75 വര്‍ഷങ്ങള്‍, വിഭജനത്തിനിടെ പാക്കിസ്താനിലായ സ്ത്രീ ഇന്ത്യയിലെ സഹോദരങ്ങളെ കണ്ടുമുട്ടി!

Published : May 21, 2022, 03:51 PM IST
75 വര്‍ഷങ്ങള്‍, വിഭജനത്തിനിടെ പാക്കിസ്താനിലായ  സ്ത്രീ ഇന്ത്യയിലെ സഹോദരങ്ങളെ കണ്ടുമുട്ടി!

Synopsis

75 വര്‍ഷങ്ങള്‍ക്ക് ശേഷം ആങ്ങളമാര്‍ കുഞ്ഞുപെങ്ങളെ അവിടെ വച്ച് വീണ്ടും കണ്ടുമുട്ടി. വിഭജന വേളയില്‍ വേര്‍പെട്ട അവര്‍ക്ക് ഏഴ് പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു വീണ്ടും ഒരു നോക്ക് കാണാന്‍.  

1947- ല്‍ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍, രാജ്യം മാത്രമല്ല നിരവധി കുടുംബങ്ങള്‍ കൂടിയാണ് വേര്‍പിരിഞ്ഞത്. അതില്‍ വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമാണ് കുടുംബാംഗങ്ങളുമായും, കളികൂട്ടുകാരുമായും വീണ്ടും ഒന്നിക്കാന്‍ അവസരം ലഭിക്കുന്നത്. 

ഇന്ത്യയ്ക്കും പാക്കിസ്താനുമിടയിലുള്ള കര്‍താര്‍പൂര്‍ ഇടനാഴി അത്തരം സമാഗമങ്ങള്‍ക്ക് പലപ്പോഴും സാക്ഷിയാകാറുണ്ട്. വിഭജന സമയത്ത് വേര്‍പിരിഞ്ഞ സഹോദരിയെ കാണാന്‍ അടുത്തിടെ മൂന്ന് സഹോദരങ്ങള്‍ കര്‍താര്‍പൂറില്‍ എത്തിയിരുന്നു. 75 വര്‍ഷങ്ങള്‍ക്ക് ശേഷം ആങ്ങളമാര്‍ കുഞ്ഞുപെങ്ങളെ അവിടെ വച്ച് വീണ്ടും കണ്ടുമുട്ടി. വിഭജന വേളയില്‍ വേര്‍പെട്ട അവര്‍ക്ക് ഏഴ് പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു വീണ്ടും ഒരു നോക്ക് കാണാന്‍.  

1947-ലെ വിഭജന കാലത്തെ അക്രമത്തിനിടെ കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞതാണ് മുംതാസ് ബീബി. ഒരു സിഖ് കുടുംബത്തില്‍ ജനിച്ച അവളെ ദത്തെടുത്ത് വളര്‍ത്തിയത് ഒരു മുസ്‌ലിം ദമ്പതികളാണ്. വിഭജന സമയത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായ അക്രമങ്ങള്‍ നടന്നു. അതില്‍ ധാരാളം ആളുകള്‍ മരണപ്പെട്ടു. മുംതാസിന്റെ അമ്മയെയും ആള്‍കൂട്ടം കൊലപ്പെടുത്തി. അന്ന് മുംതാസ് കൈക്കുഞ്ഞായിരുന്നു. 

അമ്മയുടെ മൃതുദേഹത്തില്‍ ഇരുന്ന് വാവിട്ട് കരയുന്ന അവളെ പിന്നീട് ഒരു മുസ്‌ലിം ദമ്പതികള്‍ കാണുകയും, വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോവുകയുമായിരുന്നു. ആ ദമ്പതികള്‍ അവള്‍ക്ക്  മുംതാസ് എന്ന പേരിട്ടു. അങ്ങനെ മുഹമ്മദ് ഇഖ്ബാലിന്റെയും അല്ലാഹ് രാഖിയുടെയും മകളായി അവള്‍ ആ വീട്ടില്‍ വളര്‍ന്നു. 

വിഭജനത്തിനുശേഷം ദമ്പതികള്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വരിക്ക ടിയാന്‍ ഗ്രാമത്തിലേയ്ക്ക് താമസം മാറി. മുംതാസ് വലുതായതിന് ശേഷവും അവളെ ദത്തെടുത്ത കാര്യം വീട്ടുകാര്‍ രഹസ്യമാക്കി വച്ചു. ഒടുവില്‍ ഇഖ്ബാലിന്റെ ആരോഗ്യം മോശമാകാന്‍ തുടങ്ങിയപ്പോഴാണ് മകളോട് എല്ലാം തുറന്ന് പറയാന്‍ അവര്‍ തീരുമാനിച്ചത്. മരണക്കിടയില്‍ കിടന്ന് അദ്ദേഹം അവളെ എടുത്ത് വളര്‍ത്തിയതിനെ കുറിച്ചും, ഇന്ത്യയിലെ അവളുടെ സിഖ് കുടുംബത്തെക്കുറിച്ചും പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പായിരുന്നു അത്.  ഇഖ്ബാലിന്റെ മരണശേഷം മുംതാസും മകന്‍ ഷഹബാസും സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം കുടുംബത്തെ തിരയാന്‍ തുടങ്ങി. പഞ്ചാബിലെ പട്യാല ജില്ലയിലായിരുന്നു മുംതാസിന്റെ കുടുംബം ഉണ്ടായിരുന്നത്.  പിതാവിന്റെ പേരും താമസിക്കുന്ന സ്ഥലവും എല്ലാം അവള്‍ കണ്ടെത്തിയിരുന്നു. മുംതാസിന്റെ പിതാവ് സ്വന്തം ഗ്രാമം വിട്ട് സിദ്രാനയില്‍ സ്ഥിരതാമസമാക്കിയിരുന്നു. 

അങ്ങനെ സോഷ്യല്‍ മീഡിയ വഴി തന്റെ കുടുംബത്തെ കണ്ടെത്താന്‍ മുംതാസിന് കഴിഞ്ഞു. അവള്‍ തന്റെ കുടുംബവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്, അവളുടെ സഹോദരന്‍ ഗുര്‍മീത് സിംഗ്, നരേന്ദ്ര സിംഗ്, അമരീന്ദര്‍ സിംഗ് എന്നിവര്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം കര്‍താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലെത്തി. മുംതാസ് ബീബിയും കുടുംബത്തോടൊപ്പം അവിടെയെത്തി. നീണ്ട 75 വര്‍ഷത്തിന് ശേഷം നഷ്ടപ്പെട്ട തങ്ങളുടെ കുഞ്ഞുപെങ്ങളെ അവര്‍ അവിടെ വച്ച് വീണ്ടും കണ്ടു. സഹോദരങ്ങള്‍ക്ക് കണ്ണീരടക്കന്‍ സാധിച്ചില്ല. അവര്‍ സഹോദരിയെ ചേര്‍ത്ത് പിടിച്ച് കണ്ണീരൊഴുക്കി.  


 

PREV
click me!

Recommended Stories

ഭർത്താവിന് 520 സ്തീകളുമായി ബന്ധം, സ്വന്തം കഥ 'കോമിക്കാ'ക്കി ഭാര്യ; യുവതിയുടെ പ്രതികാരം വൈറൽ
ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