വിവാഹത്തിന്‍റെ പേരില്‍ മനുഷ്യക്കടത്ത്; പാകിസ്ഥാനില്‍ നിന്നും ചൈനയിലേക്ക് കടത്തുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ ജീവിതം ലൈംഗിക അടിമകളുടേത്

By Web TeamFirst Published May 9, 2019, 3:08 PM IST
Highlights

''ഇത് മനുഷ്യക്കടത്ത് തന്നെയാണ്. പണത്തിത്തിനോടുള്ള അത്യാര്‍ത്തി തന്നെയാണ് ഇത്തരം വിവാഹങ്ങള്‍ക്ക് കാരണമാകുന്നത്. ഇങ്ങനെ വിവാഹം കഴിപ്പിച്ച കുറച്ച് പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെല്ലാം പാവങ്ങളായിരുന്നു..'' - പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ ന്യൂനപക്ഷ വിഭാഗം  മന്ത്രി ഇജാസ് അലം അഗസ്റ്റിന്‍ പറയുന്നു. 

പാകിസ്ഥാനിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് ചൈനയിലേക്ക് അയക്കുന്നത് വന്‍തോതില്‍ കൂടി വരുന്നു. വിവാഹത്തിന്‍റെ പേരില്‍ വലിയ തോതിലുള്ള മനുഷ്യക്കടത്താണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് അന്വേഷണത്തിലൂടെ പുറത്തുവരുന്നത്. മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്സ് വാച്ചാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനേത്തുടര്‍ന്ന് അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തില്‍ മനുഷ്യക്കടത്തിന്‍റേയും പീഡനങ്ങളുടേയും വലിയ വിവരങ്ങളാണ് പുറത്തെത്തുന്നത്. 

മുഖ് ദാസിന്‍റെ അനുഭവം..
ചൈനയിലേക്ക് വിവാഹം കഴിപ്പിച്ചയക്കുമ്പോള്‍ മുഖദാസ് അഷ്റഫിന് വെറും 16 വയസ്സായിരുന്നു പ്രായം. വധുവിനെ തിരഞ്ഞ് പാകിസ്ഥാനിലെത്തിയ ഒരാളായിരുന്നു അവളുടെ ഭര്‍ത്താവ്. നിരന്തരമായ പീഡനത്തിനൊടുവില്‍ ഒരുപാട് ബുദ്ധിമുട്ടുകളനുഭവിച്ചശേഷം അഞ്ച് മാസം കഴിഞ്ഞപ്പോള്‍ അവള്‍ തിരികെ സ്വന്തം വീട്ടിലേക്ക് തന്നെ വന്നു. അവളന്ന് ഗര്‍ഭിണിയായിരുന്നു. നിരന്തരമായി അവളെ പീഡിപ്പിക്കുമായിരുന്ന ഭര്‍ത്താവില്‍ നിന്നും അവള്‍ വിവാഹമോചനമാവശ്യപ്പെട്ടിരുന്നു. 

വധുവിനായുള്ള അന്വേഷണവുമായി ചൈനയില്‍ നിന്നും പാകിസ്ഥാനിലെത്തുന്നവരുടെ ഭാര്യയായിത്തീരുന്ന നൂറുകണക്കിന് ക്രിസ്ത്യന്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമായിരുന്നു മുഖ് ദാസ് എന്ന പതിനാറുകാരിയും.. അവള്‍ക്ക് രക്ഷപ്പെടാനായെങ്കിലും അതിനാകാത്ത നിരവധി പെണ്‍കുട്ടികള്‍ ചൈനയില്‍ ദുരിതജീവിതം തള്ളിനീക്കുന്നുണ്ട്.

ബ്രോക്കര്‍മാര്‍ മുഖേനയാണ് വിവാഹത്തിന്‍റെ മറവില്‍ ചൈനയിലേക്ക് പെണ്‍കുട്ടികളെ കടത്തുന്നത്. ഈ മനുഷ്യക്കടത്തിന് പള്ളിയുടെയും പുരോഹിതരുടേയും  പിന്തുണയും സഹായവുമുണ്ട് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കാകട്ടെ വലിയ തോതിലുള്ള സാമ്പത്തിക സഹായ വാഗ്ദാനങ്ങളും നല്‍കുന്നു. പെണ്‍കുട്ടികള്‍ക്ക് പകരമായി വലിയ തുക തരും എന്ന് പറഞ്ഞാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വിവാഹത്തിന് സമ്മതിപ്പിക്കുന്നത്. 

അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഈ പെണ്‍കുട്ടികളനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. പല പെണ്‍കുട്ടികളുടെയും സമ്മതമില്ലാതെ തന്നെയാണ് ഈ വിവാഹങ്ങള്‍ നടക്കുന്നത്. അതില്‍ ഭൂരിഭാഗം പെണ്‍കുട്ടികളും ഏതെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ച് കഴിയുകയായിരിക്കും. വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കും. 

''ഇത് മനുഷ്യക്കടത്ത് തന്നെയാണ്. പണത്തിനോടുള്ള അത്യാര്‍ത്തി തന്നെയാണ് ഇത്തരം വിവാഹങ്ങള്‍ക്ക് കാരണമാകുന്നത്. ഇങ്ങനെ വിവാഹം കഴിപ്പിച്ച കുറച്ച് പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെല്ലാം പാവങ്ങളായിരുന്നു..'' - പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ ന്യൂനപക്ഷ വിഭാഗം  മന്ത്രി ഇജാസ് അലം അഗസ്റ്റിന്‍ പറയുന്നു. 

പാകിസ്ഥാനില്‍ നിന്ന് ചൈനയിലേക്കും തിരികെ പാകിസ്ഥാനിലേക്കുമുള്ള വിസയും മറ്റ് ഡോക്യുമെന്‍റുകളും കണ്ണടച്ച് നല്‍കി വരുന്ന പാകിസ്ഥാനിലെ ചൈനീസ് എംബസിയേയും ഇജാസ് അലി അഗസ്റ്റിന്‍ വിമര്‍ശിക്കുന്നു. 

ഏപ്രില്‍ 26 ന് ഹ്യുമന്‍സ് റൈറ്റ് വാച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ പാകിസ്ഥാനില്‍ നിന്ന് പല പെണ്‍കുട്ടികളേയും ചൈനയിലേക്ക് കടത്തുന്നുവെന്നും അവരവിടെ ലൈംഗികാടിമകളുടെ ജീവിതം നയിക്കേണ്ടി വരുന്നു എന്നതും വ്യക്തമാക്കിയിരുന്നു. ചൈനയിലെയും പാകിസ്ഥാനിലെയും പെണ്‍കുട്ടികള്‍ക്ക് ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നുവെന്നും ഹ്യുമന്‍ റൈറ്റ്സ് വാച്ച് വ്യക്തമാക്കിയിരുന്നു. 

അസോസിയേറ്റഡ് പ്രസ്സ് പാകിസ്ഥാനിലെ ഈ പെണ്‍കുട്ടികളില്‍ പലരോടും സംസാരിച്ചിരുന്നു. എല്ലാവരും ഒരേപോലെയുള്ള ദുരവസ്ഥകളിലൂടെ കടന്നുപോയവരായിരുന്നു. ''ഇത് ചതിയും ക്രൂരതയുമാണ്. അവര്‍ തരുന്ന വാക്കുകളൊന്നും പാലിക്കപ്പെടില്ല'' - മുഖ് ദാസ് തന്‍റെ അനുഭവത്തെ കുറിച്ച് പറയുന്നു.

''വിവാഹച്ചെലവടക്കം മൂന്നരലക്ഷത്തോളം രൂപ നല്‍കാമെന്ന് പറഞ്ഞാണ് മുഖ് ദാസിനെ ചൈനയിലേക്ക് വിവാഹം കഴിച്ചയക്കുന്നത്. അതിലൂടെ മകള്‍ക്കും ഒപ്പം തങ്ങള്‍ക്കും ജീവിതം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഇതുവരെയായും ഒരുവാക്കും പാലിക്കപ്പെട്ടിട്ടില്ല..'' എന്ന് മുഖ് ദാസിന്‍റെ മാതാവ് നസ്രീന്‍ പറയുന്നു. 

നിരവധി പുരോഹിതന്മാരും ഇത്തരം വിവാഹത്തിനായി ബ്രോക്കര്‍മാരില്‍ നിന്നും പണം പറ്റുന്നുണ്ട്. പാകിസ്ഥാനി, ചൈനീസ് ബ്രോക്കര്‍മാര്‍ ഒരുമിച്ച് ചേര്‍ന്നാണ് പലപ്പോഴും ഇത്തരം വിവാഹങ്ങള്‍ നടത്തുന്നത്. 

