മണ്ണിനെയറിഞ്ഞ് മരങ്ങളെ അറിഞ്ഞ്.., പത്മശ്രീ നിറവിൽ ദേവകി അമ്മയുടെ 'ഹരിതജീവിതം'

Published : Jan 25, 2026, 09:44 PM IST
devaki amma

Synopsis

ആലപ്പുഴ സ്വദേശിനിയായ 92 വയസ്സുള്ള ദേവകി അമ്മ,  തന്റെ അഞ്ച് ഏക്കർ പുരയിടത്തിൽ ഒരു വനം തന്നെ നട്ടുപിടിപ്പിച്ചു. പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ ഈ സംഭാവനയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 

കേരളത്തിന്റെ പരിസ്ഥിതി ചരിത്രത്തിൽ സ്വന്തം ജീവിതം കൊണ്ട് ഒരു വനം തന്നെ പടുത്തുയർത്തിയ അത്ഭുതമാണ് ആലപ്പുഴ ജില്ലയിലെ മുതുകുളം സ്വദേശിയായ 92 വയസുള്ള കൊല്ലക്കയിൽ ദേവകി അമ്മ. പ്രകൃതിയോടുള്ള സ്നേഹം മാത്രം കൈമുതലാക്കി അവർ നടത്തിയ വിപ്ലവം ഇന്ന് പത്മശ്രീ പുരസ്കാരത്തിന്റെ തിളക്കത്തിലാണ് എത്തി നിൽക്കുന്നത്. അൺസങ് ഹീറോസ് (അറിയപ്പെടാത്ത നായകർ) വിഭാഗത്തിലാണ് ദേവകി അമ്മയ്ക്ക് പത്മ പുരസ്കാരം. തപസ്വനം എന്നറിയപ്പെടുന്ന മനുഷ്യനിർമ്മിത വനം സൃഷ്ടിച്ചതിലൂടെ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനയ്ക്കാണ് അംഗീകാരം ലഭിച്ചത്. ഒരു വീട്ടമ്മയിൽ നിന്നും 'വനമാതാവ്' എന്ന വിശേഷണത്തിലേക്കുള്ള അവരുടെ യാത്ര വരുംതലമുറകൾക്ക് വലിയൊരു പാഠപുസ്തകമാണ്.

അപകടം മാറ്റിമറിച്ച ജീവിതം 

44 വർഷങ്ങൾക്ക് മുമ്പാണ് സ്വന്തം ജീവിതത്തെയാകെ മാറ്റി മറിച്ച ഒരു തീരുമാനത്തിലേക്ക് ദേവകിയമ്മയെത്തുന്നത്. 1980-കളിൽ ഉണ്ടായ ഒരു അപകടത്തിൽ അവരുടെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും നടക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ച ആ കാലത്താണ് തളർന്നിരിക്കാതെ അവർ മണ്ണിലേക്ക് ഇറങ്ങിയത്. അപകടത്തെത്തുടർന്ന് ശരീരം തളർന്ന് വിശ്രമിക്കേണ്ടി വന്ന കാലത്ത് നെൽകൃഷിയടക്കം മറ്റ് കാർഷിക കാര്യങ്ങളിൽ നിന്നും അവർക്ക് വിട്ടുനിൽക്കേണ്ടി വന്നു. അതിന് ശേഷമാണ്, വീടിന് ചുറ്റുമുള്ള തരിശ് ഭൂമിയെ മാറ്റിയെടുക്കാനുള്ള ഒരു ശ്രമത്തിലേക്ക് ദേവകിയമ്മ കടക്കുന്നത്. അപകടത്തിൽ തളർന്ന് നിൽക്കാതെ മണ്ണിലേക്ക് ഇറങ്ങുകയെന്ന ദേവകിയമ്മയുടെ തീരുമാനം, അതവരുടെ ജീവിതത്തെ മാറ്റി മറിക്കുകയും ചെയ്തു.

തനിക്ക് ലഭിച്ച വിശ്രമവേളകളെ അവർ പാഴാക്കിയില്ല. വീടിന് ചുറ്റുമുള്ള തരിശ് നിലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് അവർ മനസ്സിനും ശരീരത്തിനും ഊർജ്ജം കണ്ടെത്തി. അഞ്ച് ഏക്കറോളം വരുന്ന സ്വന്തം പുരയിടത്തിൽ അപൂർവ്വങ്ങളായ മരങ്ങളും ഔഷധസസ്യങ്ങളും ഉൾപ്പെടുന്ന ഒരു കൊച്ചു വനം തന്നെ അവർ നട്ടുനനച്ച് വളർത്തി. ആരെയും അതിശയിപ്പിക്കുന്ന ഈ ജൈവവൈവിധ്യ കലവറ ഇന്ന് പക്ഷികളുടെയും ചെറുജീവികളുടെയും താവളമാണ്.'തപസ്വനത്തിൽ' ഇന്ന് 3000-ത്തിലധികം ഔഷധസസ്യങ്ങളുണ്ട്.

പുരസ്കാര നിറവിൽ

ദേവകി അമ്മയുടെ പ്രകൃതിസ്നേഹത്തെ തേടി സംസ്ഥാന-ദേശീയ തലത്തിലുള്ള നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. 'ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര' അവാർഡും നാരീശക്തി പുരസ്കാരവും വനമിത്ര പുരസ്കാരം അതിൽ ചിലത് മാത്രം. ഏറ്റവും ഒടുവിൽ രാജ്യം പത്മശ്രീ നൽകി ആദരിക്കുമ്പോഴും, പ്രശസ്തിയുടെ ലോകത്തിന് പുറത്ത് തന്റെ വനത്തിലെ മരങ്ങളെ തലോടിയും അവയോട് സംസാരിച്ചും ലളിതജീവിതം നയിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്. മണ്ണിൽ വിത്തെറിയുന്ന ഓരോ കൈകളും ഭാവിയിലേക്കുള്ള പ്രാണവായുവാണ് നൽകുന്നതെന്ന സന്ദേശമാണ് ദേവകി അമ്മ തന്റെ ജീവിതത്തിലൂടെ ലോകത്തിന് പകർന്നു നൽകുന്നത്. 

 

 

PREV
Read more Articles on
click me!

Recommended Stories

'ദി ഇക്ക്' : പ്രണയബന്ധങ്ങളെ നിമിഷനേരം കൊണ്ട് തകിടം മറിക്കുന്ന പുതിയ ജെൻ സി സ്ലാങ്
ജീവൻ രക്ഷിക്കാനുള്ള പെടാപ്പാടിൽ ഡോക്ടർമാർ, അപ്പോഴും ജോലിസ്ഥലത്തുനിന്നും തുടരെ മെസ്സേജ്, ടെക്കി കുഴഞ്ഞുവീണ് മരിച്ചു