വന്യമൃഗങ്ങളുടെ മാംസത്തോടുള്ള നമ്മുടെ ആർത്തി ഇനി കൊണ്ടുവരാൻ പോകുന്നത് കൊറോണയെക്കാൾ വലിയ വൈറസിനെയോ?

By Web TeamFirst Published Mar 25, 2020, 4:44 PM IST
Highlights

സ്വാഭാവിക ആവാസസ്ഥാനങ്ങളിൽ നിന്ന് തുരത്തപ്പെടുന്ന വവ്വാലുകൾ ഒടുവിൽ ഭക്ഷണം തേടി എത്തുന്നത് ഈ കശാപ്പുശാലകളിലാണ്. അവിടെ വെച്ചാണ് വവ്വാലുകളിൽ നിന്ന് ഈ ജീവികളിലേക്ക് കൊറോണ പോലുള്ള വൈറസുകൾ പകരുന്നത്.

2002 നവംബറിൽ ചൈനയിലെ തീരദേശ പട്ടണമായ ഗുവാങ്‌ ഡോങിലെ ഒരു നാല്പത്താറുകാരന് കടുത്ത ഒരു ശ്വാസകോശരോഗം ബാധിച്ചു. ശ്വാസം ഉള്ളിലേക്കെടുക്കാൻ പറ്റാതെ അയാൾ ആകെ വീർപ്പുമുട്ടി വിയർത്തു. അയാൾ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയോടും ഒരു മകളോടും ഒപ്പം സന്തുഷ്ടമായ ജീവിതം നയിച്ചിരുന്ന ഒരു സാധാരണക്കാരൻ. എന്നാൽ വളരെ സാധാരണം എന്ന് ആദ്യഘട്ടത്തിൽ തോന്നിച്ച ആ ശ്വാസകോശരോഗം പിന്നീട് ലോകം മുഴുവൻ സാർസ് എന്ന പേരിൽ അറിയപ്പെട്ടു. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം എന്ന ഈ രോഗം അന്ന് 8098 പേരെ ബാധിച്ചു. അത് 774 പേരുടെ മരണത്തിന് കാരണമായി. 

 

ഈ സാർസ് ഔട്ട് ബ്രേക്കിനെപ്പറ്റി വിശദമായ ഗവേഷണങ്ങൾ നടത്തിയ ഡേവിഡ് ക്വാമ്മൻ പിന്നീട് 'സ്പിൽ ഓവർ' എന്ന പുസ്തകത്തിൽ, ഈ ചൈനക്കാരന്റെ മെഡിക്കൽ ഫയലിനെ ആധാരമാക്കി നടത്തിയ നിരീക്ഷണം ഇതാണ്. അസുഖം വരുന്നതിന് ദിവസങ്ങൾ മുമ്പ് അയാൾ നാടൻ കോഴി, പൂച്ച, പാമ്പ് എന്നിവയുടെ ഇറച്ചി കൊണ്ട് ഭക്ഷണം ഉണ്ടാക്കാൻ വേണ്ട സഹായങ്ങൾ നൽകിയിരുന്നു എന്ന്. ആ മാംസങ്ങൾ അയാൾ കൈകൊണ്ട് കഴുകി വൃത്തിയാക്കി നൽകുകയും മറ്റും ചെയ്തിരുന്നുവത്രേ. ഇന്ന് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന കൊവിഡ് 19 -നെപ്പോലെ സാർസും ഒരു കൊറോണാ വൈറസ് രോഗമാണ്. കൊവിഡിനെപ്പോലെ സാർസിന്റെയും ഉത്ഭവം മൃഗങ്ങളാണ്. അതും ഭക്ഷ്യാവശ്യങ്ങൾക്കായി അനധികൃതമായി മനുഷ്യൻ കശാപ്പുചെയ്യുന്ന വന്യമൃഗങ്ങളിൽ ഒന്ന്. 
 
ഈ ഗണത്തിൽ മെർസ്, സാർസ്, കൊവിഡ് തുടങ്ങിയ രോഗങ്ങളിൽ 60 ശതമാനവും സൂട്ടോണിക് എന്ന ഗണത്തിൽ പെടുന്നതാണ്. അതായത് വളർത്തു മൃഗങ്ങളിൽ നിന്നോ വന്യമൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് എളുപ്പം പകരുന്ന ഒരു രോഗം. ഇത്തരത്തിലുള്ള പുതിയ പുതിയ പകർച്ച വ്യാധികൾ മുൻകാലങ്ങളിലേതിനേക്കാൾ കൂടുതലായി ഇപ്പോൾ മനുഷ്യരിലേക്ക് പകരുന്നുണ്ട് എന്നാണ് ഡോക്ടർ നിരീക്ഷിക്കുന്നത്. അമ്പതുകളിൽ പത്തുവർഷത്തെ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന പുതിയ പകർച്ചവ്യാധികളുടെ എണ്ണം 30 -നടുപ്പിച്ച് ആയിരുന്നു എങ്കിൽ, 80 -കളിൽ അത് 100 -നു മേലെ ആയി. നമ്മളുടെ ജീവൻ നിലനിർത്തുന്ന ഈ പ്രകൃതിയോട് നമ്മൾ കാണിക്കുന്ന മര്യാദകേടിന്റെ പ്രതിഫലനമാണ് ഈ വർദ്ധനവ്. 

