കൂട്ടത്തോടെത്തി കൊലയാളിതേനീച്ചകൾ, ആക്രമണത്തിൽ 60കാരനും വളർത്തുനായയ്ക്കും ഗുരുതര പരിക്ക്, 250 ലേറെ കുത്ത്

By Web TeamFirst Published May 26, 2023, 1:54 PM IST
Highlights

ക്രൂരമായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കൈകളിലും കണ്ണുകളിലും വായയിലും ചെവിയിലും കാലുകളിലും ശരീരത്തിന്റെ പുറകിലും കുത്തുകൾ ഏറ്റിട്ടുണ്ട്.

കൂട്ടത്തോടെ ഇളകിയെത്തിയ കൊലയാളി തേനീച്ചകളുടെ ആക്രണത്തിൽ അരിസോണ സ്വദേശിയായ 60 -കാരനും അദ്ദേഹത്തിന്റെ വളർത്തു നായയ്ക്കും ഗുരുതരപരിക്ക്. ഒരു കാലുമാത്രമുള്ള അദ്ദേഹത്തെ ആയിരത്തോളം വരുന്ന തേനീച്ചകളുടെ കൂട്ടമാണ് ആക്രമിച്ചത്. 250 -ലേറെ തവണയാണ് തേനീച്ചകളുടെ കുത്ത് ഇദ്ദേഹത്തിന് ഏറ്റത്. ഒടുവിൽ അഗ്നിശമനസേനാംഗങ്ങൾ എത്തി വെള്ളം ചീറ്റിച്ച് തേനീച്ചകളെ ഓടിക്കും വരെ ഭയാനകമായ സാഹചര്യം തുടർന്നു.

ശനിയാഴ്ച രാത്രി ഫ്ലോറൻസിന്റെ പ്രാന്തപ്രദേശത്ത് നടക്കാൻ പോയ ജോൺ ഫിഷറെയും അദ്ദേഹത്തിന്റെ നായ പിപ്പിനേയും ആണ് ആയിരത്തോളം തേനീച്ചകൾ ആക്രമിച്ചത്. ഏകദേശം എട്ടുവർഷം മുമ്പാണ് അണുബാധയേറ്റ് ജോൺ ഫിഷറുടെ ഒരു കാൽ നഷ്ടമായത്. അതുകൊണ്ട് തന്നെ തേനീച്ചകൾ കൂട്ടത്തോടെ എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ പോലും സാധിക്കാതെ വന്ന ഇദ്ദേഹം വീൽചെയറിൽ നിന്ന് നിലത്ത് വീണു പോവുകയായിരുന്നു.  ധരിച്ചിരുന്ന ഷർട്ട് കൊണ്ട് തലമൂടി നിലത്തൂകൂടി ഇഴഞ്ഞ ഇദ്ദേഹത്തിന് ഒരു തരത്തിലും രക്ഷപ്പെടാൻ കഴിയാതെ വരികയായിരുന്നു. 250 -ലധികം തേനീച്ചക്കുത്തുകളാണ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഏറ്റത്. ഒപ്പമുണ്ടായിരുന്ന നായയേയും തേനീച്ചകൾ ആക്രമിച്ചു.

ക്രൂരമായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കൈകളിലും കണ്ണുകളിലും വായയിലും ചെവിയിലും കാലുകളിലും ശരീരത്തിന്റെ പുറകിലും കുത്തുകൾ ഏറ്റിട്ടുണ്ട്. കൂടാതെ വീൽചെയർ മറിഞ്ഞതിനെത്തുടർന്ന് നിലത്ത് വീണും മുറിവുകൾ ഉണ്ടായിട്ടുണ്ട്. ഇദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന നായ പിപ്പിനും 50 -ലേറെ തവണ കുത്തേറ്റു. നായയുടെ നില ഗുരുതരമായി തുടരുകയാണ്.
 

click me!