നേറ്റോയിൽ വിള്ളൽ വീഴുമോ? ഇറാൻ യുദ്ധത്തിന് പിന്നാലെ സ്വന്തം സഖ്യ കക്ഷികൾക്കെതിരെ യുഎസ് നീക്കം

Published : Apr 26, 2026, 11:12 PM IST
Keir Starmer Donald trump Pedro Sanchez

Synopsis

ഇറാൻ യുദ്ധത്തിൽ പിന്തുണ നൽകാത്ത ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ സഖ്യരാഷ്ട്രങ്ങൾക്കെതിരെ യുഎസ് നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫോക്ക്‌ലാൻഡ് വിഷയത്തിൽ ബ്രിട്ടനുള്ള പിന്തുണ പിൻവലിക്കാനും സ്പെയിനിനെ നേറ്റോയിൽ നിന്ന് സസ്പെൻഡ് ചെയ്യാനും യുഎസ് ആലോചിക്കുന്നതായാണ് സൂചന. ഈ നീക്കം ലോകത്തിലെ ഏറ്റവും വലിയ സൈനിക സഖ്യമായ നേറ്റോയിൽ വലിയ വിള്ളലുണ്ടാക്കിയേക്കാം.

 

റാനെ ശിലായുഗത്തിലേക്ക് എത്തിക്കുമെന്ന ആഹ്വാനത്തോടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ ഇറാൻ യുദ്ധം യുഎസിന് ചെറുതല്ലാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന റിപ്പോര്‍ട്ടുകൾ വന്ന് തുടങ്ങി. ഇതിനിടെയാണ് ഇറാൻ യുദ്ധത്തിൽ തങ്ങളെ സഹായിക്കാത്ത സ്വന്തം സഖ്യ രാഷ്ട്രങ്ങൾക്കെതിരെ നടപടിക്ക് യുഎസ് തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത്. ഇതോടെ രണ്ടാം ലോകമഹായുദ്ധത്തിന് പിന്നാലെ ശീതയുദ്ധ കാലത്ത് യുഎസിന്‍റെ നേതൃത്വത്തിൽ കെട്ടിപ്പടുത്ത ലോകത്തിലെ ഏറ്റവും വലിയ സൈനിക കൂട്ടായ്മയായ നേറ്റോയിൽ വിള്ളൽ വീഴാനുള്ള സാധ്യത ഏറി.

ബ്രിട്ടനും സ്പെയിനും എതിരെ യുഎസ്?

ഇറാൻ യുദ്ധത്തിൽ തങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കാത്ത സഖ്യകക്ഷികൾക്കെതിരെ സാധ്യമായ നടപടികൾ അമേരിക്ക പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് പുതിയ ആശങ്ക രൂപപ്പെട്ടത്. ഇതിൽ പ്രധാനമായും ബ്രിട്ടനും സ്പെയിനുമെതിരെ യുഎസ് നടപടികൾക്ക് സാധ്യതയുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പെന്‍റഗണിന്‍റെ ആന്തരിക ഇമെയിൽ സന്ദേശങ്ങൾ ഉദ്ധരിച്ച് റോയിട്ടേഴ്‌സും വാർത്ത റിപ്പോര്‍ട്ട് ചെയ്തു. ഫോക്ക്‌ലാൻഡ് ദ്വീപുകളുടെ മേലുള്ള ബ്രിട്ടന്‍റെ പരമാധികാരത്തിന് യുഎസ് ഇതുവരെ നൽകിയ പിന്തുണ പിൻവലിക്കാനും സ്പെയ്നിനെ നേറ്റോയിൽ നിന്ന് സസ്പെന്‍ഡ് ചെയ്യാനുമാണ് യുഎസ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതേസമയം യുഎസ് ഈ റിപ്പോർട്ടിൽ ഔദ്ധ്യോഗിക പ്രതികരണം നൽകിയിട്ടില്ലെങ്കിലും ബ്രിട്ടനും സ്പെയിനും റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു.

യുഎസ് നീക്കം തള്ളി ഇരുരാജ്യങ്ങളും

ഫോക്ക്‌ലാൻഡിന് മുകളിൽ തങ്ങൾക്കുള്ള അധികാരം ചോദ്യം ചെയ്യപ്പെടാമെന്ന നിർദ്ദേശത്തെ ബ്രിട്ടൻ തള്ളിക്കളഞ്ഞു. ഫോക്ക്‍ലാൻഡ് ദ്വീപുകൾ തങ്ങളുടെ പരമാധികാരത്തിന് കീഴിലാണെന്നും ഇതിന് ദ്വീപ് നിവാസികളുടെ സ്വയം നിർണ്ണായാവകാശത്തിന്‍റെ പിന്തുണയുണ്ടെന്നും ബ്രിട്ടൻ ആവ‍ർത്തിച്ചു. എന്നാൽ, സ്പെയിൻ റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞു. അത്തരം റിപ്പോർട്ടുകളോട് തന്‍റെ സർക്കാർ പ്രതികരിക്കുന്നില്ലെന്നാണ് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയത്. ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള സ്പെയിനിന്‍റെ നിലപാട് അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം ആവർത്തിച്ചു. ഇറാനെതിരായ ആക്രമണങ്ങൾക്ക് സ്പെയിനിലുള്ള യുഎസ് സേനയുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ പറ്റില്ലെന്ന് പെഡ്രോ സാഞ്ചസ് നേരത്തെ പറഞ്ഞിരുന്നു.

നേറ്റോയുടെ പക്ഷം

ഇറാൻ യുദ്ധത്തെ പിന്തുണയ്ക്കുന്നതിൽ ശക്തമായ നിലപാട് സ്വീകരിക്കാത്ത നേറ്റോ രാജ്യങ്ങളോട് ട്രംപ് ഭരണകൂടം അതൃപ്തി അറിയിച്ചിരുന്നു. ആദ്യം തങ്ങളുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാതിരുന്ന ബ്രിട്ടൻ പിന്നീട് പരിമിതമായ അനുമതി നൽകിയിരുന്നു. അതേസമയം സ്പെയിൻ അതിന് ഒരിക്കലും അനുമതി നൽകിയില്ല. ഇതിനിടെ അംഗരാജ്യങ്ങളെ സസ്‌പെൻഡ് ചെയ്യുന്നതിനോ പുറത്താക്കുന്നതിനോ നേറ്റോ സഖ്യത്തിന് വ്യക്തമായ ഒരു സംവിധാനം ഇല്ലെന്ന് നാറ്റോ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി, അംഗ രാജ്യത്തെ സഖ്യത്തിൽ നിന്നും സസ്പെന്‍റ് ചെയ്യുകയെന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

മാജിക് മഷ്റുമിനൊപ്പം മദ്യവും; പിന്നാലെ അമരത്വം തേടി 27 -ാം നിലയിലേക്ക് വലിഞ്ഞ് കയറി യുവാവ്, ഒടുവിൽ സാഹസിക രക്ഷപ്പെടുത്തൽ
ഊബറിൽ കയറിയപ്പോൾ ഒരു 'റൈഡ് മെനു', 4 ഓപ്ഷൻസ്; കബീർ പറഞ്ഞത് മകളുടെ സോഷ്യൽ ആങ്സൈറ്റിയുടെ കഥ!