മനുഷ്യർക്ക് മുൻകാലങ്ങളിൽ വന്നിരുന്ന അസുഖമാണ് സ്മാൾ പോക്സ്. എന്നാൽ സമാനമായ അസുഖങ്ങൾ മറ്റുളള മൃഗങ്ങളിലും ദൃശ്യമാണ്. ഉദാ. ക്യാമൽ പോക്സ്, കൗ പോക്സ്, മങ്കി പോക്സ് എന്നിങ്ങനെ. അതിന്റെ ഒരർത്ഥം, അവസരം കിട്ടിയാൽ ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് പകർന്നുപോകുന്നതാണ് പല രോഗങ്ങളും എന്നാണ്. അടുത്തിടപഴകാൻ സാഹചര്യമുള്ള ജീവി വർഗ്ഗങ്ങൾ പരസ്പരം ഈ രോഗങ്ങളും കൈമാറാൻ സാധ്യത ഏറെയാണ്. 

 

 

സാർസിന്റെ ഉത്ഭവം വവ്വാലുകളിൽ നിന്നായിരുന്നു. മെർസ് അഥവാ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോവും തുടങ്ങുന്നത് വവ്വാലിൽ നിന്നാണ്, മനുഷ്യരിലേക്ക് എത്തുന്നത് ഒട്ടകങ്ങളിലൂടെയും. കോവിഡിന് കാരണമായ കൊറോണാവൈറസിന്റെ കാര്യത്തിൽ ഒരു അഭിപ്രായം തുറന്നു പറയുക പ്രയാസമാകും എങ്കിലും, വവ്വാലിൽ നിന്നുതടങ്ങി, ഈനാംപേച്ചികൾ വഴി മനുഷ്യരിലേക്ക് പകർന്നതാകും എന്നാണ്. ഇത്തരത്തിലുള്ള വന്യമൃഗങ്ങളെ  ജീവനോടെ പിടിച്ച് കശാപ്പുശാലകളിലും മറ്റും കൂട്ടിൽ ഇട്ടുവെക്കുമ്പോൾ അവയ്ക്ക് ഓരോന്നിനും ഉണ്ടാകുന്ന ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് പകരാൻ സാധ്യതയുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. 

സാധാരണ നിലയ്ക്ക് വവ്വാലുകളും മറ്റും പൊതുജനങ്ങളുടെ ജീവിതങ്ങളിലേക്കോ ആഹാരശീലങ്ങളിലേക്കോ ഒന്നും തന്നെ  കടന്നുവരാത്തതാണ്. എന്നാൽ മനുഷ്യൻ കാടു കയ്യേറി വെട്ടിത്തെളിച്ച് കൃഷിചെയ്ത് അവിടെ വാസസ്ഥാനങ്ങൾ ഉറപ്പിക്കുമ്പോൾ അവിടെ നിന്ന്  നിഷ്കാസിതരാകുന്ന ജീവിവർഗ്ഗങ്ങൾ ഇടക്കെങ്കിലും മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെടുന്നു. കാട് നാടായി പരിവർത്തനം ചെയ്യപ്പെടുമ്പോൾ അവിടെ സ്വൈരവിഹാരം ഹനിക്കപ്പെടുന്നത് വവ്വാലുകൾ പോലുള്ള വന്യജീവികളുടേതാണ്. അവർ അതോടെ മനുഷ്യരുമായി സമ്പർക്കത്തിൽ വരുന്നു. ഈ സമ്പർക്കമാണ് മനുഷ്യരിലേക്കുള്ള രോഗങ്ങളുടെ പകർച്ചയിലെ ആദ്യഘട്ടം. ഭൂമുഖത്തുള്ള 750 കോടിയിലധികം വരുന്ന മനുഷ്യർ, അവരുടെ പ്രകൃതി വിഭവങ്ങളോടുള്ള ആർത്തി, അത് നശിപ്പിക്കുന്നത് മറ്റു പല ജീവിവർഗ്ഗങ്ങളുടെയും സ്വാഭാവികമായ ആവാസസ്ഥാനങ്ങൾ കൂടിയാണ്. അത് വളരെ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. 

