ജോലി സമ്മർദ്ദം പുകവലിയെക്കാൾ മോശമാണെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയതിനെക്കുറിച്ച് ഒരു യുവാവ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജോലിയിൽ നിന്ന് ഇടവേളയെടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചെന്നും യുവാവ്. 

'ജോലി സമ്മർദ്ദം പുകവലിയെക്കാൾ മോശമാണ്' എന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയതിനെ കുറിച്ച് ഒരു യുവാവ് ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ജോലിയിൽ നിന്നും ഒരു ഇടവേള എടുക്കാൻ തന്നോട് ഡോക്ടർ ആവശ്യപ്പെട്ടതായും ടെക്കിയായ യുവാവ് പറയുന്നു. ജോലിസ്ഥലത്തെ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ആപ്പായ Blind -ലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ച് വർഷമായി താൻ സന്ദർശിക്കുന്ന ഡോക്ടറാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. താൻ എന്താണ് ചെയ്യേണ്ടത്? ജോലി ഒഴിവാക്കണോ അതോ ഡോക്ടറെ മാറ്റണോ എന്നതാണ് യുവാവിന്റെ സംശയം.

'അഞ്ച് വർഷമായി ഒരേ ഡോക്ടറെയാണ് താൻ സന്ദർശിക്കുന്നത്. ഈ കാലയളവിൽ, ഡോക്ടർ ആങ്സൈറ്റിക്കുള്ള മരുന്നുകൾ നിർദ്ദേശിച്ചു, ശരീരഭാരം വർദ്ധിക്കുന്നതായും കണ്ടെത്തി, അടുത്തിടെ ജോലിസമ്മർദ്ദത്തിന്റെ പരിണിതഫലം ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നതായി സംശയിക്കുന്നതായും ഡോക്ടർ പറഞ്ഞു. ഒരു ബ്രേക്കെടുക്കാനാവുമോ എന്നും ഡോക്ടർ ചോദിച്ചു. ജോലി സമ്മർദ്ദത്തെക്കുറിച്ചുള്ള ഗവേഷണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, രാവിലെ എന്റെ ഹൃദയമിടിപ്പ് വർദ്ധിക്കുന്നുണ്ടോ, എനിക്ക് എപ്പോഴും എന്തെങ്കിലും മോശം സംഭവിക്കുമെന്ന തോന്നലുണ്ടാകാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളെല്ലാം അദ്ദേഹം ചോദിച്ചു. അതേ എന്നാണ് എന്റെ ഉത്തരം' എന്നും യുവാവിന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നു.

'40 -കളിലുള്ള ആളുകളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരുന്നത് ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് ഡോക്ടർ അവസാനിപ്പിച്ചത്. എന്റെ ജോലി മോശമായിരുന്നു, പക്ഷേ എന്റെ ഡോക്ടർ പറയുന്നതുപോലെ അതെന്റെ ആരോഗ്യത്തിന് ശരിക്കും ദോഷകരമാണോ? രണ്ട് മാസം വരെ എനിക്ക് അവധിയെടുക്കാൻ സാധിക്കും. പക്ഷേ ഞാൻ ഒരു പുതിയ ഡോക്ടറെ കാണുകയാണോ വേണ്ടത്, അതോ നിങ്ങളോടാരോടെങ്കിലും ഏതെങ്കിലും ഡോക്ടർ ഇതുപോലെ ജോലി വിടാൻ പറഞ്ഞിട്ടുണ്ടോ' എന്നാണ് യുവാവിന്റെ ചോദ്യം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഡോക്ടർ പറയുന്നത് സത്യസന്ധമായ കാര്യമാവാം. ജോലി വിടുന്നതാണ് നല്ലത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.