ചൈനയിലെ ജീവിതം
ഒരുപാട് ധനികനായ ഒരാളാണ് എന്ന് കള്ളം പറഞ്ഞാണ് മുഖ് ദാസിനെ ഭര്‍ത്താവ് വിവാഹം ചെയ്ത് ചൈനയിലേക്ക് കൊണ്ടുചെല്ലുന്നത്. എന്നാല്‍, അയാള്‍ക്ക് ആകെയുണ്ടായിരുന്നത് ഒറ്റമുറിയും ഒരു കിടപ്പുമുറിയും മാത്രമുള്ള ഒരു വീടായിരുന്നു. മുഖ് ദാസിനെ ഭര്‍ത്താവ് ഒരുതരത്തിലും വീടിന് വെളിയിലിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ക്രിസ്മസ് രാത്രിയില്‍ പള്ളിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതിന് അയാള്‍ അവളെ ഉപദ്രവിക്കുകയും അവളുടെ ഫോണ്‍ തകര്‍ത്തു കളയുകയും ചെയ്തു. 

''ഇങ്ങോട്ട് വരുന്നതിന് തൊട്ടുമുമ്പുള്ള മാസം ഞാനനുഭവിച്ചതിനെക്കുറിച്ച് എനിക്ക് വിവരിക്കാന്‍ പോലുമാകില്ല'' എന്നാണ് മുഖ് ദാസ് പറയുന്നത്. അവസാനം അവളുടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കും എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അവളെ വീട്ടില്‍ പോവാന്‍ അനുവദിച്ചത്. 

മാഹേക് എന്ന പെണ്‍കുട്ടി പറയുന്നത്. അവളുടെ ചൈനീസ് ഭര്‍ത്താവ് ലി ടാവോ -യുടെ കൂടെയുള്ള അവളുടെ ജീവിതം അങ്ങേയറ്റം നിസ്സഹായമായിരുന്നുവെന്നാണ്. ഉപദ്രവങ്ങളുടെ പരമ്പരകളിലൂടെയാണ് താന്‍ കടന്നുപോയത് എന്നുമവള്‍ പറയുന്നു.

മാഹേകിനേയും മുഖ് ദാസിനേയും പോലുള്ള നിരവധി പെണ്‍കുട്ടികളാണ് പാകിസ്ഥാനില്‍ വില്‍ക്കപ്പെടുകയും ചൈനീസ് പുരുഷന്മാരാല്‍ വാങ്ങപ്പെടുകയും ചെയ്യുന്നത്. പലരും ഇന്നും പുറംലോകമറിയാതെ ദുരിതത്തില്‍ കഴിയുകയാണ്. ഈ വലിയ തോതിലുള്ള മനുഷ്യക്കടത്തിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാകുന്നത് ചില ആക്ടിവിസ്റ്റുകള്‍ മാത്രമാണ്. 

ഒറ്റക്കുട്ടി നയവും മനുഷ്യക്കടത്തും
ചൈനയിലെ ഒറ്റക്കുട്ടിനയം അവിടുത്തെ സ്ത്രീ-പുരുഷാനുപാതം താറുമാറാക്കിയത് ഇത്തരം വിവാഹം വലിയ തോതില്‍ കൂടാന്‍ കാരണമായിത്തീര്‍ന്നുവെന്നാണ് വിലയിരുത്തല്‍. നോര്‍ത്ത് കൊറിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇതുപോലെ പെണ്‍കുട്ടികളെ ചൈനയിലേക്ക് വിവാഹം കഴിച്ചു കൊണ്ടുവരുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, പാകിസ്ഥാനില്‍ നിന്നും പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുന്ന വിവരം ഇപ്പോഴാണ് ശ്രദ്ധയിലെത്തുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ആയിരത്തിലേറെ പെണ്‍കുട്ടികളെയാണ് പാകിസ്ഥാനില്‍ നിന്നും ചൈനയിലേക്ക് വിവാഹം കഴിച്ചയച്ചത്. 

വിവാഹത്തിന്‍റെ പേരില്‍ നടക്കുന്ന ഈ മനുഷ്യക്കടത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇരുരാജ്യങ്ങള്‍ക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് മനുഷ്യാവകാശ സംഘടനകളും പറയുന്നു. പല പെണ്‍കുട്ടികളും വിവാഹത്തോടെ എത്തപ്പെടുന്നത് വെറും ലൈംഗികാടിമകളുടെ ജീവിതത്തിലേക്കാണ് എന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നുണ്ട്. 

click me!