'ഉള്ളി' ഒരു ആഡംബര വസ്തു; വില കിലോയ്ക്ക് ആയിരത്തിന് മുകളില്‍!

Published : Jan 28, 2023, 11:25 AM ISTUpdated : Jan 30, 2023, 11:34 AM IST
 'ഉള്ളി' ഒരു ആഡംബര വസ്തു; വില കിലോയ്ക്ക് ആയിരത്തിന് മുകളില്‍!

Synopsis

വിവാഹത്തിന് ശേഷം പൂക്കൾ വാടുകയും വലിച്ചെറിയുകയും ചെയ്യും. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഉള്ളി ഏറെ വിലപിടിച്ചതാണ്. മാത്രമല്ല. അത് പുനരുപയോഗ സാധ്യമാണെന്നും ബിയോറി  കൂട്ടിചേര്‍ക്കുന്നു. 

ഫിലിപ്പിന്‍സില്‍ ഇന്ന് ഏറ്റവും വില കൂടിയ ഭക്ഷ്യവസ്തും ഉള്ളിയാണ്. ഒരു കിലോയ്ക്ക്  12 ഡോളറിന് മുകളിലാണ് വില.അതായത് 1050 രൂപയ്ക്കടുത്ത് വരും. മാംസത്തേക്കാള്‍ വിലയാണ് ഇന്ന് ഉള്ളിക്ക്. ഫിലിപ്പിയനികളുടെ ഒരു ദിവസത്തെ വേതനത്തെക്കാളും  കൂടുതലാണത്.അതേ സമയം ഫിലിപ്പിനോ പാചകത്തിലെ പ്രധാന ഘടകമായിരുന്നു ഉള്ളി. എന്നാല്‍ ഇന്ന് ഉള്ളിയില്ലാതെയും കറിവയ്ക്കാമെന്ന് ഫിലിപ്പിയന്‍സ് പഠിച്ചു കഴിഞ്ഞുവെന്നതിന് തെളിവാണ് സെൻട്രൽ സെബു നഗരത്തിൽ പിസേറിയ നടത്തുന്ന റിസാൽഡ മൗൺസിന്‍റെ വാക്കുകള്‍. അദ്ദേഹം ഒരു ദിവസത്തേക്ക് കടയിലേക്ക് മാത്രമായി മൂന്ന് മുതൽ നാല് കിലോഗ്രാം ഉള്ളി വാങ്ങാറുണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ അര കിലോയില്‍ കാര്യങ്ങള്‍ തീരുന്നു. അത്രയും വാങ്ങാന്‍ മാത്രമേ നിലവില്‍ നിര്‍വാഹമുള്ളൂവെന്ന് മൗൺസ് പറയുന്നു. 

ഉള്ളി എന്ന സവാള ഇത്രയും ആഢംബരം നിറഞ്ഞ ഭക്ഷ്യവസ്തുവായി മാറിയത് ഒറ്റ ദിവസം കൊണ്ടല്ല.കഴിഞ്ഞ കുറച്ച് കാലമായി രാജ്യം സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. ഭക്ഷണം മുതൽ ഇന്ധനം വരെയുള്ള എല്ലാറ്റിന്‍റെയും വില ഓരോ ദിവസം കഴിയുന്തോറും മുകളിലേയ്ക്കാണ്. കഴിഞ്ഞ മാസം പണപ്പെരുപ്പം 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കാർഷിക സെക്രട്ടറി കൂടിയായ പ്രസിഡന്‍റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ഭക്ഷ്യവിലക്കയറ്റത്തെ "അടിയന്തര സാഹചര്യം" എന്ന് വിശേഷിപ്പിച്ച് കഴിഞ്ഞു.  അവശ്യവസ്തുമായ ഉള്ളിയുടെ വില കുതിച്ചുയര്‍ന്നതിന് പിന്നാലെ ഈ മാസം ആദ്യം ചുവപ്പും മഞ്ഞയും ഉള്ളി ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു. 

കാലാവസ്ഥാ  വ്യതിയാനമാണ് ഫിലിപ്പിന്‍സിന്‍റെ സാമ്പത്തിക - കാര്‍ഷിക രംഗത്തെ തകര്‍ത്തെറിഞ്ഞത്. നേരത്തെ തന്നെ ചുഴലിക്കാറ്റുകളുടെ നടുവിലായിരുന്നു രാജ്യം. എന്നാല്‍ സമീപ കാലത്തായി കാലാവസ്ഥാ വ്യതിയാനം മൂലം ചുഴലിക്കാറ്റുകളുടെ ശക്തികൂടി. ആഘാതവും. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഫിലിപ്പീൻസിൽ ശക്തമായ രണ്ട് കൊടുങ്കാറ്റുകൾ ഉണ്ടായി. ഇതോടെ കൃഷി തകര്‍ന്നു. ഉല്പാദനം കുത്തനെ കുറഞ്ഞു. നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട സിബുവിലെ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലും വിലക്കയറ്റം തിരിച്ചടിയായി.സര്‍ക്കാര്‍ വില കുറയ്ക്കല്‍ നടപടികള്‍ക്ക് തുടക്കമിട്ടത് മാത്രമാണ് ഏക ആശ്വാസമെന്ന് ഭക്ഷണക്കടയുടെ ഉടമകള്‍ പറയുന്നു. 

