കൊവിഡ് 19 പോലെ അന്ന് പടര്‍ന്നുപിടിച്ച മഹാമാരിക്ക് വാക്‌സിൻ കണ്ടെത്തിയ ഡോക്ടർ

By Web TeamFirst Published Mar 25, 2020, 3:42 PM IST
Highlights

2005 -ൽ മരിക്കുന്നതിനുമുമ്പ്, 40 -ലധികം വാക്സിനുകൾ വികസിപ്പിക്കാൻ ഹിൽമാൻ സഹായിച്ചു. അവയിൽ പലതും ബാല്യകാല രോഗങ്ങൾക്കായിരുന്നു.

ലോകം കോവിഡ് 19 -ന്റെ വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ഓരോദിവസവും മരിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്. എന്നാൽ, ചരിത്രം നോക്കിയാൽ ഇത് ആദ്യത്തെ സംഭവമല്ല എന്ന് വ്യക്തമാണ്. മുൻപും ഇതുപോലെയുള്ള മഹാമാരികൾ ഭൂമിയെ സന്ദർശിച്ചിരുന്നു. അത്തരം ഒരു മഹാമാരി സമയത്ത് ലക്ഷകണക്കിനാളുകൾ മരണത്തോട് മല്ലിടിക്കുമ്പോൾ, ഒരു ഡോക്ടർ തന്റെ നാടിനെ അതിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുത്താൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു. ലോകത്തിൽ അതിന്റെ സാന്നിധ്യം കണ്ടുപിടിച്ചപ്പോൾ തന്നെ അദ്ദേഹം അതിനെതിരെ പടയൊരുക്കം ആരംഭിക്കുകയായിരുന്നു.  ഒടുവിൽ അതിനെ നിശ്ശേഷം തുടച്ച് മാറ്റാൻ കഴിയുന്ന രീതിയിൽ ഒരു വാക്‌സിൻ കണ്ടെത്താൻ അദ്ദേഹത്തിനായി. ഇപ്പോഴത്തെ മഹാമാരിയെ പോലെ അതും ആദ്യമായി ചൈനയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വൈറസ് പോലെ അതും ആളുകൾക്ക് പുതിയതായിരുന്നു. ആ മഹാമാരിയും കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പടർന്നുപിടിച്ച് ഒരുപാട് പേരുടെ ജീവനെടുത്തിരുന്നു. അമേരിക്കയിലെ വാൾട്ടർ റീഡ് ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ചിലെ ഗവേഷകനായ മൗറീസ് ഹിൽമാനാണ് അതിനെതിരെ ഒരു പ്രതിരോധ മരുന്ന് കണ്ടെത്തിയത്.   

1957 ഏപ്രിൽ 17-ന്, ന്യൂയോർക്ക് ടൈംസ് ഹോങ്കോങ്ങിൽ ഒരു ഇൻഫ്ലുവൻസ പടർന്നുപിടിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത വായിച്ച ഹിൽമാന് ആ രോഗം ഒരു മഹാമാരിയായി മാറി, താമസിയാതെ തന്റെ നാടിനെയും ബാധിക്കുമെന്ന് ഉറപ്പായിരുന്നു. പ്രത്യേകിച്ചും അതിന്റെ വിശദാംശങ്ങൾ ഡോക്ടറുടെ ശ്രദ്ധ പിടിച്ചുപറ്റി. "ക്ലിനിക്കുകളിൽ രോഗികളുടെ നീണ്ട വരികൾ രൂപപ്പെടാൻ തുടങ്ങി. സ്ത്രീകൾ ക്ഷീണീതരായ കുട്ടികളെ മുതുകിൽ ചുമന്നുകൊണ്ട് വരിയിൽ ഒരുപാട് സമയം കാത്തിരുന്നു” പേപ്പറിൽ എഴുതിയിരുന്നു. ഒരു മഹാമാരിയുടെ നിഴൽ തങ്ങളെയും ബാധിക്കാൻ പോകുന്നു എന്ന മനസിലാക്കിയ ആ ഡോക്ടർ പെട്ടെന്ന് ജോലിയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ മനസ്സിൽ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ. അവധി കഴിഞ്ഞ് സ്കൂൾ ആരംഭിക്കുമ്പോഴേക്കും ഇതിനെതിരായ വാക്സിൻ കണ്ടെത്തുക.  