2017 -ൽ ഉണ്ടായ എബോളാ ഔട്ട് ബ്രേക്കിനെപ്പറ്റി നടന്ന പഠനങ്ങൾ സൂചിപ്പിച്ചത് രോഗം പടർന്നു പിടിച്ചത് മധ്യ, പശ്ചിമ ആഫ്രിക്കയിലെ അടുത്തിടെ വനനശീകരണം സംഭവിച്ച പ്രദേശങ്ങളിൽ ആണെന്നാണ്. അവിടെയും വവ്വാലുകളിലാണ് ആദ്യമായി ഈ രോഗം ദൃശ്യമാകുന്നത്. അവിടെ സ്വാഭാവികമായ വനപ്രദേശങ്ങൾ വെട്ടിത്തെളിച്ച് പനകൾ നട്ടുവളർത്തിയ പാം ഓയിൽ വ്യവസായമാണ് പ്രകൃതിക്ക് ആഘാതമുണ്ടാക്കിയത്. അതോടെ അവിടെ സ്വാഭാവികമായി അധിവസിച്ചിരുന്ന വവ്വാലുകൾ കൂടുവിട്ടിറങ്ങി നാട്ടിലേക്ക് പറന്നുപോകുന്നു. അതോടെ കാടിന്റെയുള്ളിൽ മനുഷ്യനെ ഏശാതിരുന്ന പല രോഗങ്ങളും നാട്ടിലേക്കിറങ്ങി വരുന്നു. അടിസ്ഥാന കാരണം, പ്രകൃതിക്കുമേൽ മനുഷ്യൻ നടത്തുന്ന അധിനിവേശങ്ങളും തന്നെയാണ് എന്നോർക്കുക. 
 
ലോകത്തിന്റെ മറ്റേതൊരു ഭാഗത്തും ഈ പ്രശ്നം ഏകദേശം ഒരുപോലെ സജീവമാണ്. എന്നാൽ, ചൈനയിൽ ഇതിന്റെ ആഘാതത്തെ ഇരട്ടിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അവരുടെ വിചിത്രമായ ഭക്ഷണശീലങ്ങൾ. ചൈനക്കാർ തിന്നാത്തതായി ഒന്നുമില്ല ഈ ലോകത്ത്. പാമ്പ്, കീരി, ഈനാംപേച്ചി, മരപ്പട്ടികൾ, മുള്ളൻപന്നികൾ, മാനുകൾ, എട്ടുകാലികൾ, പാറ്റകൾ, എലികൾ, കുറുക്കന്മാർ, നീർനായ്ക്കൾ, പൂച്ചകൾ, പട്ടികൾ എന്നിങ്ങനെ ലോകത്തിന്റെ മറ്റുള്ള ഭാഗങ്ങളിൽ ആഹാരക്രമത്തിൽ ഭാഗമല്ലാത്ത പല മൃഗങ്ങളെയും ചൈനക്കാർ സ്വാഭാവികമായി ആഹരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പല വന്യജീവികളും ചൈനയിലെ കശാപ്പുശാലകളിൽ കൂട്ടിലടക്കപ്പെട്ട നിലയിൽ കാണാറുണ്ട്.

 

 

പന്നികളുടെ കൂടിനോട് ചേർന്നാകും ചിലപ്പോൾ ഈനാംപേച്ചികളുടെ കൂട്, കുറുക്കന്റെ കൂടിനോട് ചേർന്നാകും നീർനായുടെ കൂട്. ഇങ്ങനെയുള്ള കശാപ്പുശാലകൾ സൂട്ടോണിക് അസുഖങ്ങളുടെ അഥവാ മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുന്ന രോഗങ്ങളുടെ വിളനിലങ്ങളാണ്. തന്നിഷ്ടത്തിന് പറന്നു നടക്കുന്ന വവ്വാലുകൾ എന്ന സസ്തനിവർഗം മനുഷ്യരോട് ഏറെ സാമ്യമുള്ളതാണ്. സ്വാഭാവിക ആവാസസ്ഥാനങ്ങളിൽ നിന്ന് തുരത്തപ്പെടുന്ന വവ്വാലുകൾ ഒടുവിൽ ഭക്ഷണം തേടി എത്തുന്നത് ഈ കശാപ്പുശാലകളിലാണ്. അവിടെ വെച്ചാണ് വവ്വാലുകളിൽ നിന്ന് മനുഷ്യർ ആഹരിക്കുന്ന ഈ വിചിത്രജീവികളിലേക്ക് വവ്വാലുകളിൽ നിന്ന് കൊറോണ പോലുള്ള വൈറസുകൾ പകർന്നു കിട്ടുന്നത്. ആ മൃഗങ്ങളെ കശാപ്പു ചെയ്യുന്നവർക്ക് കൊവിഡ് പോലുള്ള രോഗങ്ങൾ പകർന്നു കിട്ടുന്നതും ഇതേ കശാപ്പുശാലകളിൽ നിന്നുതന്നെ. 

