ദില്ലി കലാപത്തിൽ മൂന്നിലൊന്നു പേരും മരിച്ചത് വെടിയേറ്റ്, തോക്കുകൾ എത്തിച്ചത് ക്രിമിനലുകളെന്ന് പൊലീസ്

By Web TeamFirst Published Feb 28, 2020, 6:18 PM IST
Highlights

പ്രകോപനങ്ങളുടെ കാറ്റേറ്റ് വിദ്വേഷത്തിന്റെ തീ പടർന്നുപിടിച്ചപ്പോൾ അതിന്റെ മുന്നിൽ പെട്ടത് ഹിന്ദുവാണോ മുസ്ലിമാണോ എന്നൊന്നും ചോദ്യമില്ലായിരുന്നു. മരിച്ചവരിൽ ഹിന്ദുക്കളും, മുസ്ലിങ്ങളും ഒരുപോലെയുണ്ടായിരുന്നു. 

ദില്ലി കലാപത്തിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 42 എത്തി നിൽക്കുകയാണ്. ജിടിബി ആശുപത്രി, ലോക്നായക്  ആശുപത്രി, ജഗ് പ്രവേശ ചന്ദ്ര ആശുപത്രി എന്നിവിടങ്ങളിൽ നിന്നാണ്  മരണത്തിന്റെ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. പതിനഞ്ചു ജഡങ്ങളുടെ പോസ്റ്റ് മോർട്ടം പൂർത്തിയാക്കപ്പെട്ടു കഴിഞ്ഞു. ആശുപത്രികളിൽ പരിക്കേറ്റവർ ചികിത്സ തേടുകയാണ്. അവിടെ എവിടെ നോക്കിയാലും കാണാനാവുക കലങ്ങിയ കണ്ണുകൾ മാത്രമാണ്. തിങ്കളാഴ്ച മുതൽക്കു തന്നെ ലഹളയിൽ പരിക്കേറ്റവരെയും മരണത്തോട് മല്ലടിക്കുന്നവരെയും തുടർച്ചയായി ഈ ആശുപത്രികളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുക താനെയായിരുന്നു. പ്രകോപനങ്ങളുടെ കാറ്റേറ്റ് വിദ്വേഷത്തിന്റെ തീ പടർന്നുപിടിച്ചപ്പോൾ അതിന്റെ മുന്നിൽ പെട്ടത് ഹിന്ദുവാണോ മുസ്ലിമാണോ എന്നൊന്നും ചോദ്യമില്ലായിരുന്നു. മരിച്ചവരിൽ ഹിന്ദുക്കളും, മുസ്ലിങ്ങളും ഒരുപോലെയുണ്ടായിരുന്നു. 

ഷഹബാസ്, രാഹുൽ സോളങ്കി ഇരുവരും ആത്മ മിത്രങ്ങളായിരുന്നു. ജിടിബി ആശുപത്രിയിലെ മോർച്ചറിക്കു പുറത്ത് രാഹുലിന്റെ മൃതദേഹം വിട്ടുകിട്ടാൻ വേണ്ടി കാത്തിരിക്കവെ, ഷഹബാസ് ആ കൊലപാതകത്തെ ഓർത്തെടുത്ത് ഇങ്ങനെ," മാർക്കറ്റിംഗ് കമ്പനിയിൽ ജോലിക്കാരനായിരുന്നു അവൻ. പുറത്തെ സ്ഥിതി ഇത്രകണ്ട് വഷളായത് അവൻ അറിഞ്ഞിരുന്നില്ല. പാല് വാങ്ങാൻ വേണ്ടി പുറത്തേക്കിറങ്ങിയതാണ്. വീട്ടിൽ നിന്നും വെറും അമ്പത് മീറ്റർ അകലെ എത്തിയപ്പോഴാണ് ആർത്തുവിളിച്ചുകൊണ്ട് ഒരു ജനക്കൂട്ടം വന്നത്. അവന് ഓടി രക്ഷപെടാൻ കഴിയും മുമ്പ് അതിൽ നിന്ന് ആരോ ഒരാൾ വെടിവെച്ചു. അത് അവന്റെ കവിളിൽ തുളച്ചു കയറി. അവിടെ വെച്ചുതന്നെ രാഹുൽ മരിച്ചു." വെടിയേറ്റ ഉടനെ രാഹുലിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും, ആദ്യത്തെ മൂന്ന് ആശുപത്രികൾ അവന് ചികിത്സ നിഷേധിച്ചു. പിന്നീട് ജിടിബി ആശുപത്രിയിലേക്ക് എത്തിയെങ്കിലും അപ്പോഴേക്കും ഏറെ  വൈകിയിരുന്നു. 

മുസ്തഫാബാദിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു മുഹമ്മദ് ഷാഹിദ്. ഷാഹിദിന്റെ ഭാര്യ ഗർഭവതിയായിരുന്നു. ഇനി ആ കുഞ്ഞ് ഈ ഭൂമിയിലേക്ക് കടന്നുവരുമ്പോൾ അതുകാണാൻ ഷാഹിദ് ഉയിരോടില്ല. ഓട്ടോ ഓടിച്ച് വീട്ടുചെലവുകൾ കണ്ടെത്താൻ പാടുപെട്ടിരുന്ന ഷാഹിദിനെ കലാപകാരികൾ വെടിവെച്ച് കൊന്നുകളഞ്ഞതോടെ ഇനി എങ്ങനെ ജീവിക്കുമെന്നറിയാത്ത അവസ്ഥയിലാണ് അദ്ദേഹത്തിന്റെ പത്നി. 

