ്ത്രീയുടെ രൂപത്തിൽ യേശു ഭൂമിയിലേക്ക് മടങ്ങിയെത്തിയെന്ന് അവകാശപ്പെട്ടിരുന്ന സംഘമാണ് ചർച്ച് ഓഫ് അൽമൈറ്റി ഗോഡ്. ഈ കൾട്ടിന്‍റെ സ്ഥാപകനായ ഷാവോ വെയ്ഷാന്‍റെ ഭാര്യ, സൂ വെൻഷാനും ഒരു പെണ്‍കുട്ടിയെ ബാധ ഒഴിപ്പിക്കലിനിടെ കൊലപ്പെട്ടുത്തിയിരുന്നു.

മകളുടെ സഹപാഠിയായിരുന്ന പെൺകുട്ടിയുടെ ബാധ ഒഴിപ്പിക്കുമ്പോഴായിരുന്നു സംഭവം. മകളുടെ സഹപാഠിയക്ക് ഭൂതബാധയുണ്ടെന്ന് അവകാശപ്പെട്ട ഇവർ മകനോടും മകളോടുമൊപ്പമാണ് പെണ്‍കുട്ടിയുടെ ബാധ ഒഴിപ്പിക്കാനുള്ള ആചാരം നടത്തിയത്. ആചാരത്തിനിടെ ഇവ‍ർ പെൺകുട്ടിയുടെ തലയിൽ കസേര കൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. ഇതിനിടെ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്. ജിയാങ്‌സു പ്രവിശ്യയിലെ കോടതി സൂ മനഃപൂർവമായ കൊലപാതകം ചെയ്തതാണെന്ന് കണ്ടെത്തി. ഇരയുടെ കുടുംബത്തിന് 22,990 യുവാനും (ഏകദേശം 2 ലക്ഷം രൂപ) ജീവപര്യന്തം തടവും കോടതി വിധിച്ചു.