
സാധാരണയായി ലിങ്ക്ഡ്ഇന്നിൽ ആളുകൾ ഷെയർ ചെയ്യാറുള്ളത് ജോലി സംബന്ധിയായ പോസ്റ്റുകളാണ്. എന്നാൽ, അതെപ്പോഴെങ്കിലും ഒരു മാട്രിമോണിയൽ സൈറ്റിന്റെ ജോലി ചെയ്യുമോ? പരീക്ഷണത്തിനിറങ്ങിയിരിക്കയാണ് ഒരു യുവാവ്. യുവാവിന്റെ വിവാഹം നടക്കുന്നില്ല. എന്നാൽപ്പിന്നെ ഇങ്ങനെ ഒരു പരീക്ഷണം കൂടി നടത്തിക്കളയാം എന്ന് കരുതിയിട്ടുണ്ടാവും അല്ലേ? 'എന്നെ വിവാഹം കഴിക്കാമോ' എന്നാണ് ശുഭം ഗുണേ എന്ന യുവാവ് പോസ്റ്റിൽ ആദ്യം തന്നെ ചോദിച്ചിരിക്കുന്നത്. Hinglish -ന്റെ ഫൗണ്ടറും സിഇഒയുമാണ് ശുഭം. വിവാഹം കഴിക്കാമോ എന്ന ചോദ്യം കണ്ട് തന്നെ മുൻവിധിയോടെ സമീപിക്കരുത് എന്നും അതിന് മുമ്പായി കുറച്ച് കാര്യങ്ങൾ പറയാനുണ്ട് എന്നും യുവാവ് പറയുന്നു.
'ഇതാണ് എന്റെ അവസാന ആശ്രയം. ഞാൻ ഡേറ്റിംഗ് ആപ്പുകൾ പരീക്ഷിച്ചു, മാട്രിമോണി ആപ്പുകൾ പരീക്ഷിച്ചു. സുഹൃത്തുക്കൾ വഴിയും, ബന്ധുക്കൾ വഴിയും ഒക്കെ ഒരു വധുവിനെ കണ്ടെത്താൻ ശ്രമിച്ചു. സൂര്യനു കീഴിലുള്ളതെല്ലാം ഞാൻ പരീക്ഷിച്ചു നോക്കി. പക്ഷേ, തനിക്ക് ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. നിങ്ങൾക്കെന്നെ വിശ്വസിക്കാം. ഇതെന്റെ കാര്യം മാത്രമല്ല' എന്നാണ് ശുഭം കുറിച്ചിരിക്കുന്നത്. 'ഒരുപാടുപേർ അങ്ങനെയുണ്ട്. ശരിയായ പ്രായമായിട്ടും, കരിയറിന്റെ ശരിയായ ഘട്ടത്തിലെത്തിയിട്ടും, സാമ്പത്തിക സ്വാതന്ത്ര്യം നേടിയിട്ടും, മാനസികമായി തയ്യാറെടുത്തിട്ടും പങ്കാളിയെ കണ്ടെത്താനാവാത്തവർ. നിങ്ങൾക്കും ഇതുപോലെ ഒരുവസ്ഥയാണെങ്കിൽ ഇതാ ഒരു പരീക്ഷണം' എന്നും ശുഭം പോസ്റ്റിൽ പറയുന്നുണ്ട്.
'ലിങ്ക്ഡ്ഇന് നമുക്ക് ജോലിയും, ക്ലയന്റുകളെയും, മെന്റർമാരെയും, നിക്ഷേപകരെയും ഒക്കെ നൽകാൻ കഴിയുമെങ്കിൽ... എന്തുകൊണ്ടാണ് സ്നേഹം കണ്ടെത്താൻ അത് നമ്മെ സഹായിക്കാത്തത്. #OpenToMarry എന്നതുവച്ച് നമുക്ക് തുടങ്ങിനോക്കാം. നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങളുടെ തൊഴിലും നഗരവും കമന്റുകളിൽ രേഖപ്പെടുത്താം. 100 കമന്റുകൾ കടന്നാൽ, ഏറ്റവും കൂടുതൽ എൻട്രികൾ ഉള്ള നഗരത്തിൽ ചിരിയും രസകരമായ ഗെയിമുകളും ഒക്കെ നിറഞ്ഞ ഒരു ഓഫ്‌ലൈൻ ഇവന്റ് ലഭിക്കും, ഒരുപക്ഷേ… നിങ്ങളുടെ ആദ്യത്തെ പ്രണയ നിമിഷവും' എന്നും ശുഭം കുറിച്ചിരിക്കുന്നു.
'ഓപ്പൺ ടു മാരി' എന്ന ഹാഷ്ടാഗോടെ തന്റെ ചിത്രവും ശുഭം പങ്കുവച്ചിട്ടുണ്ട്. അനേകങ്ങളാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. എന്തായാലും ഈ ഐഡിയ കൊള്ളാം എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. അതേസമയം, ഇതുപോലെ പ്രണയം തേടിയുള്ള പോസ്റ്റുകൾ വേറെയും വരാറുണ്ട് എന്ന് കമന്റിൽ സൂചിപ്പിച്ചവരുമുണ്ട്.