മുപ്പത്തഞ്ചുകാരനായ മുബാറക് അലി പെയിന്റർ ആയിരുന്നു. ഭജനപുരയിൽ നിന്ന് ജോലി കഴിഞ്ഞ് തിരികെ വരും വഴിയാണ് അയാൾക്ക് വെടിയേറ്റത്. വീട്ടിൽ ഭാര്യയും രണ്ടു പെൺമക്കളും ഒരു മകനുമുണ്ട്. രാഹുൽ താക്കൂർ എന്ന ഇരുപത്തിമൂന്നുകാരൻ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയായിരുന്നു. പരീക്ഷ ഏപ്രിലിൽ തന്നെ നടക്കും, എന്നാൽ അതെഴുതാൻ രാഹുൽ ഉണ്ടാവില്ലെന്ന് മാത്രം. അവന്റെ നെഞ്ചിലാണ് കലാപകാരികളുടെ വെടിയേറ്റത്. അടുത്തൊന്നും ആംബുലൻസ് കിട്ടാതിരുന്നപ്പോൾ ഒരു സ്‌കൂട്ടറിൽ കയറ്റിയാണ് അടുത്തുള്ള ക്ലിനിക്ക് വരെ അവനെ കൊണ്ടുപോയത്. അവിടെ നിന്ന് ജിടിബിയിലെത്തി ഏറെ നേരം ഡോക്ടർമാർ പരിശ്രമിച്ചിട്ടും രാഹുലിന്റെ ജീവ രക്ഷിച്ചെടുക്കാൻ സാധിച്ചില്ല. രത്തൻ ലാൽ എന്ന പോലീസ് കോൺസ്റ്റബിളിന്റെ മരണം വെടിയേറ്റിട്ടാണെങ്കിൽ, അങ്കിത് ശർമ്മ എന്ന ഐബി ജീവനക്കാരന്റെ മരണം കല്ലേറിൽ പരിക്കേറ്റിട്ടായിരുന്നു. 

85 വയസുകഴിഞ്ഞ അക്തറി ബായിയെപ്പോലും വെറുതെ വിടാൻ കലാപകാരികൾക്ക് മനസ്സുണ്ടായില്ല. ഗാംറി ഗ്രാമത്തിലുള്ള അവരുടെ കുടുംബവീടിന് അക്രമികൾ തീവെച്ചപ്പോൾ അവിടെ നിന്ന് രക്ഷപ്പെടാൻ ആ വയോധികയ്ക്ക് സാധിച്ചില്ല. അതുതന്നെയാണ് അമ്പത്തെട്ടുകാരനായ അൻവർ എന്ന പോൾട്രി ഫാം ഉടമയ്ക്കും സംഭവിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് അൻവറിന്റെ മൃതദേഹം കണ്ടെടുത്തത്. തിരിച്ചറിയാൻ ബന്ധുക്കൾക്ക് ഏറെ പാടുപെടേണ്ടി വന്നു. അരവിന്ദ് നഗർ സ്വദേശിയായ വിനോദ് കുമാർ എന്ന അമ്പതുകാരൻ തന്റെ മകൻ നിതിനുമൊത്ത് ബൈക്കിൽ പോകുമ്പോഴാണ് അവർ ആക്രമിക്കപ്പെട്ടത്. അക്രമികൾ അവർ സഞ്ചരിച്ച ബൈക്കിന് തീവെച്ചു. അക്രമത്തിൽ വിനോദ് കുമാർ കൊല്ലപ്പെട്ടു. 

കരാവൽ നഗരത്തിലെ ബിസിനസ്മാനായ വീർ ഭാൻ മരിച്ചത് തലയിൽ ഒരു ബുള്ളറ്റ് തുളച്ചു കയറിയിട്ടാണ്. ഇരുപത്തിരണ്ടു വയസ്സുള്ള ഒരു മകനും പതിനഞ്ചു വയസ്സുള്ള ഒരു മകളുമുണ്ട്. അഷ്ഫാഖ് ഹുസ്സൈൻ എന്ന ഇലക്ട്രീഷ്യന് അഞ്ചു വെടിയുണ്ടകൾ ഏറ്റു. ഫെബ്രുവരി പതിനൊന്നിന് വിവാഹം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. 

ഇതുവരെ പൊലീസ് കലാപബാധിത പ്രദേശങ്ങളിൽ നിന്ന് 350 -ലധികം ഒഴിഞ്ഞ കാർട്രിഡ്ജുകൾ കണ്ടെത്തിക്കഴിഞ്ഞു. .32 mm, .9 mm and .315 mm കാലിബർ തോക്കുകളുടെ ഉപയോഗിച്ച കാർട്രിഡ്ജുകളാണ് പൊലീസിന് കിട്ടിയിട്ടുള്ളത്. 82 പേർക്കാണ് ആകെ ഇതുവരെ വെടിയേറ്റിട്ടുള്ളതെന്നാണ് പൊലീസ് കണക്ക്. അതിൽ 21 പേരെങ്കിലും ഇതിനകം മരിച്ചുകഴിഞ്ഞിട്ടുണ്ട്. ദില്ലി പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഈ കൊലപാതകങ്ങളിൽ പലതും നടത്തിയിരിക്കുന്നത് അനധികൃതമായി നിർമിച്ച നാടൻ തോക്കുകൾ കൊണ്ടാണ് എന്ന് കണ്ടെത്തി. ദില്ലിയിലെ ക്രിമിനലുകളുടെ കയ്യിൽ സുലഭമായി ഉള്ള ഇത്തരം തോക്കുകൾ അവർ അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ കയ്യിൽ പിടിപ്പിച്ച് അക്രമത്തിന് പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. ഇത്തരത്തിലുള്ള പെറ്റി ക്രിമിനലുകളെ കണ്ടെത്തി ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

click me!