
പ്രഭാത നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെയാണ് വീട്ടിലെത്തിയ പൊലീസുകാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷൂ ധരിക്കാന്‍ പോലും അനുവദിക്കാതെ വലിച്ചിഴച്ചാണ് കൊണ്ടുപോയത് എന്നും മാസ്‌ക് ധരിക്കാന്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അദ്ദേഹത്തെ വീട്ടില്‍നിന്നും വലിച്ചിഴച്ച് കൊണ്ടുപോവുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷൂ പോലും ഇടാന്‍ അനുവദിക്കാതെയാണ്, പാര്‍ലമെന്റ് അംഗമായ തന്റെ പിതാവിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയത് എന്ന് ഉമര്‍ ഫാറൂഖിന്റെ പുത്രന്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഇസ്തംബുള്‍: ടര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ വിമര്‍ശകനായ പ്രതിപക്ഷ എംപിയെ അറസ്റ്റ് ചെയ്ത് വീട്ടില്‍നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി ജയിലിലടച്ചു. കുര്‍ദ് വിഭാഗങ്ങളുമായുള്ള സര്‍ക്കാറിന്റെ സമാധാനകരാറിനെ വിമര്‍ശിക്കുന്ന വീഡിയോ റീട്വീറ്റ് ചെയ്തതിനാണ് നടപടി. അതിനുശേഷം, നെഞ്ച് വേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആന്‍ജിയോഗ്രാം ചെയ്ത ശേഷം ജയിലിലേക്ക് തന്നെ കൊണ്ടുപോയി.
കുര്‍ദ് അനുകൂല രാഷ്ട്രീയ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ നേതാവും ടര്‍ക്കിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഉമര്‍ ഫാറൂഖ് ഗെര്‍ഗെര്‍ലിയോഗ്‌ലുവിനെയാണ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. പത്തുദിവസം മുമ്പത്തെ ട്വീറ്റിന്റെ പേരില്‍ ഇദ്ദേഹത്തിന് എതിരെ ശിക്ഷാനടപടി എടുക്കുന്നതിനെ അമേരിക്കയും യൂറോപ്യന്‍ യൂനിയനും അടക്കം വിമര്‍ശിച്ചിരുന്നു. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് യൂറോപ്യന്‍ യൂനിയന്‍ വിമര്‍ശിച്ചത്. നടപടി എടുക്കരുതെന്ന് അമേരിക്കയും ആവശ്യപ്പെട്ടു.
പ്രഭാത നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെയാണ് വീട്ടിലെത്തിയ പൊലീസുകാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷൂ ധരിക്കാന്‍ പോലും അനുവദിക്കാതെ വലിച്ചിഴച്ചാണ് കൊണ്ടുപോയത് എന്നും മാസ്‌ക് ധരിക്കാന്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അദ്ദേഹത്തെ വീട്ടില്‍നിന്നും വലിച്ചിഴച്ച് കൊണ്ടുപോവുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷൂ പോലും ഇടാന്‍ അനുവദിക്കാതെയാണ്, പാര്‍ലമെന്റ് അംഗമായ തന്റെ പിതാവിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയത് എന്ന് ഉമര്‍ ഫാറൂഖിന്റെ പുത്രന്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നാലു വര്‍ഷം മുമ്പ് വന്ന ഒരു വീഡിയോ റീ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഉമര്‍ ഫാറൂഖിനെതിരെ നടപടി വന്നത്. കുര്‍ദ് വിഭാഗക്കാരുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ വിമര്‍ശിക്കുന്നതായിരുന്നു വീഡിയോ. നേരത്തെ തന്നെ സര്‍ക്കാറിന്റെ കണ്ണിലെ കരടായിരുന്നു അദ്ദേഹം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ അദ്ദേഹം പ്രസിഡന്റ് എര്‍ദോഗാന്റെ പ്രധാന വിമര്‍ശകനായിരുന്നു. കുര്‍ദുകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു.