1957 ഫെബ്രുവരിയിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗ്വിഷോ പ്രവിശ്യയിലാണ് മഹാമാരിയുടെ ആദ്യകേസ് പ്രത്യക്ഷപ്പെട്ടത്. ഏപ്രിലിൽ ഹിൽമാൻ ഇതിനെക്കുറിച്ച് വായിച്ചപ്പോഴേക്കും ഹോംഗോങ്ങില്‍ 250,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവിടത്തെ ജനസംഖ്യയുടെ 10 ശതമാനം. ആ രോഗത്തിന്റെ കാഠിന്യം എല്ലാവരും തിരിച്ചറിയുന്നതിന് മുൻപേ തന്നെ അത് പടർന്ന് പിടിച്ചു കഴിഞ്ഞിരുന്നു. വാർത്ത വായിച്ചതിന്റെ പിറ്റേദിവസം തന്നെ, ജപ്പാനിലെ സമയിലെ ഒരു ആർമി മെഡിക്കൽ ജനറൽ ലബോറട്ടറിയിലേക്ക് അദ്ദേഹം ഒരു സന്ദേശം അയച്ചു. അദ്ദേഹം  ഹോംഗോങ്ങില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഹോംഗോങ്ങില്‍ രോഗം ബാധിച്ച യുഎസ് നേവിയിലെ ഒരു അംഗത്തെ ഒരു മെഡിക്കൽ ഓഫീസർ തിരിച്ചറിഞ്ഞു. തുടർന്ന് വൈറസിനെക്കുറിച്ച് പഠിക്കാനായി സൈനികന്റെ സ്രവം അമേരിക്കയിലെ ഹിൽമാനിന് അയച്ചു.

വാഷിംഗ്‌ടൺ ഡിസിയിലെ വാൾട്ടർ റീഡ് ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ചിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ കുറിച്ച് പഠിക്കുന്നതിന്‍റെ മേധാവിയായിരുന്നു ഹിൽമാൻ. അദ്ദേഹത്തിന് വിവിധ പ്രായത്തിലുള്ള ആളുകളിൽ നിന്ന് ശേഖരിച്ച സ്രവം ലഭ്യമായിരുന്നു. തുടർന്ന് നടത്തിയ പഠനത്തിൽ ഫ്ലൂ വൈറസിലെ രണ്ട് പ്രധാന പ്രോട്ടീനുകളായ ഹേമഗ്ലൂട്ടിനിൻ, ന്യൂറമിനിഡേസ് കാലാവസ്ഥയ്ക്കനുസരിച്ചു ചെറിയ മാറ്റങ്ങൾക്ക് വിധേയമാകുന്നുവെന്ന് അദ്ദേഹം മനസിലാക്കി. ഇത് ഇൻഫ്ലുവൻസ പ്രതിരോധത്തിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിച്ചു. പിന്നീട് അദ്ദേഹം മുൻപത്തെ ഫ്ലൂ വൈറസും, സൈനികന്റെ ഫ്ലൂ വൈറസും താരതമ്യം ചെയ്തപ്പോൾ രണ്ടിലും ഉണ്ടായിരുന്ന പ്രോട്ടീനുകളിൽ കാര്യമായ മാറ്റങ്ങൾ ഉള്ളതായി അദ്ദേഹം കണ്ടെത്തി. അദ്ദേഹം ഇതുവരെ കണ്ട ഫ്ലൂ വൈറസുകളിൽനിന്ന് തീർത്തും വ്യത്യസ്തമാണ് ഈ പുതിയ വൈറസ് എന്ന് അദ്ദേഹം മനസ്സിലാക്കി. 

