മകൾ ജനിച്ചപ്പോൾ ആകെയെടുത്തത് 2 ദിവസത്തെ ലീവ്, ഇന്ന് അതിൽ ഖേദിക്കുന്നു; അനുഭവം പങ്കുവച്ച് സിഇഒ

Published : Apr 27, 2026, 10:00 AM IST
Ron Schneidermann

Synopsis

സ്റ്റാർട്ടപ്പ് കെട്ടിപ്പടുക്കുന്നതിനിടയിൽ മകൾ ജനിച്ചപ്പോൾ വെറും രണ്ട് ദിവസത്തെ അവധി മാത്രം എടുത്തതിൽ ഖേദിക്കുന്നുവെന്ന് സിഇഒ റോൺ സ്നൈഡർമാൻ. മികച്ച വര്‍ക്ക് ലൈഫ് ബാലന്‍സിനെ കുറിച്ച് താന്‍ പിന്നീടാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

കരിയർ കെട്ടിപ്പടുക്കുന്നതിന് പിന്നാലെ ഓടുമ്പോൾ പലർക്കും നഷ്ടപ്പെടാറുള്ളത്, അവരുടെ സ്വകാര്യജീവിതത്തിലെ നല്ലനല്ല നിമിഷങ്ങളും അനുഭവങ്ങളുമാണ്. ആ ഓട്ടത്തിനിടയിൽ പലരും അതൊന്നും തിരിച്ചറിയാറില്ല. അതുപോലെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഒരു സിഇഒ. താൻ ചെയ്തത് തെറ്റായിപ്പോയി എന്നാണ് സംരംഭകനും സിഇഒയുമായ റോൺ സ്നൈഡർമാൻ പറയുന്നത്. സ്റ്റാർട്ടപ്പ് മേഖലയിലെ അമിത ജോലി ഭാരം കാരണം തന്റെ വ്യക്തിജീവിതത്തിൽ വലിയ വില നൽകേണ്ടി വന്നുവെന്നാണ് അദ്ദേഹം ഫോർച്യൂൺ മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

സ്‌നൈഡർമാന്റെ ആദ്യ സംരംഭമാണ് 'ലിഫ്റ്റോപ്പിയ'. അതിന്റെ തുടക്ക കാലത്തെ അനുഭവങ്ങളാണ് അദ്ദേഹം പ്രധാനമായും പങ്കുവെച്ചത്. അക്കാലത്ത് ജോലിയോടുള്ള അമിതാവേശം തന്റെ വ്യക്തിജീവിതത്തെ ബാധിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നു. തന്റെ ആദ്യത്തെ മകൾ ജനിച്ചപ്പോൾ വെറും രണ്ട് ദിവസത്തെ അവധി മാത്രമാണ് താൻ എടുത്തത് എന്നാണ് ഇന്ന് അദ്ദേഹം ഖേദപൂർവം പറയുന്നത്. മൂന്ന് വർഷത്തിന് ശേഷം മകൻ ജനിച്ചപ്പോൾ ഇത് ഒരാഴ്ചയായി. അക്കാലത്ത് അതൊരു വലിയ നേട്ടമായാണ് താൻ കരുതിയിരുന്നതെന്നും അദ്ദേഹം പറയുന്നു.

രണ്ട് വർഷത്തോളം ശമ്പളം പോലും എടുക്കാതെ, വെറും സൂപ്പ് മാത്രം കുടിച്ച്, ചെറിയൊരു അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞാണ് താൻ ബിസിനസ് കെട്ടിപ്പടുത്തത് എന്നദ്ദേഹം പറയുന്നു. 'അന്ന് അത് ജോലിയോടുള്ള ആത്മാർത്ഥതയുടെ ഭാഗമാണെന്ന് ഞാൻ സ്വയം ന്യായീകരിച്ചിരുന്നു. എന്നാൽ ആ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് വൈകിയാണ് ബോധ്യപ്പെട്ടത്. അതൊരു വലിയ തെറ്റായിരുന്നു' എന്നാണ് അദ്ദേഹം പറയുന്നത്.

ലിഫ്റ്റോപ്പിയയെ 60 മില്യൺ ഡോളർ വാർഷിക വരുമാനമുള്ള കമ്പനിയാക്കി മാറ്റിയ ശേഷം, 2015 -ലാണ് അദ്ദേഹം 'ഓൾട്രെയിൽസ്' എന്ന സ്ഥാപനത്തിൽ ചേരുന്നത്. 2019 -ൽ അവിടെ സിഇഒ ആയതോടെ താൻ വരുത്തിയ തെറ്റുകൾ തിരുത്താൻ അദ്ദേഹം തീരുമാനിച്ചു. അതിനായി, തന്റെ കീഴിലുള്ള ജീവനക്കാർക്ക് മികച്ച 'വർക്ക്-ലൈഫ് ബാലൻസ്' ഉറപ്പാക്കാൻ അദ്ദേഹം പ്രത്യേക പദ്ധതികൾ തന്നെ നടപ്പിലാക്കിയത്രെ. എല്ലാ മാസത്തെയും ആദ്യത്തെ വെള്ളിയാഴ്ച ഓഫീസ് അടച്ചിട്ടു. ജീവനക്കാരോട് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനോ എന്തെങ്കിലുമൊക്കെ ഔട്ട്‌ഡോർ ആക്ടിവിറ്റികളിൽ ഏർപ്പെടാനോ നിർദ്ദേശിച്ചു.

നിലവിൽ എഐ അധിഷ്ഠിത സ്റ്റാർട്ടപ്പായ 'എയ്‌സ്‌ലി'യുടെ സിഇഒ ആണ് 48 -കാരനായ സ്‌നൈഡർമാൻ. ജീവനക്കാർക്ക് സമ്മർദ്ദമില്ലാതെ പുതിയ ആശയങ്ങൾ കണ്ടെത്താനും ഒക്കെയായി മാസത്തിലൊരിക്കൽ 'ഹാക്കത്തോണുകൾ' അദ്ദേഹം സംഘടിപ്പിക്കുന്നു. മികച്ച വർക്ക് ലൈഫ് ബാലൻസാണ് മനുഷ്യർക്ക് വേണ്ടത്, അല്ലാതെ ജോലിക്ക് പിന്നാലെ ഓടി ആരോ​ഗ്യം നശിപ്പിക്കുക മാത്രമല്ല വേണ്ടതെന്ന തിരിച്ചറിവിലാണ് ഇപ്പോൾ അദ്ദേഹം.

PREV
Read more Articles on
click me!

Recommended Stories

നേറ്റോയിൽ വിള്ളൽ വീഴുമോ? ഇറാൻ യുദ്ധത്തിന് പിന്നാലെ സ്വന്തം സഖ്യ കക്ഷികൾക്കെതിരെ യുഎസ് നീക്കം
കൂട്ടപ്പിരിച്ചുവിടൽ: എഐയിലേക്ക് നിക്ഷേപം, മെയ് മാസം 8,000 ജോലികൾ വെട്ടിക്കുറക്കുമെന്നാണ് മെറ്റാ