പഠനാവശ്യത്തിനെന്ന് പറഞ്ഞ് അച്ഛന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി, ഓൺലൈൻ ഗെയിമായ റോബ്ലോക്സിൽ 42,000 രൂപ ചെലവഴിച്ചു. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും പണം നഷ്ടമായെന്നും സഹോദരൻ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പഠനാവശ്യത്തിനാണെന്ന് പറഞ്ഞ് അച്ഛന്റെ മൊബൈൽ ഫോൺ എടുത്ത എട്ടാം ക്ലാസ് വിദ്യാർഥി, അച്ഛന്‍റെ അക്കൗണ്ടിൽ നിന്നും 42,000 രൂപ ചെലവഴിച്ച് വാങ്ങിയത് ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമായ റോബ്ലോക്സ്. സംഭവത്തെ കുറിച്ച് കുട്ടിയുടെ സഹോദരൻ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമ കുറിപ്പ് വൈറലായി.
കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ
കുടുംബത്തിൽ ആരുടെയെങ്കിലും അറിവോ സമ്മതമോ ഇല്ലാതെയാണ് സഹോദരൻ ഇത്തരമൊരു പണി ചെയ്തതെന്നും സഹോദരൻ എഴുതി. "ഞാൻ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ, എന്‍റെ സഹോദരൻ പഠിക്കാൻ അച്ഛന്‍റെ ഫോൺ എടുത്തു (എട്ടാം ക്ലാസ്), പക്ഷേ അവൻ പഠിക്കുന്നതിന് പകരം റോബ്ലോക്സ് കളിച്ചു, അവൻ റോബ്ലോക്സിൽ 42,000 രൂപ ചെലവഴിച്ചു, റോബ്ലോക്സിൽ മുഴുവൻ റോബക്സും അവൻ ഉപയോഗിച്ചു. ഏകദേശം 100 റോബക്സ് മാത്രമേ അവന്‍റെ അക്കൗണ്ടിൽ അവശേഷിക്കുന്നുള്ളൂ," സഹോദരൻ റെഡ്ഡിറ്റിൽ എഴുതി. സഹോദരന്‍റെ പ്രവർത്തിയെ തുടർന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സ്കൂൾ ഫീസ് അടയ്ക്കാനും വായ്പ തിരിച്ചടയ്ക്കാനും വച്ചിരുന്ന പണമാണ് നഷ്ടമായതെന്നും സഹോദരൻ കൂട്ടിച്ചേർക്കുന്നു. നഷ്ടമായ പണം തിരികെ കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടോയെന്ന് അദ്ദേഹം സമൂഹ മാധ്യമ ഉപയോക്താക്കളോട് ആരാഞ്ഞു.
ഓൺലൈൻ ഗെയിമിംഗ്
ലോകമെമ്പാടുമുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ ഏറെ പ്രചാരമുള്ള ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമാണ് റോബ്ലോക്സ്. ഉപയോക്താക്കൾക്ക് സ്വന്തം ഗെയിമുകൾ സൃഷ്ടിക്കാനും മറ്റുള്ളവർ വികസിപ്പിച്ച ത്രിമാന ഗെയിമുകൾ കളിക്കാനും ഈ ഗെയ്മിംഗ് പ്ലാറ്റ് ഫോമിലൂടെ സാധിക്കും. ഗെയിമിനുള്ളിലെ അവതാരങ്ങൾ, വസ്ത്രങ്ങൾ, ആക്സസറികൾ, പ്രത്യേക സൗകര്യങ്ങൾ എന്നിവ വാങ്ങാൻ ഉപയോഗിക്കുന്ന വെർച്വൽ കറൻസിയാണ് റോബക്സ്. ഇത്തരം ഒരോ സൗകര്യങ്ങൾ ഉപയോഗിക്കണമെങ്കിലും പ്രത്യേകം പണം നൽകണം.
അന്വേഷിക്കാൻ ആവശ്യപ്പെട്ട് നെറ്റിസെൺസ്
കുടുംബത്തിന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ ബാങ്കിനെയും റോബോക്സ് അധികൃതരെയും സമീപിച്ച് അനുമതിയില്ലാതെ നടന്ന ഇടപാടാണെന്ന് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. മറ്റ് ചിലർ ഗൂഗിളിലൂടെ റീഫണ്ടിന് അഭ്യർഥിക്കാനും ആവശ്യമായാൽ ബാങ്കിന്‍റെ ചാർജ്‌ബാക്ക് നടപടികൾ സ്വീകരിക്കാനും ഉപദേശിച്ചു. എന്നാൽ , പണം തിരിച്ചുകിട്ടിയാലും ഇല്ലെങ്കിലും എട്ടാം ക്ലാസുകാരന്‍റെ റോബ്ലോക്സ് അക്കൗണ്ട് ഇതോടെ അവസാനിക്കുമെന്ന് കുറിച്ചു.