എന്നാല്‍. ചില രസകരമായ ഉള്ളിക്കഥകളും പുറത്ത് വരുന്നു. വിവാഹത്തിന് പൂച്ചെണ്ടിന് പകരം ഉള്ളികളുടെ ഒരു കുല പിടിച്ച് കൊണ്ടുള്ള വധൂവരന്മാരുടെ ചിത്രം ഇപ്പോള്‍ ഫിലിപ്പിന്‍സില്‍ തരംഗമാണ്. ഇലോയിലോ സിറ്റിയിൽ നടന്ന തന്‍റെ  വിവാഹത്തിൽ പൂച്ചെണ്ടിന് പകരം ചെറിയ ഉള്ളിയുടെ ഒരു കുല പിടിക്കുന്നതില്‍ കുഴപ്പമുണ്ടോയെന്ന് തന്‍റെ വരനോട് അഭിപ്രായം തേടിയിരുന്നെന്ന് ലൈക്ക ബിയോറി പറയുന്നു. കാരണം വിവാഹത്തിന് ശേഷം പൂക്കൾ വാടുകയും വലിച്ചെറിയുകയും ചെയ്യും. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഉള്ളി ഏറെ വിലപിടിച്ചതാണ്. മാത്രമല്ല. അത് പുനരുപയോഗ സാധ്യമാണെന്നും ബിയോറി  കൂട്ടിചേര്‍ക്കുന്നു. 

എന്നാല്‍ മറ്റ് ചിലരിപ്പോള്‍ അറസ്റ്റിലാണ്. അതും ഉള്ളി കടത്തിയതിന്‍റെ പേരില്‍. ഫിലിപ്പൈൻ എയർലൈൻസിലെ 10 ജീവനക്കാരുടെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 40 കിലോ ഉള്ളിയും പഴങ്ങളുമാണ്.ഇവര്‍ അന്വേഷണം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. "മുമ്പ് ഇത് പഞ്ചസാരയായിരുന്നു, ഇപ്പോൾ അത് ഉള്ളിയാണ്.ഞങ്ങൾ അടുക്കളയെ കേള്‍ക്കാന്‍ തയ്യാറാണ്" എന്നാണ് രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തെക്കുറിച്ച് ഒരു സംഭാഷണത്തിനിടെ ഫിലിപ്പീൻസ് സെനറ്റർ ഗ്രേസ് പോ പറഞ്ഞത്. 

കാലാവസ്ഥാ വ്യതിയാനവും രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് കാന്താർ വേൾഡ്പാനൽ കൺസൾട്ടൻസിയിൽ നിന്നുള്ള മേരി ആൻ ലെസോറൈൻ പറയുന്നു."ഇതിനകം അവശ്യവസ്തുക്കൾ മാത്രം വാങ്ങുന്ന മിക്ക ഉപഭോക്താക്കൾക്കും വാങ്ങൽ ശേഷി വളരെ ബുദ്ധിമുട്ടാണ്. കാലാവസ്ഥാ വ്യതിയാനം ക്ഷാമം ഉണ്ടാക്കുകയും വില കുതിച്ചുയരുകയും ചെയ്താൽ, ഫിലിപ്പീൻസിലെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ അത് വളരെ ദോഷകരമായി ബാധിക്കും," മിസ് ലെസോറൈൻ പറയുന്നു.എന്നാൽ സർക്കാർ കൂടുതൽ വിളകൾ ഇറക്കുമതി ചെയ്യുന്നതിനാൽ ഉള്ളിയുടെ വില സ്ഥിരത കൈവരിക്കുമെന്ന് വിശ്വസിക്കുന്നവരാണെറെയും. വരുന്ന ഫെബ്രുവരി ഫിലിപ്പീയന്‍സില്‍ ഉള്ളി വിളവെടുപ്പ് സീസണാണ്. വിളവെടുപ്പിനോടൊപ്പം ഇറക്കുമതിയും ശരിയായാല്‍ വില ഗണ്യമായി കുറയുമെന്ന് ജനങ്ങളും കരുതുന്നു. 

കൂടുതല്‍ വായനയ്ക്ക്: കാലാവസ്ഥാ വ്യതിയാനം; ഫോസിൽ ഇന്ധനങ്ങൾക്കുള്ള ധനസഹായം നിര്‍ത്താന്‍'Make My Money Matter'ക്യാമ്പയിൻ


 

PREV
Read more Articles on
click me!

Recommended Stories

മാസം 3.2 ലക്ഷം ശമ്പളമുണ്ട്, 70 ലക്ഷം ഡൗൺ പേയ്‌മെന്റും നൽകാനാവും, 2.2 കോടിക്ക് വീട് വാങ്ങണോ? സംശയവുമായി യുവാവ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്