യാത്രയ്ക്കായി മാസങ്ങൾക്കു മുൻപേ പ്ലാൻ ചെയ്ത്, വിമാനത്താവളത്തിൽ എത്തിയ നിമിഷം ബോസിൽ നിന്ന് അവധി റദ്ദാക്കി എന്നൊരു സന്ദേശം വന്നാലോ? ഭൂരിഭാഗം ആളുകളും ജോലി പോകുമെന്ന് ഭയന്ന് യാത്ര വേണ്ടെന്ന് വെക്കുമ്പോൾ, ‘എനിക്ക് എന്റെ ജീവിതമാണ് വലുത്, വേണമെങ്കിൽ പിരിച്ചുവിട്ടോളൂ’ എന്ന് ബോസിനോട് നേർക്കുനേർ വെല്ലുവിളിച്ച സിമ്രാൻ എന്ന യുവതിയാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം.
വിമാനം കയറാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ നിങ്ങളുടെ അവധി ബോസ് റദ്ദാക്കിയാൽ നിങ്ങൾ എന്ത് ചെയ്യും? മിക്കവാറും പേർ സങ്കടപ്പെട്ട് വീട്ടിലേക്ക് മടങ്ങും. എന്നാൽ സിമ്രാൻ എന്ന യുവതി ചെയ്തത് മറ്റൊന്നാണ്. 'നിങ്ങളുടെ പ്രോജക്റ്റും കമ്പനിയും എനിക്ക് വിഷയമല്ല, ഞാൻ പോകുന്നു' എന്ന് ക്യാമറയ്ക്ക് മുന്നിൽ തുറന്നുപറഞ്ഞ സിമ്രാന്‍റെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ജോലിസ്ഥലത്തെ ടോക്സിക് സംസ്കാരവും ജീവനക്കാരുടെ സ്വകാര്യ ജീവിതവും തമ്മിലുള്ള ഏറ്റുമുട്ടലായി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ മാറിയിരിക്കുന്നു.
ആഴ്ചകൾക്ക് മുമ്പ് തന്നെ വിയറ്റ്നാം യാത്രയെക്കുറിച്ച് സിമ്രാൻ തന്റെ മാനേജറെ അറിയിച്ചിരുന്നു. അന്ന് എതിർപ്പുകളൊന്നും പറയാതിരുന്ന മാനേജർ, സിമ്രാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മെസേജ് അയച്ചത്. 'ജോലിയിൽ ചില അടിയന്തര സാഹചര്യങ്ങൾ നിലവിലുണ്ട്, അതിനാൽ നിന്റെ അവധി റദ്ദാക്കിയിരിക്കുന്നു' എന്നായിരുന്നു ആ സന്ദേശം.
സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ ജീവനക്കാർ സമ്മർദ്ദത്തിലാകുമെങ്കിലും സിമ്രാൻ കുലുങ്ങിയില്ല. വിമാനത്താവളത്തിൽ വെച്ച് തന്നെ റെക്കോർഡ് ചെയ്ത വീഡിയോയിൽ അവർ തന്റെ നിലപാട് വ്യക്തമാക്കി. മാസങ്ങൾക്ക് മുമ്പ് തന്നെ പ്ലാൻ ചെയ്ത യാത്രയാണിതെന്നും, താൻ ജോലി ചെയ്യുന്നത് തന്നെ ഇതുപോലെ യാത്രകൾ ചെയ്യാനും ജീവിതം ആസ്വദിക്കാനുമാണെന്നും അവർ പറഞ്ഞു.
'ഞാൻ കേൾക്കുന്നത് വീട്ടുകാർ പറയുന്നത് മാത്രം'
വീഡിയോയിൽ സിമ്രാൻ തന്റെ മാനേജർക്കെതിരെ ആഞ്ഞടിച്ചു. 'ഞാൻ സമ്പാദിക്കുന്നത് യാത്ര ചെയ്യാനാണ്. എനിക്ക് എന്റെ സ്വാതന്ത്ര്യവും കുടുംബവുമാണ് വലുത്. ആദ്യമേ പറയട്ടെ, ഞാൻ എന്റെ വീട്ടുകാർ പറയുന്നത് മാത്രമേ കേൾക്കാറുള്ളൂ. ഇനി എന്ത് സംഭവിക്കും? പരമാവധി എന്നെ പിരിച്ചുവിടുമായിരിക്കും. എങ്കിൽ എനിക്ക് പുതിയ ജോലി കിട്ടും,' സിമ്രാൻ വീഡിയോയിൽ പറയുന്നു. പത്ത് ദിവസത്തേക്ക് തന്റെ ലാപ്‌ടോപ്പ് തുറക്കുക പോലുമില്ലെന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം മാത്രം ജോലിയെക്കുറിച്ച് ചിന്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 'പ്രോജക്റ്റും കമ്പനിയും എവിടെയെങ്കിലും പോകട്ടെ' എന്ന സിമ്രാന്റെ വാക്കുകൾ യുവാക്കൾക്കിടയിൽ തരംഗമായിക്കഴിഞ്ഞു.
രണ്ടായി പിരിഞ്ഞ് സോഷ്യൽ മീഡിയ
സിമ്രാന്റെ വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ രണ്ട് തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. ഒരു വിഭാഗം ആളുകൾ സിമ്രാനെ പിന്തുണച്ച് രംഗത്തെത്തി. അവധി എന്നത് ഒരു ജീവനക്കാരന്റെ അവകാശമാണെന്നും യാത്രയ്ക്കായി പണം ചിലവാക്കിയ ശേഷം അവസാന നിമിഷം അവധി റദ്ദാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ വാദിക്കുന്നു. 'ജോലിക്ക് വേണ്ടി ആത്മാവ് വിൽക്കുന്ന കാലം കഴിഞ്ഞു' എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
എന്നാൽ മറ്റൊരു വിഭാഗം ആളുകൾ ഇതിനെ പ്രൊഫഷണലിസം ഇല്ലാത്ത നടപടിയായിട്ടാണ് കാണുന്നത്. അവധി രേഖാമൂലം അപ്രൂവ് ചെയ്തിരുന്നോ എന്ന് ഇവർ ചോദിക്കുന്നു. കൂടാതെ മാനേജർക്കെതിരെ പരസ്യമായി ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തുന്നത് കരിയറിനെ ബാധിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. എന്തായാലും കോർപ്പറേറ്റ് ലോകത്തെ 'വർക്ക് ഫ്രം ഹോം' ചർച്ചകൾക്ക് ശേഷം ഇപ്പോൾ 'റീവോക്ക്ഡ് ലീവ്' ചർച്ചകളിലേക്ക് വഴിമാറിയിരിക്കുകയാണ് സിമ്രാന്റെ ഈ വൈറൽ വീഡിയോ.