എന്നാൽ,  ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ അദ്ദേഹത്തിന് കണ്ടെത്താൻ സാധിച്ചില്ല. അദ്ദേഹം ഇത് മറ്റ് ആരോഗ്യ സംഘടനകളിലെയ്ക്ക് അയച്ചു. 1889 നും 1890 നും ഇടയിൽ പടർന്ന് പിടിച്ച്  'റഷ്യൻ ഇൻഫ്ലുവൻസ' യെ അതിജീവിച്ച  70, 80 -കളിൽ ജീവിച്ചിരുന്ന ചെറിയ ഒരു സമൂഹം മാത്രമാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളവരെന്ന് ഈ സംഘടനകൾ കണ്ടെത്തി. ഈ അറിവിന്റെ അടിസ്ഥാനത്തിൽ, ഹില്‍മാന്‍ ഒരു പുതിയ ഫ്ലൂ മഹാമാരി 1957 സെപ്റ്റംബറോടെ അമേരിക്കയിലെത്തുമെന്ന് പ്രഖ്യാപിച്ചു. ആദ്യം അതാരും വിശ്വസിക്കാൻ തയ്യാറായില്ല. എന്നിരുന്നാലും, ഫ്ലൂ വാക്‌സിന്റെ പ്രവർത്തനം ആരംഭിക്കാൻ കമ്പനികളെ അദ്ദേഹം നിർബന്ധിച്ചു. വാക്‌സിൻ ഉണ്ടാക്കാൻ കോഴിമുട്ടകൾ ആവശ്യമായിരുന്നു. അതിനായി മുട്ടകൾ വിരിയുന്ന സീസണിന്റെ അവസാനത്തിൽ കോഴികളെ കൊന്നുകളയരുതെന്ന് കർഷകരെ ഓർമ്മിപ്പിക്കാൻ അദ്ദേഹം കമ്പനികളോട് പറഞ്ഞു.

ഒരു പുതിയ ഇൻഫ്ലുവൻസയ്ക്ക് വാക്സിൻ ഉണ്ടാക്കുക എന്നത് കോവിഡ് -19 ന് പോലുള്ള മഹാമാരികൾക്ക് വാക്സിൻ നിർമ്മിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അദ്ദേഹം പ്രവചിച്ചത് പോലെ സെപ്റ്റംബറിൽ പുതിയ ഇൻഫ്ലുവൻസ അമേരിക്കയെ ബാധിക്കാൻ തുടങ്ങി. പക്ഷേ അപ്പോഴേക്കും രാജ്യം വാക്സിൻ നിർമ്മിച്ച് കഴിഞ്ഞിരുന്നു. “ഏഷ്യൻ ഇൻഫ്ലുവൻസ” എന്ന് വിളിക്കപ്പെടുന്ന ഈ വൈറസ് അതിനോടകം ലോകത്താകമാനം 70,000 അമേരിക്കക്കാരെയും, നാല് ദശലക്ഷം ആളുകളെയും കൊന്നൊടുക്കിയിരുന്നു. പക്ഷേ, വിദഗ്ധർ അഭിപ്രായപ്പെടുന്നത് വാക്സിൻ ഇല്ലായിരുന്നെങ്കിൽ, പിന്നെയും അനവധി മരണങ്ങൾ ലോകത്ത് നടക്കുമായിരുന്നുവെന്നാണ്. "എത്ര ജീവൻ രക്ഷിച്ചുവെന്ന് പറയാൻ ഞങ്ങൾക്ക് കഴിയില്ലെങ്കിലും, അദ്ദേഹം ഒരു മഹാമാരിയെ ലോകത്തുനിന്ന് തന്നെ തുടച്ച് നീക്കി എന്ന കാര്യത്തിൽ സംശയമില്ല” വാഷിംഗ്ടണിലെ സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് അമേരിക്കൻ ഹിസ്റ്ററിയിലെ മെഡിസിൻ ആന്റ് സയൻസ് വിഭാഗം മേധാവി അലക്സാണ്ട്ര ലോർഡ് പറഞ്ഞു.  

2005 -ൽ മരിക്കുന്നതിനുമുമ്പ്, 40 -ലധികം വാക്സിനുകൾ വികസിപ്പിക്കാൻ ഹിൽമാൻ സഹായിച്ചു. അവയിൽ പലതും ബാല്യകാല രോഗങ്ങൾക്കായിരുന്നു. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ച അദ്ദേഹത്തെ വിദഗ്ദ്ധർ ഇന്നും ബഹുമാനിക്കുന്നു. പൊതുജനാരോഗ്യത്തിന് നൽകിയ സംഭാവനകൾക്ക് അദ്ദേഹത്തിന് 1988 -ൽ ദേശീയ മെഡൽ ലഭിക്കുകയുണ്ടായി. ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന കോവിഡ് 19 -നെ പിടിച്ചു കെട്ടാൻ ശേഷിയുള്ള ഒരു വാക്‌സിൻ കണ്ടുപിടിക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് ഇന്ന് അമേരിക്കയും, ചൈനയും. ഏഷ്യൻ ഇൻഫ്ലുവൻസയെ നിയന്ത്രിച്ച പോലെ, ഈ മഹാമാരിയെയും എത്രയും വേഗം ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കാൻ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

click me!