12 വർഷങ്ങൾക്ക് മുമ്പ് കാണാതായ പട്ടിക്കുട്ടി അപ്രതീക്ഷിതമായി തിരികെ...

By Web TeamFirst Published Nov 25, 2022, 12:22 PM IST
Highlights

ഒരു നാട്ടുകാരനാണ് നായയെ കിട്ടിയത്. അയാൾ അതിനെ ആനിമൽ കൺട്രോൾ സർവീസിൽ ഏൽപ്പിച്ചു. കിട്ടുമ്പോൾ വളരെ മോശം അവസ്ഥയിലായിരുന്നു മിസ്സി എന്ന് ലിസ് പറയുന്നു.

12 വർഷങ്ങൾക്ക് മുമ്പ് കാണാതായ ഒരു പട്ടിക്കുട്ടിയെ തിരികെ കിട്ടുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? എന്നാൽ, അങ്ങനെ സംഭവിച്ചിരിക്കയാണ്. യുകെ -യിലാണ് ഒരു കുടുംബത്തിന് 12 വർഷം മുമ്പ് നഷ്ടപ്പെട്ട് പോയ ഒരു ബോർ‌ഡർ ടെറിയറിനെ തിരികെ കിട്ടിയിരിക്കുന്നത്. 

ലിസ് എൽഡ്രിഡ്ജ് എന്ന സ്ത്രീ തന്റെ മകൻ ഓസ്കാറിന് പിറന്നാൾ സമ്മാനമായിട്ടാണ് മിസ്സി എന്നൊരു പട്ടിക്കുട്ടിയെ നൽകുന്നത്. എന്നാൽ, 2011 -ൽ‌ അവരുടെ വീട്ടിൽ നിന്നും മിസ്സിയെ കാണാതെയായി. അടുത്ത എട്ട് വർഷക്കാലം ലിസ് രാജ്യത്തുടനീളം ആ പ്രിയപ്പെട്ട പട്ടിയേയും അന്വേഷിച്ച് നടന്നു. 

നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുകയായിരുന്നു ലിസ്. ഏറെ അന്വേഷിച്ചിട്ടും പട്ടിക്കുഞ്ഞിനെ തിരികെ കിട്ടാതായതോടെ അവരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. മിസ്സിയെ ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുപോയതായിരിക്കാം എന്നൊരു നി​ഗമനത്തിൽ ലിസ് എത്തി. 

എന്നാൽ, കഴിഞ്ഞയാഴ്ച തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. മിസ്സിയെ ലിസിനും കുടുംബത്തിനും തിരികെ കിട്ടി. അവളുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പ് ഐഡിയുടെ സഹായത്തോടെയാണ് ഉടമയെ കണ്ടെത്തിയതും ലിസിന് തങ്ങളുടെ നായയെ തിരികെ കിട്ടിയതും. 

ഒരു നാട്ടുകാരനാണ് നായയെ കിട്ടിയത്. അയാൾ അതിനെ ആനിമൽ കൺട്രോൾ സർവീസിൽ ഏൽപ്പിച്ചു. കിട്ടുമ്പോൾ വളരെ മോശം അവസ്ഥയിലായിരുന്നു മിസ്സി എന്ന് ലിസ് പറയുന്നു. ബ്രീഡിം​ഗിന് വേണ്ടി മിസ്സിയെ ആരോ നിരന്തരം ഉപയോ​ഗപ്പെടുത്തി എന്നും അവളെ ചങ്ങലയ്ക്കിട്ട് ദ്രോഹിച്ചിരുന്നു എന്നും ലിസ് പറയുന്നു. ആരെങ്കിലും അടുത്തേക്ക് ചെല്ലുമ്പോൾ തന്നെ മിസ്സി പേടിക്കുകയാണ്. എന്നാൽ, ഒരാഴ്ചത്തെ നിരന്തര പരിചരണത്തിന് ശേഷം അവൾ മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ട് എന്നും ലിസ് പറഞ്ഞു. 

ഏതായാലും 12 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട പട്ടിയെ തിരികെ കിട്ടിയ സന്തോഷത്തിൽ തന്നെയാണ് ലിസും കുടുംബവും. 

tags
click me!