 

ജൈവവൈവിധ്യത്തിലുണ്ടാകുന്ന കുറവും വൈറസ് രോഗങ്ങൾ അധികരിക്കാൻ കാരണമാകുന്നു. ചില പക്ഷികളും മൃഗങ്ങളും ഒക്കെ വംശനാശത്തിലേക്ക് കൂപ്പുകുത്തുമ്പോൾ അത് മറ്റുള്ള ജീവികളുടെ, പ്രകൃതിയുടെ, ആവാസവ്യവസ്ഥയുടെ സന്തുലനം തെറ്റിക്കുന്നു. ഉന്മൂലനം സംഭവിക്കുന്ന ജീവിവർഗ്ഗങ്ങൾ ചിലപ്പോൾ വൈറസുകളെ നശിപ്പിക്കുന്നവ ആയിരിക്കും. അവശേഷിക്കുന്നവ മിക്കവാറും വൈറസുകളോട് അഭിമുഖ്യമുള്ളവയും. ഉദാ. വെസ്റ്റ് നൈൽ ഡിസീസ് എന്ന രോഗം പരത്തുന്നത് ദേശാടനപ്പക്ഷികളാണ്. അതിനു കാരണമോ മരംകൊത്തികൾ പോലെയുള്ള വൈറസ് പറത്താത്ത പക്ഷികളുടെ എണ്ണം കുറഞ്ഞതും വണ്ണാത്തിക്കിളികളെയും കാക്കകളെയും പോലെ അസുഖം പരത്താൻ സാധ്യതയുള്ള പക്ഷികളുടെ എണ്ണം കൂടിയതും ആണ്. 

കൊവിഡ് 19 ബാധയ്ക്കു ശേഷം ചൈന ആദ്യം ചെയ്തത് തങ്ങളുടെ വന്യജീവി കശാപ്പു മാർക്കറ്റുകൾ അടച്ചു പൂട്ടുകയാണ്. ചൈനയിലെ പല നാട്ടുവൈദ്യന്മാരും തങ്ങളുടെ മരുന്നുകൾക്കുള്ള കുറിപ്പടികളിൽ ഇന്നും ഇതുപോലുള്ള വന്യജീവികളുടെ മാംസം ഒരു അവിഭാജ്യഘടകമായി ഉൾപ്പെടുത്തുന്നുണ്ട് എന്നത് ഇന്നും ചൈനയിലെ ജനങ്ങൾക്ക് ഇതുപോലുള്ള പുതിയ രോഗങ്ങൾ ബാധിക്കാനുള്ള ഒരു സാധ്യത നിലനിർത്തുന്നുണ്ട്.

 

പ്രകൃതിയെ ഇനിയും നശിപ്പിക്കാതിരിക്കുന്നത്, വവ്വാലുകൾ പോലുള്ള ജീവികളുടെ ആവാസസ്ഥാനങ്ങൾ നഷ്ടപ്പെടുത്താതിരിക്കുന്നത് ഒക്കെ പ്രകൃതിയുടെ സുസ്ഥിരതയ്ക്ക് എത്ര അത്യാവശ്യമാണ് എന്ന പാഠമാണ് ഈ മാരകമായ പകർച്ച വ്യാധി നമ്മളെ പഠിപ്പിക്കുന്നത്. "മരം പിടിച്ചു കുലുക്കിയാൽ, എന്തെങ്കിലുമൊക്കെ താഴെ വീഴും" എന്നാണ്  ഡേവിഡ് ക്വാമ്മൻ സ്പിൽ ഓവറിൽ എഴുതിയിട്ടുള്ളത്. നഗരവത്കരണം, വ്യവസായ വത്കരണം, ആഗോളീകരണം എന്നിവയൊക്കെ മനുഷ്യനെ പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ട് എങ്കിലും, അതുമായി ബന്ധപ്പെട്ടുനടന്ന പ്രകൃതി, വന നശീകരണങ്ങൾ പുതിയ രോഗങ്ങളുടെ രൂപത്തിൽ വിപത്തുകളും മനുഷ്യന് നൽകിയിട്ടുണ്ട്.

എച്ച്ഐവി, സാർസ്, മെർസ്, നോവൽ കൊറോണ വൈറസ് ഒക്കെയും മനുഷ്യനോട് പ്രകൃതി പറയാൻ ആഗ്രഹിക്കുന്ന സന്ദേശങ്ങളുടെ ഗൂഢലിപികളാണ്. പ്രകൃതിയുടെ ഈ സൂചനകൾ മനസ്സിലാക്കാൻ നമുക്കാവണം, കളിക്കുന്നത് തീകൊണ്ടാണ് എന്നത് എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞാൽ നമുക്ക് അത്രയും നല്ലത്..! 
 

click me!