വീഡിയോ റീട്വീറ്റ് ചെയ്തതിനു പിന്നാലെ, അദ്ദേഹത്തിനെതിരെ നടപടി ആരംഭിച്ചു. പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി. നാലു ദിവസം മുമ്പ്, അദ്ദേഹത്തെ പാര്‍ലമെന്റില്‍വെച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമം നടന്നു. കുര്‍ദ് മതപരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് അദ്ദേഹത്തെ തടയുകയും ചെയ്തു. മറ്റ് എംപിമാര്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് അന്നദ്ദേഹത്തെ വിട്ടയച്ചത്. ഉമര്‍ ഫാറൂഖിനെതിരായ നടപടി വിദേശ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയനും അമേരിക്കയും ഇതിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍, വിമര്‍ശനങ്ങളെ വകവെയ്ക്കാതെ, സുബഹ് നമസ്‌കാരത്തിനിടെ വീട്ടില്‍വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. തടവുശിക്ഷ വിധിക്കാവുന്ന ഭീകരവിരുദ്ധ നിയമം അനുസരിച്ചാണ് അറസ്റ്റ്. ഉമര്‍ ഫാറൂഖിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയെ നിരോധിത സംഘടനയായ പികെകെയുമായി ബന്ധമുണ്ട് എന്നാരോപിച്ച് നിരോധിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
അറസ്റ്റിനു പിന്നാലെ ഉമര്‍ ഫാറൂഖിന്റെ മകന്‍ സാലിഹ് ഈ വിവരങ്ങള്‍ വെച്ച് ട്വീറ്റ് ചെയ്തു. ഷൂ പോലും ധരിക്കാന്‍ അനുവദിക്കാതെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും പിതാവിനെ വലിച്ചിഴച്ചാണ് പൊലീസുകാര്‍ കൊണ്ടുപോയതെന്നും സാലിഹ് ട്വീറ്റ് ചെയ്തു.
പൊലീസുകാര്‍ അദ്ദേഹത്തെ ബലം പ്രയോഗിച്ച് കൊണ്ടുപോവുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
അദ്ദേഹത്തിന്റെ പാര്‍ട്ടി പുറത്തുവിട്ട വീഡിയോയില്‍ പൊലീസുകാര്‍ ക്യാമറയ്ക്കു മുന്നില്‍ സംസാരിക്കുന്നത് വിലക്കുന്ന ദൃശ്യങ്ങളുണ്ട്.
ഇത് പാര്‍ലമെന്റിനോടുള്ള അവഹേളനമാണെന്ന് ഉമര്‍ ഫാറൂഖ് പൊലീസിനോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന് പൊലീസ് ബലപ്രയോഗത്തില്‍ പരിക്കേറ്റതായുള്ള ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ട്വീറ്റ് ചെയ്തു.
നിരോധിത സംഘടനയായ പി.കെ കെയുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഉമര്‍ ഫാറൂഖിന്റെ പാര്‍ട്ടിക്കെതിരായി ഏറെക്കാലമായി എര്‍ദോഗന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണ്. 2019-ല്‍ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ 65 നഗരസഭകളില്‍ പാര്‍ട്ടി വിജയിച്ചിരുന്നു. എന്നാല്‍, ഇവിടെയുള്ള 51 മേയര്‍മാരെയും സര്‍ക്കാര്‍ ഇടപെട്ട് പുറത്താക്കുകയും പകരം അവര്‍ക്ക് താല്‍പ്പര്യമുള്ള ആളുകളെ വെക്കുകയും ചെയതു. പുറത്താക്കപ്പെട്ട ഭൂരിഭാഗം മേയര്‍മാര്‍ക്കും എതിരെ ഭീകരവാദ കുറ്റം ചുമത്തുകയും ചെയ്തു. പാര്‍ട്ടിയുടെ ഉന്നത നേതാക്കളായ സലാഹുദ്ദീന്‍ ദെമിറാത്, ഫിജിയന്‍ യുകോസ്‌ക്ദാ എന്നിവര്‍ 2016 മുതല്‍ ജയിലിലാണ്. പാര്‍ട്ടിയുടെ മറ്റ് നിരവധി നേതാക്കളെയും ഭീകരവാദ കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ ജയിലിലടച്ചിട്ടുണ്ട്.