വാലന്‍റൈൻസ് ദിനത്തിൽ, ലോകമെമ്പാടുമുള്ള മൃഗശാലകൾ ഹൃദയം തകർന്നവർക്കായി ഒരു വിചിത്ര അവസരം നൽകുന്നു. മുൻകാമുകരുടെ പേര് പാറ്റകൾക്ക് നൽകി അവയെ മൃഗങ്ങൾക്ക് ഭക്ഷണമായി കൊടുക്കുന്ന ഈ ക്യാമ്പയിനുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വാലന്‍റൈൻസ് ദിനത്തിൽ പ്രണയിനികൾ പൂക്കളും സമ്മാനങ്ങളും കൈമാറുമ്പോൾ, ഹൃദയം തകർന്നവർക്കും മുൻകാമുകരോട് പിണക്കം മാറാത്തർക്കും വ്യത്യസ്തമായ ഒരു അവസരമൊരുക്കുകയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മൃഗശാലകൾ. തങ്ങളെ ചതിച്ചവരുടെയോ വേർപിരിഞ്ഞവരുടെയോ പേര് ഒരു 'പാറ്റ'യ്ക്ക് നൽകി അവയെ മൃഗങ്ങൾക്ക് ഭക്ഷണമായി നൽകുന്ന വിചിത്രമായ ക്യാമ്പയിനുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വിചിത്രമായ പദ്ധതി
പോളണ്ടിലെ ലോഡ്‌സ് നഗരത്തിലുള്ള ഓറിയന്‍റേറിയം മൃഗശാല 2023 -ലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഈ വർഷവും തുടരുന്ന പദ്ധതി പ്രകാരം, ഏകദേശം 1,290 രൂപ നൽകുന്നവർക്ക് ഒരു 'മഡഗാസ്കർ ഹിസ്സിംഗ്' പാറ്റയെ ദത്തെടുത്ത് അതിന് തന്‍റെ എക്സിന്‍റെ പേര് നൽകാം. 3,870 രൂപ നൽകുന്നവർക്ക് പാറ്റയെ മൃഗങ്ങൾ ഭക്ഷിക്കുന്നതിന്‍റെ ചിത്രങ്ങൾ അയച്ചു നൽകും. എന്നാൽ, ഏറ്റവും ശ്രദ്ധേയം 'വിഐപി പാക്കേജ്' ആണ്. 7,740 രൂപ നൽകുന്നവർക്ക് മൃഗശാലാ അധികൃതരുടെ മേൽനോട്ടത്തിൽ സ്വന്തം കൈ കൊണ്ട് തന്നെ ആ പാറ്റയെ കീരികൾക്ക് ഭക്ഷണമായി നൽകാൻ കഴിയും.
മുമ്പേ പരീക്ഷിച്ച് വിജയിച്ചത്
അമേരിക്കയിലെ ന്യൂയോർക്കിലുള്ള ബ്രോങ്ക്സ് മൃഗശാലയിൽ കഴിഞ്ഞ 15 വർഷമായി 'നെയിം എ റോച്ച്' എന്ന പേരിൽ ഈ ക്യാമ്പയിൻ നടന്നു വരുന്നുണ്ട്. വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയുടെ കീഴിലുള്ള ഈ മൃഗശാലകളിൽ ഇതുവരെ 60,000-ത്തിലധികം പാറ്റകൾക്ക് ഇത്തരത്തിൽ പേരിടുകയും ഏകദേശം 10 ലക്ഷം ഡോളർ (8.3 കോടി രൂപ) മൃഗസംരക്ഷണത്തിനായി സമാഹരിക്കുകയും ചെയ്തു. ഇവിടെയും മഡഗാസ്കർ ഹിസ്സിംഗ് പാറ്റകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്.
പാറ്റയും എലികളും
സാൻ അന്‍റോണിയോ മൃഗശാലയിൽ 'ക്രൈ മീ എ കോക്രോച്ച്' (Cry Me a Cockroach) എന്ന പേരിൽ നടക്കുന്ന പദ്ധതിയിൽ പാറ്റകൾക്ക് പുറമെ എലികൾക്കും പച്ചക്കറികൾക്കും പേരിടാം. പാറ്റയ്ക്ക് 5 ഡോളറും എലിക്ക് 15 ഡോളറുമാണ് നിരക്ക്. ബർമിംഗ്ഹാം മൃഗശാല, 20 ഡോളർ നൽകുന്നവർക്ക് പാറ്റയ്ക്ക് പേരിടാനുള്ള അവസരം നൽകുന്നു. മൃഗശാലയുടെ കവാടത്തിലുള്ള പ്രത്യേക ബോർഡിൽ ഈ പേരുകൾ പ്രദർശിപ്പിക്കും.
സമ്മിശ്ര പ്രതികരണം
സമൂഹ മാധ്യമങ്ങളിൽ ഈ വാർത്തകൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. "എന്‍റെ എക്സിനെ കണ്ടാൽ ആ കീരി തന്നെ പേടിച്ചോടും" എന്നും "പാറ്റയെ ഒഴിവാക്കി എക്സിനെ നേരിട്ട് ഭക്ഷണമായി കൊടുത്തു കൂടെ" എന്നുമുള്ള കമന്‍റുകൾ ഫേസ്ബുക്കിൽ നിറയുകയാണ്. ഒരു നല്ല കാര്യത്തിനായി ഫണ്ട് ശേഖരിക്കുക എന്നതിനൊപ്പം, തകർന്ന ബന്ധങ്ങളുടെ ഓർമ്മകളെ ഒരു ചിരിയോടെ വിട്ടൊഴിയാൻ ആളുകളെ സഹായിക്കുക എന്നതുമാണ് മൃഗശാലകൾ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, മറവിയിലാണ്ട മുന്‍പ്രണയിനികളോട് വൈര്യം വളർത്താൻ ഇത്തരം പദ്ധതികൾ ശ്രമിക്കുമെന്നും ചിലർ കുറ്റപ്പെടുത്തി.


